ലണ്ടനില്‍ പോയി വന്നതിനു ശേഷം പിന്നെ യാത്രകളുടെ പ്രളയം തന്നെ ആയിരുന്നു. യൂനിവേഴ്സിററിയില്‍ നിന്ന് എല്ലാ മാസവും ഒരു ഫ്രീ ട്രിപ്പ് ഉണ്ട്. എത്ര മഹാന്‍റെ ക്ലാസ്സ് ഉണ്ടെങ്കിലും ആ യാത്രകള്‍ ഒന്നും ഞാന്‍ മുടക്കാറില്ല. ബി എം ഡബ്ലു വിന്‍റെ കാര്‍ പ്ലാന്റ്, സായിപ്പന്മാര്‍ മാത്രമുള്ള യോര്‍ക്ക് ഷയര്‍, ചാര്‍ല്സ് ഡാര്‍വിന്റെ ജന്മസ്ഥലമായ ഷ്റൂസ്ബെറി തുടങ്ങിയ ഭംഗിയുള്ള സ്ഥലങ്ങള്‍ രണ്ടു മാസത്തിനുള്ളില്‍ ഞാന്‍ കണ്ടു തീര്‍ത്തു. അടുത്ത ട്രിപ്പ് ലിവര്‍പൂളിലേക്കാണ്. അതിന്‍റെ ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്തേക്കാം എന്ന ആവേശത്തില്‍ ചെന്ന എന്നെ കാത്തിരുന്നത് ഒരു ദുരന്ത വാര്‍ത്തയാണ്. ലിവര്‍പൂള്‍ യാത്രയുടെ അതെ ദിവസം തന്നെ കൊണ്ട് വച്ചിരിക്കുന്നു ഒരു ഒടുക്കത്തെ പരീക്ഷ. ട്രിപ്പിന്റെ തിയതി പണ്ടേ നിശ്ചയിച്ചതാണ് അത് മാറ്റാന്‍ പറ്റില്ല. പിന്നെ അടുത്ത മാര്‍ഗം പരീക്ഷ മാറ്റി വയ്ക്കലാണ്. ഇതു എം ജീ യൂനിവേഴ്സിററി അല്ലാത്തതിനാല്‍ അതും നടപ്പില്ല. ടൂര്‍ ഉള്ള ദിവസം പരീക്ഷ വച്ചത് ഏത് കോപ്പിലെ ഏര്‍പ്പാടാണ് എന്ന് പറഞ്ഞു കൊടിപിടിക്കാന്‍ ഒരു S.F.I കാരനെയോ K.S.U കാരനെയോ ഞാന്‍ ഇവിടെ കണ്ടതുമില്ല. എന്നാല്‍ പിന്നെ ലിവര്‍പൂള്‍ മോഹം വേണ്ടെന്നു വച്ചേക്കാം എന്ന് ഞാനും കരുതി. പരീക്ഷ കഴിഞ്ഞാല്‍ പിന്നെ ഒരാഴ്ച അവധി ആണ്. എന്നാല്‍ പിന്നെ രാജ്യം ഒന്ന് വിട്ടു പിടിച്ചാലോ എന്നായി അടുത്ത ചിന്ത. അങ്ങനെയാണ് ഒരാഴ്ചത്തെ സ്കോട്ട്ലാണ്ട് യാത്രയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാര്‍ ആക്കുന്നത്. സ്കോട്ട്ലാണ്ടില്‍ ചെന്നാല്‍ താമസത്തിനും ഭക്ഷണത്തിനും മുട്ടില്ല. കാരണം നമ്മുടെ സ്വന്തം ആളായ സുരേഷേട്ടനും കുടുംബവും അവിടെയുണ്ട്. സുരേഷേട്ടന്റെ സൗകര്യം നോക്കി ഞാന്‍ എഡിന്‍ബ്റോയ്ക്ക് ഒരു ടിക്കറ്റ് ബുക്ക് ചെയ്തു.
സര്‍ റിച്ചാര്‍ഡ് ബ്രാന്‍സന്റെ വിര്‍ജിന്‍ പെണ്ടലീനോ എന്ന സൂപ്പര്‍ ഫാസ്റ്റ് ട്രെയിനില്‍ ആണ് യാത്ര. വെറും നാലു മണികൂര്‍ മതി 300 മൈല്‍ അകലെയുള്ള എഡിന്‍ബറോയില്‍ എത്താന്‍. എന്‍റെ സഹയാത്രിക ഒരു ഇന്ത്യന്‍ വംശജയാണ്. അവരുടെ ഇംഗ്ലീഷിനു പക്ഷേ ഇന്ത്യന്‍ ചുവ ലെവലേശം ഇല്ല. ഏതാണ്ട് അമ്പതു വര്‍ഷം മുന്‍പ് പഞ്ചാബില്‍ നിന്ന് യു കെ യിലേക്ക് കുടിയേറിയതാണ് അവരുടെ കുടുംബം. വെസ്റ്റ് ബ്രോംവിച്ച് എന്ന സ്ഥലത്തുള്ള അവരുടെ മകനെ കണ്ടിടുള്ള മടക്ക യാത്രയാണ്. വെസ്റ്റ് ബ്രോംവിച്ച് എവിടെ എന്ന് ചോദിക്കരുത്. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിലെ സ്ഥാനക്രമത്തില്‍ മിക്കവാറും അവസാന സ്ഥാനകാരായി തുടരുന്ന ഒരു ക്ലബ് ഉണ്ട് ആ നാട്ടുകാരുടെ അഭിമാനമായിട്ട് എന്ന് മാത്രമേ എനിക്ക് ആ സ്ഥലത്തെ പറ്റി അറിയൂ. സ്കോട്ട്ലാണ്ടില്‍ എന്തിനാ പോകുന്നെ എന്ന അവരുടെ ചോദ്യത്തിന് അവധി ആഘോഷിക്കാന്‍ എന്ന സത്യത്തിനു പകരം ചുമ്മാ ഒരു വെയിറ്റിനു എന്‍റെ ഗേള്‍ ഫ്രെണ്ടിനെ കാണാന്‍ പോകുവാ എന്ന് തട്ടി വിട്ടു. പണ്ട് അവരുടെ കാമുകന്‍റെ കൂടെ പഞ്ചാബില്‍ നിന്ന് ഒളിച്ചോടിയ വീരകഥകള്‍ പറഞ്ഞു എന്നോട് കത്തി വച്ചപ്പോള്‍ ഇല്ലാത്ത ഗേള്‍ ഫ്രെണ്ടിനെ പറ്റി ഞാനും കുറെ വിളമ്പി. ട്രെയിന്‍ ഇംഗ്ലണ്ടിന്റെ ബോര്‍ഡര്‍ വിട്ടു സ്കോട്ട്ലാണ്ടിലേക്ക് കടന്നു. അറ്റ്ലാന്റിക് സമുദ്രത്തിന്റെ തീരത്ത് കൂടെ ഒരു പത്തു മിനിറ്റ് പോയതിനു ശേഷം ട്രെയിന്‍ ഒരു മലയിടുക്കിലേക്ക് പ്രവേശിച്ചു. ഏതാണ്ട് രണ്ടര മൈല്‍ നീളമുള്ള തുരങ്കം.രണ്ടു മിനുട്ടിന് ശേഷം വെളിച്ചം വന്നപ്പോള്‍ എങ്ങും മായകാഴ്ചകള്‍. ഒരു സൈഡില്‍ സഹ്യപര്‍വതം പോലെ മനോഹരമായ ഒരു പര്‍വത നിര. മറു വശത്ത് അരുവികളും കന്നുകാലികളും നിറഞ്ഞ മനോഹരമായ താഴ്വാരം. ബോളിവുഡ് ചിത്രങ്ങളിലെ ഗാനരംഗങ്ങള്‍ ഇവിടെയാണ് സ്ഥിരം ചിത്രീകരിക്കുന്നതു എന്ന് തോന്നി പോകും ആ കാഴ്ചകള്‍ കാണാന്‍.
കൃത്യം നാല് മണികൂറിനു ശേഷം ട്രെയിന്‍ എഡിന്‍ബറോ വെവേര്‍ലി (കൊച്ചു വേളി അല്ല) എന്ന സ്റ്റേഷനില്‍ എത്തി. സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങിയത് നേരെ പ്രിന്‍സെസ്സ് സ്ട്രീറ്റിലേക്ക്. അതാണ് ഇവരുടെ എം ജീ റോഡ് അഥവാ എഡിന്‍ബറോയിലെ പ്രധാന വീഥി. അവിടെ നിന്ന് പത്തു മിനുട്ട് ബസില്‍ പോയാല്‍ മതി സുരേഷേട്ടന്റെ വീട്ടിലെത്താന്‍. യു കെയില്‍ വന്നതിനു ശേഷം ആദ്യമായാണ് ഇന്ത്യക്കാര്‍ പ്രത്യേകിച്ചു മലയാളികള്‍ തീരെ ഇല്ലാത്ത ഒരു സ്ഥലം ഞാന്‍ കാണുന്നത്. പക്ഷേ ബസ്സില്‍ കയറിയപ്പോള്‍ എന്‍റെ ആ പ്രതീക്ഷയും പോയി. " ഇച്ചിരെ അങ്ങോട്ട് ഒതുങ്ങി ഇരുന്നേ" എന്ന് തനി കോട്ടയം ഭാഷയില്‍ രണ്ട് അച്ചായന്മാര്‍ എന്‍റെ നേരെ പുറകില്‍ നിന്ന് ഒരു സീറ്റ് വേണ്ടി മുറവിളി കൂട്ടുന്നു. പക്ഷേ അവരെ കൂടുതല്‍ മൈന്‍ഡ് ചെയ്യാന്‍ എന്‍റെ തൊട്ടടുത്തിരുന്ന സ്കോട്ടിഷ് ചേച്ചി അനുവദിച്ചില്ല. "വെല്‍ക്കം ടു എഡിന്‍ബറോ നൈസ് ടോ മീറ്റ് യു" എന്ന് ആ സുന്ദരി എന്നോട് മന്ത്രിക്കുനത് പോലെ തോന്നി. പത്തു മിനിറ്റ് അവളെ വായിനോക്കി ഇരുന്നപ്പോഴാണ് സുരേഷേട്ടന് പറഞ്ഞ ബസ് സ്റ്റോപ്പിന്റെ അടയാളം കഴിഞ്ഞു പോയത് ഞാന്‍ ശ്രദ്ധിച്ചത് . " അയ്യോ ആളിറങ്ങാന്‍ ഉണ്ടേ" എന്ന് വിളിച്ചു കൂവിയിട്ടും വണ്ടി സൈടക്കാന്‍ ഡ്രൈവര്‍ ചേട്ടന്‍ കൂട്ടാക്കിയില്ല. പിന്നെ അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി തിരിച്ചു നടക്കുകയെ നിവര്‍ത്തി ഉള്ളായിരുന്നു.
സുരേഷേട്ടന്റെ വീട്ടിലെത്തിയ എന്നെ വരവേല്‍ക്കാന്‍ വിഭവ സമൃദ്ധമായ ഒരു സദ്യ തന്നെ കാത്തിരിപ്പുണ്ടായിരുന്നു. നാട് വിട്ടതിനു ശേഷം ഇത്രയും രുചിയുള്ള ഭക്ഷണം കഴികുന്നത് അന്നാണ്. ഉച്ചയൂണിനും ചെറിയൊരു മയക്കത്തിനും ശേഷം ഞങ്ങള്‍ ഒരു ഈവനിംഗ് വാക്കിനിറങ്ങി. ധാരാളം അരയന്നങളും അതിനു ചുറ്റും ഓടികളിക്കുന്ന ഒരുപാട് കുട്ടികളും ഉള്ള ഒരു തടാകത്തിന്റെ തീരത്തെക്കാണ് ഞങ്ങള്‍ പോയത്. തടാകത്തിന്റെ മറുകരയില്‍ ഒരു കുന്നിന്‍ ചെരുവാണ്. എന്‍റെ ക്യാമറക്ക് ജോലി ഉണ്ടാക്കാന്‍ ആ കാഴ്ചകള്‍ തന്നെ ധാരാളമായിരുന്നു. പിറ്റേ ദിവസം സുരേഷേട്ടന് ജോലിക്ക് പോണം. ഇവിടെ കറങ്ങാന്‍ ഏറ്റവും നല്ല പരിപാടി ഡേ സേവര്‍ എന്ന ടിക്കറ്റ് എടുത്തു ബസ്സില്‍ കറങ്ങുന്നതാണ്. ആ ഒരൊറ്റ ടിക്കറ്റ് ഉപയോഗിച്ച് എഡിന്‍ബറോ നഗരത്തിലെ ലോത്യന്‍ എന്ന ബസ്സില്‍ (അവരുടെ കെ എസ് ആര്‍ ടി സി ) എത്ര തവണ വേണമെങ്കിലും കയറാം. ഈ ഏര്‍പ്പാട് യു കെ മൊത്തം ഉള്ളതാണ്. നമ്മുടെ നാട്ടിലെ പോലെ ബസ്സില്‍ കണ്ടക്ടറും കിളിയും ഒന്നും ഇവിടെ ഇല്ല. എല്ലാം ഡ്രൈവര്‍ തന്നെ ആണ് കൈകാര്യം ചെയുന്നത്. അങ്ങേരുടെ അടുത്തുള്ള വാതിലില്‍ കൂടെ അകത്തു കയറി പുള്ളികാരന്റെ അടുത്തുള്ള ഒരു പെട്ടിയില്‍ ജോര്‍ജ് കുട്ടിയുടെ മൂന്ന് നാണയങ്ങള്‍ ഇട്ട് ഒരു ഡേ സേവര്‍ ടിക്കറ്റും എടുത്തു ഞാന്‍ എഡിന്‍ബറോ നഗരം ചുറ്റാന്‍ തുടങ്ങി.
ബസ് പ്രിന്‍സെസ്സ് സ്ട്രീറ്റില്‍ എത്തിയപ്പോഴാണ് എനിക്ക് ഒന്നിന് പോകാനുള്ള വിളി വന്നത്. ഉടനെ അവിടെ ചാടിയിറങ്ങി അടുത്ത് കണ്ട സെന്‍റ് ജെയിംസ് ഷോപ്പിംഗ് സെന്ടറിലേയ്ക്കു ഓടി കയറി ഒരു ടോയിലെറ്റ് അന്വേഷിച്ചു നെട്ടോട്ടം ഓട്ടമായി. എഡിന്‍ബറോയിലെ ഏറ്റവും വല്യ ഷോപ്പിംഗ് മാളില്‍ ഒരു ടോയിലെറ്റ് കണ്ടു പിടിക്കാന്‍ അധികം കറങ്ങണ്ടി വന്നില്ല. അതിനകത്ത് കയറിയപ്പോഴാണ് ഒരു സര്‍ട്ടിഫിക്കറ്റ് ശ്രദ്ധിച്ചത്. "വിന്നര്‍ ബെസ്റ്റ് ടോയിലെറ്റ് അവാര്‍ഡ് ഇന്‍ സ്കോട്ട്ലാണ്ട്". കൊച്ചിയിലെ ലെ മെറിഡിയന് ഹോട്ടല്‍ മുറികള്‍ പോലുള്ള നല്ല ഇടിവെട്ട് കക്കൂസ്. അവാര്‍ഡ് ജേതാവിന്റെ ഉള്‍വശം വൃത്തികേടാക്കിയ നിര്‍വൃതിയോടെ ഞാന്‍ അടുത്ത സ്ഥലത്തേക്ക് നീങ്ങി.ആദ്യം പോയത് നാഷണല്‍ ഗാലറി ഓഫ് സ്കോട്ട്ലാണ്ട് കാണാന്‍ ആണ്. അകത്തു ക്യാമറയുമായി പ്രവേശനം എല്ലാ എന്ന് പുറത്തു വെണ്ടയ്ക്ക അക്ഷരത്തില്‍ എഴുതി വച്ചിരികുനത് കണ്ട ഉടനെ ഞാന്‍ ദിശ മാറി നടക്കാന്‍ തുടങ്ങി. നടന്നു നടന്നു നല്ല ഭംഗിയുള്ള ഒരു കുന്നിന്‍ ചെരുവിലെത്തി. കുന്നിന്‍റെ മുകളില്‍ കയറും തോറും എഡിന്‍ബറോ നഗരത്തിന്റെ സൗന്ദര്യം കൂടി കൂടി വരുന്നത് പോലെ എനിക്ക് തോന്നി.
അവസാനം ഞാന്‍ ഒരു വലിയ മതിലിന്‍റെ അടുത്തെത്തി. മതിലിന്‍റെ അറ്റത്തുള്ള ഒരു ചെറിയ ഗേറ്റിലൂടെ അകത്തു കയറിയപ്പോഴാണ് അറിയുനത് ഞാന്‍ എത്തിയത് സാക്ഷാല്‍ എഡിന്‍ബറോ കാസിലിന്റെ പുറകില്‍ ആണെന്ന്. പിന്നെ നേരെ വച്ച് പിടിച്ചു കാസിലിന്റെ മുന്‍ ഭാഗത്തേക്ക്. എന്‍ട്രി ഫ്രീ അല്ലാത്തത് കൊണ്ട് അവിടെയും കയറാന്‍ മിനകെട്ടില്ല. അകത്തെക്കാള്‍ സുന്ദരമായ കാഴ്ച പുറത്താണ് എന്ന് എനിക്ക് ഉറപ്പയിരുന്നു. കാസിലിന്റെ ഓരോ മൂലയ്ക്ക് പോയി പല ഫ്രെമുകള്‍ ലെന്‍സില്‍ പകര്‍ത്തി ഞാന്‍ പതിയെ മല ഇറങ്ങാന്‍ തുടങ്ങി. 
കാസിലിന്റെ മുന്നിലൂടെയുള്ള തെരുവിലൂടെ അല്പം നടന്നപോഴാണ് ഒരു കെട്ടിടം കണ്ടത്. സ്കോച്ച് വിസ്ക്കിഎക്സ്പീരിയന്‍സ് എന്ന പേര് കണ്ടപ്പോഴേ സംഗതി മണത്തു. സ്കോച്ച് ഉണ്ടാക്കുനത് എങ്ങനെ എന്ന് അവിടെ നിന്ന് പഠിക്കാം പോലും. മദ്യം 'ഹരം' ആയതു കൊണ്ട് അവിടെ അധികം ചുറ്റി കളിച്ചില്ല. വിശപ്പിന്റെ വിളി കൂടി വന്നു. കയ്യില്‍ കുറെ ആപ്പിളും ജ്യൂസും പിന്നെ ഒരു പാക്കറ്റ് ക്രിസ്പ്പും. അതുമായി മുന്നില്‍ കിടന്ന ഒരു ഡബിള്‍ ഡെക്കര്‍ ലോത്തിയന്റെ മുകളില്‍ കയറി. ബസ് എങ്ങോട്ടാണ് പോകുനത് എന്ന് പോലും നോക്കിയില്ല. എന്‍റെ ഉദ്ദേശ്ശം അല്‍പ നേരം വിശ്രമിക്കാനും ഒന്ന് ഇരുന്നു ഭക്ഷണം കഴിക്കലും മാത്രമാണ്. ബസ്സില്‍ ഇരുന്നു ഒരു മയക്കത്തിനു ശേഷം ഉണര്‍ന്ന ഞാന്‍ എഡിന്‍ബറോ എയര്‍ പോര്‍ട്ടിന്റെ മുന്നിലാണ്. ബസ് റോയല്‍ ബാങ്ക് ഓഫ് സ്കോട്ട്ലാണ്ട് ആസ്ഥാനം വഴി നേരെ ഞാന്‍ കയറിയ അതെ സ്ഥലത്ത് തിരിച്ചെത്തി. അല്പം നടന്നു പ്രിന്‍സെസ്സ് സ്ട്രീറ്റിലെ നമ്മുടെ അവാര്‍ഡ് വിന്നിംഗ് ടോയിലെറ്റ് ഒന്ന് കൂടെ സന്ദര്‍ശിച്ച ശേഷം ബാല്മോരല്‍ എന്ന സ്റ്റാര്‍ ഹോട്ടല്‍ ലക്ഷ്യമാക്കി ഞാന്‍ നടന്നു. ജെ കെ റൌളിംഗ് ഈ ഹോട്ടലില്‍ വച്ചാണത്രേ ഹാരി പോട്ടര്‍ സീരീസിലെ അവസാന ബുക്ക് എഴുതിയത്. സമയം സന്ധ്യ ആയി. അടുത്ത ബസ് പിടിച്ചു ഞാന്‍ തിരിച്ചു വീട്ടിലേക്ക്. അവിടെ എന്നെ കത്ത് നല്ല ഒന്നാന്തരം ചിക്കന്‍ ബിരിയാണി റെഡി ആയി ഇരിപ്പുണ്ടായിരുന്നു.

അടുത്ത ദിവസവും ക്യാമറയും ട്രൈപോടും ഡേ സേവര്‍ ടിക്കറ്റും എടുത്ത് ഞാന്‍ വീണ്ടും ഊര് ചുറ്റാന്‍ ഇറങ്ങി. ആദ്യം കിട്ടിയത് ഓഷ്യന്‍ ടെര്‍മിനല്‍ എന്ന സ്ഥലത്തേക്കുള്ള ബസ്സാണ്. ഫോര്‍ട്ട് കൊച്ചി പോലെ എഡിന്ബറോയുടെ കപ്പല്‍ തീരമാണ് ഓഷ്യന്‍ ടെര്‍മിനല്‍. അവിടെയുള്ള ഒരു വല്യ ഷോപ്പിംഗ് മാളിന്റെ മുകളില്‍ ഞാന്‍ വലിഞ്ഞു കയറി. ഒരു വശത്ത് കുട്ടികളുടെ പാര്‍ക്ക്. മറു വശത്ത് സഞ്ചാരികള്‍ക്ക് വേണ്ടി മാത്രം നങ്കൂരമിട്ടു കിടക്കുന്ന റോയല്‍ ബ്രിട്ടാനിയ യാട്ട് എന്ന പടുകൂറ്റന്‍ കപ്പല്‍. ആയ കാലത്ത് സ്കോട്ടിഷ് നേവിയുടെ അഭിമാനമായിരുന്നു ആ കപ്പല്‍. ഇപ്പോള്‍ അതൊരു മ്യൂസിയം ആണ്. ഷോപ്പിംഗ് മാളിന്റെ മുകളില്‍ നിന്ന് കപ്പലിനകത്ത് പ്രവേശിക്കാം.

അവിടെ നിന്ന് നേരെ പോയത് സ്കോട്ടിഷ് പാര്‍ലമെന്റ് മന്ദിരം കാണാനാണ്. പുരാതന നഗരം എന്ന പേര് കേട്ട എഡിന്‍ബറോയില്‍ എനിക്ക് ഒട്ടും പിടികാതെ വന്നതും പുതിയ സ്റ്റൈലില്‍ പണിത അവരുടെ ആസ്ഥാന മന്ദിരമാണ്. ടെക്നോപാര്‍ക്കിലെ തേജസ്വിനി പോലെ ഒരു വൃത്തികെട്ട കെട്ടിടം. പക്ഷേ എന്നെ ആശ്ചര്യ പെടുത്തിയത് സാധാരണ ജനങ്ങള്‍ക്കും സഭ കൂടുമ്പോള്‍ പോലും അതിനകത്ത് കയറാം എന്ന വസ്തുത ആണ്.
പാര്‍ലിമെന്റിനു നേരെ മുന്നിലാണ് ഹോളിരൂദ് എന്ന പാലസ്. എലിസബത്ത് രാജ്ഞി സ്കോട്ട്ലാണ്ട് സന്ദര്‍ശിക്കുമ്പോള്‍ ഇവിടെയാണ് തങ്ങുന്നത്. പാലസ് കണ്ടതിനു ശേഷം ഞാന്‍ അന്നത്തെ കറക്കം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. കലാശ കൊട്ട് പതിവ് പോലെ അവാര്‍ഡ് വിന്നിംഗ് കേന്ദ്രത്തില്‍ തന്നെ നടത്തി. 
രണ്ടു ദിവസത്തെ കറക്കത്തിനു ശേഷം ഒരു ദിവസം വിശ്രമം ആകാം എന്ന് കരുതി. അന്ന് ഈസ്റ്റര്‍ ആണ്. സ്പെഷ്യല്‍ സിനിമ വലതും കാണും എന്ന് കരുതി ടി വി ഓണക്കിയപ്പോള്‍ ഏഷ്യാനെറ്റില്‍ മമ്മൂട്ടി ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്ന രംഗം. പിന്നെ അതിനു മുന്നിലിരിക്കാന്‍ മിനകെട്ടില്ല. ക്യാമറ എടുത്തു ഒരൊറ്റ നടത്തം. ചെന്നെത്തിയത് ഒരു കടല്‍ തീരത്ത്. മുന്നിലൂടെ ഒരു പായകപ്പല്‍ കടന്നു പോകുന്നു. എത്ര സുന്ദരമാണ് ഈ രാജ്യം. എവിടെ നോക്കിയാലും മനോഹരമായ കാഴ്ചകള്‍ മാത്രം. കേരളം കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും ഭംഗിയുള്ള സ്ഥലം ഇതാണോ?
ഇനി മടക്ക യാത്രയാണ്. ഒറ്റയ്ക്കായിരുന്നു എന്നൊരു കുഴപ്പമേ സ്കോട്ട്ലാണ്ട് ട്രിപ്പിനു ഉണ്ടായിരുന്നുള്ളു . പിറ്റേ ദിവസം വിഷു ആണ്. ഈ മനോഹരമായ യാത്രയേക്കാള്‍ വലിയ വിഷു കൈനീട്ടം വേറെ എന്ത് കിട്ടാന്‍. ട്രെയിനില്‍ സീറ്റില്‍ കയറി ഇരുന്ന ഞാന്‍ വെറുതെ ഒന്ന് തിരിഞ്ഞു നോക്കി. ഒരിക്കലും കണ്ടിട്ടില്ലാത്ത ആ ഗേള്‍ ഫ്രണ്ട് ഇനി അവിടെ എങ്ങാനും ഉണ്ടോ എന്ന് നോക്കാന്‍!!
***************************************************************************************************************************************
19 comments:
08-13 ഏപ്രില്‍ 2009 നടത്തിയ സ്കോട്ട്ലാണ്ട് യാത്രയുടെ വിശേഷങ്ങള്‍
വിവരണം നന്നായിട്ടുണ്ട്...നല്ല അനുഭവം..
ഏറെ ആകര്‍ഷിച്ചത് ചിത്രങ്ങളാണു...
പ്രൊഫഷനല്‍ ....
കൊള്ളാം.. നന്നായിട്ടുണ്ട് ട്ടാ.
Nice !! Thanks for the post and pic..:)
"ഇല്ലാത്ത ഗേള്‍ ഫ്രെണ്ടിനെ പറ്റി ഞാനും കുറെ വിളമ്പി" ---lol...
A nice read!
Really nice dear.... Keep it up.
വിവരണവും ഫോട്ടൊസും, കലക്കി... നീ മുറ്റാടാ മുത്തേ..
ഫോട്ടോകളെ അഭിനന്ദിക്കാതെ വയ്യ ,വളരെ നന്നായിരിക്കുന്നു .ആശംസകൾ .
തലക്കെട്ടിനോടു മാത്രം യോജിക്കാനാവുന്നില്ല.
Great dude..... feels like just a professional one..
നല്ല വിവരണവും ,അതിനൊത്ത പടങ്ങളും..
വിവരണവും ഫോട്ടോകളും (ബോര്‍ഡര്‍ ഇഷ്ടപ്പെട്ടില്ല)നന്നായിട്ടുണ്ട്.
ഡീറ്റെയില്‍ഡായിട്ട് വിവരിക്കാന്‍ ശ്രമിക്കുക, കൂടുതല്‍ മനോഹരമാകും.
എല്ലാ ഭാവുകങ്ങളും നേരുന്നു.
Qasim ഭായ് ഫോട്ടോകള്‍ ഇഷ്ടമായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം
ഒറ്റയാന്‍, ashly, ഡെറിക്ക് ,ഹരീശേട്ട, വിനുകുട്ടാ വളരെ നന്ദി
സജിയെട്ടാ നന്ദി, ഞാന്‍ തലകെട്ട് മാറ്റി.....
Achuth, കുഞ്ഞായി ആശംസകള്‍ക്ക് നന്ദി,
പ്രദീപേട്ടാ, അഭിപ്രായങ്ങള്‍ക്കു ഒരുപാട് നന്ദി. അടുത്ത തവണ തീര്‍ച്ചയായും ബോര്‍ഡര്‍ ഒഴിവാക്കാം, കൂടുതല്‍ വിശദമായി വിവരിക്കാനും ആത്മാര്‍ഥമായി ശ്രമിക്കാം.
ചിത്രങ്ങളും വിവരണങ്ങളും വളരെ ഇഷ്ടമായി.
ചിത്രങ്ങള്‍ ശരിയ്ക്കും കൊതിപ്പിച്ചൂട്ടോ. :)
വിഷ്ണൂ,
നല്ലൊരു യാത്ര തരപ്പെടുത്തി തന്നത് ഞാൻ ഇപ്പൊഴാ പ്രയോജനപ്പെടുത്തിയത്. നന്ദി. അഭിനന്ദനങ്ങൾ!
ശ്രീയേട്ടാ നന്ദി
ലതിയെച്ചി വളരെ നന്ദി. പ്രോത്സാഹനം ഇനിയും ഉണ്ടാവണം
ജോണ്‍ ഫ്രെയറുടെ ബോബീയെ കുറിച്ചൊന്നും പറഞ്ഞില്ല, ഡൊളിയെ സ്റ്റഫ് ചെയ്തിരിക്കുന്നത്കണ്ടീല്ലേ, ഹാരിപോര്‍ട്ടറുടെ ജന്മസ്ഥലം കണ്ടില്ലേ...എന്തു പറ്റീ...
ഗൗരിനാഥന്‍ ,എല്ലാം ഒറ്റ പോക്കിന് കണ്ടു തീര്‍ത്താല്‍ എങ്ങനാ.....ഞാന്‍ ഇനീം പോകുന്നുണ്ട്...അപ്പോള്‍ കുറച്ചൂടെ വിശദമായി കാണാന്‍ പ്ലാന്‍ ഉണ്ട് ;-)
കമന്റിനു വളരെ നന്ദി
“ടി വി ഓണക്കിയപ്പോള്‍ ഏഷ്യാനെറ്റില്‍ മമ്മൂട്ടി ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്ന രംഗം. പിന്നെ അതിനു മുന്നിലിരിക്കാന്‍ മിനകെട്ടില്ല..... “
പരിസരം മറന്ന് ഉറക്കെ ചിരിച്ചുപോയി..
Shara: പടം മനസ്സിലായല്ലോ, അത് എങ്ങെനെയാ ഇരുന്നു കാണുന്നെ ;-)
Post a Comment