ഫോര്‍മുല വണ്‍ കറോട്ടത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിന്‍റെ ആവേശം കെട്ടടയും മുന്‍പേ ആണ് അത് പോലെ തന്നെ മറ്റൊരു പാര്‍ട്ട് ടൈം ജോലിയുടെ അവസരം എന്നെ തേടി എത്തിയത്. ഒരു ദിവസത്തെ ജോലിയുണ്ട് വരാന്‍ താത്പര്യം ഉണ്ടോ എന്ന് ചോദിച്ചു നമ്മുടെ ജോബ് ഏജന്‍സിയില്‍ നിന്നും ഒരു ഫോണ്‍ കോള്‍.ഞങ്ങടെ നാടായ കൊവന്‍ട്ര്യില്‍ ഒരു ഉത്സവം നടക്കുണ്ട് അതില്‍ പങ്കെടുക്കാന്‍ താത്പര്യം ഉണ്ടോ എന്നാരുന്നു കോള്‍. കൊവെന്‍ട്രി കാര്‍ണിവല്‍ അഥവാ ഗൊഡൈവ ഫെസ്റ്റിവല്‍ എന്ന ആഘോഷത്തില്‍ ഞങ്ങള്‍ക്ക് എന്താ ജോലി എന്ന് ചോദിച്ചപ്പോഴാണ് പുള്ളി കൂടുതല്‍ വിശദമായ വിവരങ്ങള്‍ പറയുന്നത്. ഉത്സവത്തിന്റെ ഭാഗമായി ഒരു ഘോഷയാത്ര ഉണ്ട് അതില്‍ പങ്കെടുക്കാന്‍ കുറെ ആളെ വേണം. നാലഞ്ചു മണിക്കൂര്‍ ചെന്ന്‍ നിന്ന് കൊടുത്താല്‍ മതി, വീട്ടില്‍ പോകാന്‍ നേരം ജോര്‍ജ് കുട്ടീടെ പെടക്കുന്ന അഞ്ചാറ് നോട്ടുകള്‍ നമ്മുടെ പോക്കറ്റില്‍ വീഴും. സംഗതി കൊള്ളാമല്ലോ. കെ മുരളീധരനേം പിണറായി വിജയനേം ഒക്കെ നമിച്ചു പോയ നിമിഷങ്ങള്‍. കാരണം അവരാണെല്ലോ അംഗം ബലം കാണിക്കാന്‍ ജാഥയ്ക്ക് വേണ്ടി മാത്രം റിക്രൂട്ട് ചെയ്യുന്നത്. അറിയാവുന്നവരെ ഒക്കെ അറിയിച്ചോ ജാഥക്ക് മാക്സിമം ആളെ വേണം എന്നാരുന്നു അങ്ങേരുടെ ആവശ്യം.
ജാഥക്ക് വരുന്നവര്‍ക്കെല്ലാം കൈ നിറയെ കാശ് അതാണ് കോണ്ട്രാക്റ്റ്. കേട്ടപാതി കേള്‍ക്കാത്ത പാതി ഞാന്‍ അറിയാവുന്ന ടീംസിനെ എല്ലാം വിളിച്ചു കൂട്ടി. വീട്ടിലെ മൂത്താപ്പ ആയ ഹരീഷേട്ടന്‍, അരുണ്‍, ശിവരാമന്‍, ജെഫ്രി, പിന്നെ ക്ലാസ്സ്‌മേറ്റ്സ് ആയ ബിനേഷ്, സാം, സ്വന്തം കക്ഷിയായ ബാലു, അതും പോരഞ്ഞു പണി ഒന്നും കിട്ടാതെ തെണ്ടി തിരിഞ്ഞു തേരാപാരാ നടക്കുന്ന കുറെ തെലുങ്ക്, ഹിന്ദി ടീംസ് അങ്ങനെ ഞങ്ങള്‍ ഒരു പട തന്നെ കൂടി ജാഥക്ക് പോകാന്‍. നാളെയാണ് ജാഥ, അത് കൊണ്ട് ഒട്ടുമിക്ക എല്ലാരും തന്നെ അന്ന് രാത്രി ഞങ്ങടെ വീട്ടില്‍ എത്തി. ഒരു അഭയാര്‍ഥി ക്യാമ്പിനുള്ള ജനസാഗരം ഉണ്ടാരുന്നു അന്നവിടെ തമ്പടിക്കാന്‍.
കാര്യം പറഞ്ഞാല്‍ ഇംഗ്ലണ്ടിലെ ഒന്‍പതാമത്തെ വല്യ സിറ്റി ആണ് കൊവെന്‍ട്രി. പക്ഷെ വലിപ്പം കൊണ്ട് നമ്മുടെ കോട്ടയം പട്ടണത്തിന്‍റെ പകുതി പോലും വരില്ല. പഞ്ചാബികളും, പാകിസ്ഥാനികളും ഒരുപാടുള്ള ഈ പട്ടണത്തിലെ ആകെ ജനസംഖ്യ മൂന്ന് ലക്ഷത്തിനടുത്ത് വരും. പട്ടണം ചെറുതാണെങ്കിലും വലിയ ഒരു വ്യാവസായിക ഹബ്ബാണ് കൊവെന്‍ട്രി. ലോക പ്രശസ്ത കാര്‍ നിര്‍മ്മാതാക്കളായ ജഗ്വാര്‍ ആന്‍ഡ് ലാന്‍ഡ് റോവര്‍ (ഇപ്പോള്‍ അവരെ നമ്മുടെ ടാറ്റ ഗ്രൂപ്പ് വിഴുങ്ങി) തലസ്ഥാനം ഇവിടെയാണ്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ലോകത്തില്‍ വ്യാവസായിക വിപ്ലവം ബ്രിട്ടനില്‍ അരങ്ങേറിയപ്പോള്‍ അതില്‍ ഒഴിച്ച് കൂട്ടാന്‍ പറ്റാത്ത ഒരു സ്ഥാനം ഈ പട്ടണത്തിന്‍റെ ചരിത്രത്തോടൊപ്പം എഴുതി ചേര്‍ത്തിരിക്കുന്നു. ബി എം ഡബ്ല്യു, പ്യുഷോ, സിട്രോയെന്‍, റോവര്‍ തുടങ്ങിയ ലോകത്തിലെ ഒട്ടു മിക്കാന്‍ കാര്‍ നിര്‍മ്മാതാക്കളുടെയും സാന്നിധ്യം ഈ നഗരത്തില്‍ ഉണ്ട്. അമേരിക്കയിലെ ഡിട്ട്രോയിട്ട്, അല്ലെങ്കില്‍ നമ്മുടെ പൂനെ പോലുള്ള ഒരു സ്ഥാനമാണ് ചുരുക്കി പറഞ്ഞാല്‍ ഇംഗ്ലണ്ടില്‍ കൊവെന്‍ട്രിക്ക്.
പതിനൊന്നാം നൂറ്റാണ്ടില്‍ ഇവിടെ ജീവിച്ചിരുന്ന ഗൊഡൈവ എന്ന തമ്പുരാട്ടി കൊച്ചിന്റെ ഓര്‍മ്മക്കായാണ് എല്ലാ വര്‍ഷവും ഗൊഡൈവ ഫെസ്റ്റിവല്‍ എന്ന പേരില്‍ കൊവെന്‍ട്രി കാര്‍ണിവല്‍ എന്ന ഈ ഉത്സവം നടത്തുന്നത്. ലിയോഫ്രിക്ക് എന്ന അകാലത്തെ ഇവിടുത്തെ നാട്ടുപ്രമാണിയുടെ പത്നി ആയിരുന്നു ഗൊഡൈവ തമ്പുരാട്ടി. ലിയോഫ്രിക്ക് പ്രഭു ഒരു കലിപ്പ് ടീം ആയിരുന്നു. അങ്ങേരു നാട്ടുകാരെ പിഴിയാന്‍ വേണ്ടി ഒടുക്കത്തെ നികുതി ഏര്‍പ്പെടുത്തി. പ്രഭുവിനോട് പിടിച്ചു നില്ക്കാന്‍ പറ്റാത്തത് കൊണ്ട് നാട്ടുകാരെല്ലാം സങ്കടഹര്‍ജി ബോധിപ്പിക്കാന്‍ ഗൊഡൈവ ചേച്ചിടെ അടുത്തെത്തി. അവരുടെ അവസ്ഥയില്‍ അലിവു തോന്നിയ ഗൊഡൈവ നികുതി കുറക്കാന്‍ തന്‍റെ പതിയുടെ അടുത്ത് അഭ്യര്‍ഥിച്ചു. പക്ഷെ അങ്ങേരു ഒട്ടും വിട്ടു കൊടുത്തില്ല. ഒടുവില്‍ സ്വന്തം ഭാര്യ താണു കേണ് അപേക്ഷിക്കുന്നത് കണ്ടിട്ട് അങ്ങേരു ഒരിക്കലും നടക്കാന്‍ സാധ്യത ഇല്ല എന്നൊരു ഉപാധി വച്ചു. കണ്ടീഷന്‍ ഇതാരുന്നു. നികുതി കുറയ്ക്കണമെങ്കില്‍ തമ്പുരാട്ടി ഒരു തവണ പൂര്‍ണ്ണ നഗ്നയായി കുതിരപ്പുറത് നഗരം ചുറ്റണം. പക്ഷെ പ്രഭുവിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു ഗൊഡൈവ ജനങ്ങള്‍ക്ക് വേണ്ടി ആ ത്യാഗം ചെയ്യാന്‍ തയ്യാറായി. തങ്ങള്‍ക്ക് വേണ്ടി ഇത്രയും വലിയ ത്യാഗം സഹിക്കാന്‍ തയ്യാറായ തമ്പുരാട്ടിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യപിച്ച് അന്നേ ദിവസം ജനങ്ങള്‍ എല്ലാം വീടിനുള്ളില്‍ കതകടച്ചിരിക്കാന്‍ പ്രതിജ്ഞ എടുത്തു. അങ്ങനെ ഗൊഡൈവ പൂര്‍ണ്ണ നഗ്നയായി കുതിരപുറത്ത് പ്രയാണം ആരംഭിച്ചു. പക്ഷെ ആ നാട്ടിലെ പ്രധാന തല്ലുകൊള്ളിയായ ടോം എന്നൊരുത്തന്‍ ആ പ്രതിജ്ഞ തെറ്റിച്ചു. ഫസ്റ്റ് ഡേ തന്നെ ഫുള്‍ നേക്കഡ് ആയി തമ്പുരാട്ടിയെ കാണാന്‍ ലവന്‍ തന്‍റെ ജനാലക്കകത്തൂടെ കുതിരപ്പുറത്തുള്ള ആ വരവ് ഒളിഞ്ഞു നോക്കി. പക്ഷെ ഒരു നോക്ക് കണ്ടതും ടോമിന്‍റെ കാഴ്ച ശക്തി എന്നന്നേക്കുമായി നഷ്ടപ്പെട്ട് പോയി എന്ന് ചരിത്രം പറയുന്നു. അതിനു ശേഷം ആണ് 'പീപ്പിംഗ് ടോം' എന്ന പ്രയോഗം തന്നെ വരുന്നത്. എന്തായാലും ഗൊഡൈവ ആ നഗര പ്രദക്ഷിണം പൂര്‍ത്തിയാക്കിയത് കൊണ്ട് പ്രഭു പറഞ്ഞ വാക്ക് പാലിക്കാന്‍ നികുതി ഇളവു പ്രഖ്യാപിച്ചു. അന്ന് മുതല്‍ ഈ നാട്ടുകാരുടെ കണ്‍ കണ്ട ദൈവമായി ഗൊഡൈവ. അവരുടെ സ്മരണക്കയാണ് എല്ലാ കൊല്ലവും ഗൊഡൈവ ഫെസ്റ്റിവല്‍ നടത്തുന്നത്.
അങ്ങനെ അന്നേ ദിവസം ഞങ്ങള്‍ ഗഡികള്‍ എല്ലാം കൂടെ കൊവെന്‍ട്രി കനാല്‍ ബേസിന്‍ എന്ന സ്ഥലത്ത് എത്തി. അവിടുന്നാണ് ജാഥ തുടങ്ങുന്നത്. അവിടെ ഞങ്ങളേം കാത്ത് ഏജന്‍സികാരന്‍ നില്‍പ്പുണ്ടായിരുന്നു. ഞങ്ങള്‍ ഇത്രേം പേരെ കണ്ടപ്പോള്‍ പുള്ളി ഒന്ന് ഞെട്ടിയോ എന്ന് സംശയം. അല്ലെങ്കിലും നോക്ക് കൂലി വാങ്ങാന്‍ കരയിലെ എല്ലാ അട്ടിമറികാരും എത്തും എന്നാണെല്ലോ. പക്ഷെ അങ്ങേര്‍ക്ക് ഓരോരുത്തര്‍ക്കും കിട്ടുന്ന കാശിന്റെ നല്ലൊരു കമ്മിഷന്‍ സിറ്റി കൌണ്‍സില്‍ അങ്ങേര്‍ക്കു കൊടുക്കും.അങ്ങേരു ഞങ്ങളെ എല്ലാം വിളിച്ചോണ്ട് വലിയ ഒരു ഹാളിലേക്ക് പോയി. അവിടെ പ്ലസ്റ്റെര്‍ ഓഫ് പാരിസില്‍ നിര്‍മ്മിച്ച കുറെ ആനകള്‍. ജാഥക്ക് ഒപ്പം നടക്കുമ്പോള്‍ ആ ആനകളേം കൂടെ തള്ളണം. ഓഹോ അപ്പോള്‍ അതാണല്ലേ പണി..ഞങ്ങള്‍ ഓരോരുത്തരും മുഖത്തോട് മുഖം നോക്കി. ഇതറിഞ്ഞിരുന്നെങ്കില്‍ ഒരു ലുങ്കി ഉടുത്ത് കയ്യില്‍ ഒരു തോട്ടിയുമായി വരാമായിരുന്നു. അങ്ങനെ ഞങ്ങള്‍ ഓരോരുത്തരും ജീവിതത്തില്‍ ആദ്യമായി ആന പാപ്പന്‍മാരാകാന്‍ മാനസികമായി തയ്യാറെടുത്തു. കേരളത്തില്‍ ഈ കണ്ട ആനകള്‍ ഒക്കെ ഉണ്ടായിട്ടും പാപ്പാന്‍റെ വേഷം കെട്ടാന്‍ മരുന്നിനു പോലും ഒരു ആന ഇല്ലാത്ത ഈ ഇംഗ്ലണ്ടില്‍ വരണ്ടി വന്നു. കലികാലം എന്നല്ലാതെ എന്താ പറയുക. നാലടി പോക്കമേ ഉള്ളെങ്കിലും ആനകള്‍ എല്ലാം ശരിക്കും തറവാട്ടില്‍ പിറന്നവര്‍ തന്നെ. കാരണം ഓരോ ഗജവീരനേം സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് ജഗ്വാര്‍ മുതല്‍ ബി ബി സി വരെയുള്ള വമ്പന്മാര്‍. സ്പോണ്‍സര്‍മാരുടെ പേരുകള്‍ വെണ്ടയ്ക്ക അക്ഷരത്തില്‍ ഒരു ബോര്‍ഡില്‍ തൂക്കി അണിയിച്ചിരിക്കുന്നു. ഒരാനക്ക് രണ്ടു പാപ്പാന്‍ അതാണ് കണക്ക്. ഒന്നാം പാപ്പാന്‍ മുന്നില്‍ നിന്ന് ഒരു കയറു കെട്ടി ആനേ വലിക്കണം, രണ്ടാം പാപ്പാന്‍ പിന്നില്‍ നിന്ന് തള്ളണം. അങ്ങനെ നൈസ് ആയ റോഡിലൂടെ ആനകള്‍ സ്വന്തം വീലില്‍ ഉരുണ്ടോളും. അങ്ങനെ ഗുരുവായൂര്‍ പദ്മനാഭന്‍, പാമ്പാടി രാജന്‍, മണിശ്ശേരി കര്‍ണ്ണന്‍ എന്നിവരുടെ ഇംഗ്ലീഷ് വേര്‍ഷന്‍ ആയ ഗജവീരന്‍ ലണ്ടന്‍ ലോനപ്പന്‍, ഗജരത്നം മഞ്ച്സ്റ്റെര്‍ മാത്തപ്പന്‍, ഗജകേസരി ബര്‍മിങ്ങം ബ്രിട്ടോളി തുടങ്ങിയ നാലടി പൊക്കവും അതിനൊത്ത തലയെടുപ്പും ഉള്ള ആനകളുമായി നഗര പ്രദക്ഷിണം ആരംഭിച്ചു.
ആനകള്‍ പോകുന്ന വഴിക്ക് പനിനീര്‍ തളിക്കുകയും, പിണ്ടം ഇടുകയും ചെയ്യാത്തത് കൊണ്ട് പാപ്പാന്മാര്‍ക്ക് കാര്യമായ പണി ഒന്നും ഇല്ലായിരുന്നു. ആനകളേം മേയ്ച് കൊണ്ട് നടന്നു നടന്നു ഞങ്ങള്‍ ചരിത്രമുറങ്ങുന്ന കൊവെന്‍ട്രി കത്തീഡ്രലിന്‍റെ മുന്നില്‍ എത്തി. പതിനാലാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണ് കൊവെന്‍ട്രി കത്തീഡ്രല്‍. ഓള്‍ഡ് സെന്റ് മൈക്കിള്‍സ്, ന്യൂ സെന്റ് മൈക്കിള്‍സ് എന്നീ രണ്ടു പള്ളികള്‍ ചേര്‍ന്നതാണ് കൊവെന്‍ട്രി കത്തീഡ്രല്‍. അതില്‍ ഓള്‍ഡ് സെന്റ് മൈക്കിള്‍സ് പള്ളിയുടെ അവശിഷ്ടങ്ങള്‍ മാത്രമേ ഇപ്പോള്‍ ബാക്കി ഉള്ളു. രണ്ടാം ലോക മഹായുദ്ധ കാലത്ത് ജര്‍മന്‍ പോര്‍വിമാനങ്ങള്‍ അവ തകര്‍ത്ത് തരിപ്പണം ആക്കി. കൊവെന്‍ട്രി ബ്ലിറ്റ്സ് എന്നാരുന്നു ആ ആക്രമണ പരമ്പരയുടെ പേര്. ബ്രിട്ടനിലെ ഏറ്റവും വലിയ വ്യാവസായിക നഗരം ആയതു കൊണ്ടാണ് ഹിറ്റ്ലറുടെ നാസിപട തന്ത്രപ്രധാനമായ ആ ആക്രമണം നടത്തിയത്. കൊവെന്‍ട്രിയിലെ ഫാക്ടറികള്‍ തകര്‍ക്കാന്‍ വേണ്ടി ലക്ഷ്യമിട്ട് നടത്തിയ ആ ആക്രമണത്തില്‍ അറുനൂറിലേറെ പേര്‍ മരിക്കുകയും, ആയിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സെന്റ് മൈക്കിള്‍സ് പള്ളി ഉള്‍പ്പടെ ഒട്ടേറെ ആരാധനാലയങ്ങളും വീടുകളും ആശുപത്രികളും ഒക്കെ ആ അഞ്ഞൂറ് ടണ്‍ പ്രഹര ശേഷി ഉള്ള ആ ആക്രമണത്തില്‍ കത്തി നശിച്ചു. മേല്‍കൂര ഇല്ലാത്ത ആ പഴയ സെന്റ് മൈക്കിള്‍സ് ദേവാലയം ഇന്ന് ആ ദുരന്തത്തിന്റെ ചരിത്ര സ്മാരകം ആയി നില കൊള്ളുന്നു.
ലോക പ്രശസ്തന്‍ ബാസില്‍ സ്പെന്സ് എന്ന ശില്പിയുടെ മേല്‍നോട്ടത്തില്‍ ആണ് ന്യൂ സെന്റ് മൈക്കിള്‍സ് ദേവാലയം നിര്‍മ്മിച്ചത്. ഇപ്പോള്‍ സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍ ഒരു ലിസ്റ്റ്ഡ് ബില്‍ഡിംഗ് ആണ്. ബ്രിട്ടനിലെ ചരിത്ര പ്രധാനമായ കെട്ടിടങ്ങള്‍ ആണ് ലിസ്റ്റ്ഡ് ബില്‍ഡിംഗ് എന്നു വിളിക്കുന്നത്. അവയുടെ പ്രാധാന്യം അനുസരിച് ഗ്രേഡ് വണ്‍, ടു, ത്രീ, എ, ബി എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. അവയില്‍ തന്നെ ഏറ്റവും പ്രാധാന്യം ഉള്ളത് കൊണ്ടാകും സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍ ഗ്രേഡ് വണ്‍ എന്ന വിഭാഗത്തില്‍ ആണ് ഉള്ളത്. 1956ല്‍ ബ്രിട്ടീഷ് രാജ്ഞി തറകല്ലിട്ട ഈ കത്തീഡ്രല്‍ പണി തീരാന്‍ ആറു കൊല്ലം എടുത്തു. പരമ്പരാഗത രീതിയില്‍ നിന്ന് വളരെ വ്യത്യസ്തം ആയാണ് ഈ ദേവാലയം നിര്‍മ്മിച്ചിരിക്കുന്നത്. പല വര്‍ണ്ണങ്ങളില്‍ ഉള്ള ഗ്ലാസ് കൊണ്ട് നിര്‍മ്മിച്ച ഉയരമുള്ള ജനാലകള്‍ ഈ കത്തീഡ്രലിന്റെ ഒരു പ്രത്യേകത ആണ്. തുണിയില്‍ വരച്ച ചിത്രങ്ങള്‍ കൊണ്ടും മനോഹരം ആണ് ഈ ദേവാലയത്തിന്റെ ഉള്‍വശം. കത്തീഡ്രലിന്റെ പുറവും വളരയേറെ പ്രത്യേകത ഉള്ളതാണ്. സെന്റ് മൈക്കിള്‍സ് ചെകുത്താന് മേല്‍ ഉള്ള വിജയം സൂചിപ്പിക്കുന്ന ഒരു കൂറ്റന്‍ പ്രതിമ കത്തീഡ്രലിന്റെ ഭിത്തിയില്‍ തൂക്കി ഇട്ട നിലയില്‍ കാണാം.
ഏതാണ്ട് ഒന്നര മണിക്കൂറോളം ഞങ്ങള്‍ ആനകളേം പരിചരിച്ചു ഞങ്ങള്‍ കത്തീഡ്രലിന്റെ മുന്നില്‍ തമ്പടിച്ചു. ആനകളെ പോലെ തന്നെ മറ്റനേകം രൂപങ്ങളും പല വഴികളില്‍ നിന്ന് അവിടെ എത്തി ചേര്‍ന്ന് കൊണ്ടിരുന്നു. അവ എല്ലാം കൂടി ഒരുമിച്ചാണ് ഇനി പൂരപറമ്പിലേക്ക് നീങ്ങാന്‍ പോകുന്നത്. കൊവെന്‍ട്രിയുടെ സാംസ്കാരിക കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ട വിശേഷ ദിവസങ്ങള്‍ ആണ് മൂന്ന് ദിവസം നീണ്ടു നില്‍കുന്ന ഗൊഡൈവ ഫെസ്റ്റിവല്‍. അതില്‍ ഇവിടെയുള്ളവര്‍ അവരുടെ കഴിവിനനുസരിച് ഓരോ കലാ രൂപങ്ങള്‍ ഡിസൈന്‍ ചെയ്യും. കാബറെ മുതല്‍ പഞ്ചാബി ബംഗ്ര വരെ ഉള്ള ആട്ടവും പാട്ടിന്റെയും അകമ്പടിയോടെ ആണ് ഈ കലാരൂപങ്ങള്‍ കത്തീഡ്രലിന്‍റെ മുന്നില്‍ നിന്ന് വാര്‍ മെമ്മോറിയല്‍ പാര്‍ക്ക് എന്ന മൂന്ന് മൈല്‍ അകലെ ഉള്ള പൂരപറമ്പിലേക്ക് നീങ്ങുന്നത്. 1678ല്‍ ചെറിയ ഒരു ആഘോഷം ആയി തുടങ്ങിയ ഈ ഫെസ്റ്റിവല്‍ ഇന്ന് ബ്രിട്ടനിലെ ഏറ്റവും വലിയ കാര്‍ണിവലില്‍ ഒന്നാണ്. ഒരു ലക്ഷത്തിനടുത്ത് ജനങ്ങള്‍ ആണ് ഇവ കാണാന്‍ എത്തി ചേരുന്നത്. ഇംഗ്ലണ്ടിലെ ഏറ്റവും നല്ല സ്ട്രീറ്റ് എന്‍റെര്‍റ്റൈന്‍മെന്‍റ് എന്ന അവാര്‍ഡും നേടിയിട്ടുണ്ട് ഗൊഡൈവ ഫെസ്റ്റിവല്‍. അങ്ങനെ ആനകളേം വലിച്ചു, പൂരകാഴ്ചകള്‍ ക്യാമറയില്‍ പകര്‍ത്തി കൊണ്ട് ഞങ്ങള്‍ ലക്ഷ്യ സ്ഥാനമായ വാര്‍ മെമ്മോറിയല്‍ പാര്‍കില്‍ എത്തി.
അവിടെ ഒരു കൂറ്റന്‍ സ്റ്റേജില്‍ നഗരത്തിന്റെ കാരണവര്‍ ആയ മേയര്‍ സാര്‍ ആ വര്‍ഷത്തെ മേള ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു. ഇന്നാട്ടിലെ വ്യവസായികള്‍ തങ്ങളുടെ ശക്തി കാണിക്കാന്‍ പറ്റിയ ഒരു വേദി ആണ് ഈ പൂരപറമ്പ്. പാവകള്‍, ബൊമ്മകള്‍, ബലൂണ്‍ എന്നിവ അടങ്ങിയ ചിന്തികടകള്‍ മുതല്‍ ജാഗ്വറിന്‍റെ ഏറ്റവും മുന്തിയ ഇനം കാറുകളുടെ പ്രദര്‍ശനം വരെ ഉണ്ട് അവിടെ. പോരാത്തതിനു പൂരപറമ്പിലെ സ്ഥിരം കാഴ്ചകള്‍ ആയ ജയന്റ് വീല്‍, മുതല്‍ മരണകിണര്‍ വരെ അടങ്ങിയ ഒരു വീഗാലാന്‍ഡും ഉണ്ട് ഇവിടെ കാണികളെ ആകര്‍ഷിക്കാന്‍. ആനകളെ അവരുടെ താവളത്തില്‍ കയറ്റിയതോടെ ഞങ്ങളുടെ പാപ്പാന്‍ ഡ്യൂട്ടി കഴിഞ്ഞു. പല്ലാവൂര്‍ അപ്പുമാരാരുടെ ഡബിള്‍ തായമ്പകക്കും, ശിങ്കാരിമേളത്തിനും പകരം ബംഗ്രയും കാബറെയും ആണെന്നെ ഉള്ളു, ബാക്കി പൂര കാഴ്ചകള്‍ ഇവിടെയും ഒരു പോലെ. അങ്ങനെ വലിയ ഒരു മേളയുടെ ഭാഗമാകാന്‍ കഴിഞ്ഞ ത്രില്ലില്‍ അതിലുപരിയായി ബയോഡേറ്റയില്‍ ചെയ്ത ജോലികളുടെ കൂട്ടത്തില്‍ 'പ്രൊഫഷണല്‍ എക്സ്പീരിയന്‍സ് ആസ് ആന്‍ ആന പാപ്പാന്‍' എന്ന ഒരു ജോലി കൂടി ചേര്‍ക്കാന്‍ പറ്റിയ സന്തോഷത്തില്‍ ഞങ്ങള്‍ ആ പൂരപറമ്പിനോട് ഗുഡ്ബൈ പറഞ്ഞു.
************************************************************************************************
കൊവെന്‍ട്രി കാര്‍ണിവലിന്‍റെ കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
************************************************************************************************
കൊവെന്‍ട്രി കാര്‍ണിവലിന്‍റെ കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
31 comments:
പണ്ടൊരിക്കല്‍ ഞാന്‍ ആന പാപ്പാന്റെ വേഷം കെട്ടിയപ്പോള്‍. കൊവെന്‍ട്രി കാര്‍ണിവലിലെ വിശേഷങ്ങള്‍!!
നിന്നെ ഞാന്‍ തല്ലി കൊല്ലും ഡാ...
നല്ല എഴുത്ത്, നല്ല പടം !!!
(വിഷ്ണു പാപ്പന്റെ കണ്ണ് അടിച്ചു പോയാ ? )
പിന്നെ, പികാസയില്‍ ഡീടെയില്‍ ആയി നോട്ട്സ്/കാപ്ഷന്‍ ഇട്ടതു നന്നായി. അതിനു ഒരു സ്പഷല്‍ താങ്ക്സ്
നല്ല വിവരണം.നല്ല ചിത്രങ്ങൾ
പിന്നെ ആനയ്ക്ക് മദമിളകുമെന്ന് വിചാരിക്കണ്ടല്ലോ!
വിഷ്ണൂ, ചിരിച്ചു..നല്ല വിവരണം .
തിരിച്ചു വന്നു ആനയെ ഏതു തൊഴുത്തിലാ കെട്ടിയതെന്നു പറഞില്ലാലോ.
വിഷ്ണു ..പോസ്റ്റ് കൊള്ളാം . ഞാന്‍ .ലണ്ടനില്‍ താമസം ആയിട്ട് കുറെ നാള്‍ ആയി .ഇത് വരെ ഒരു കാര്‍ണിവല്‍ കണ്ടിട്ടില്ല .എന്തായാലും ഇവിടെ കാണാന്‍ പറ്റിയതില്‍ സന്തോഷം .കൊവെന്‍ട്രി ഞാന്‍ കണ്ടിട്ടുണ്ട് ..വിഷു ആയിട്ട് നല്ല colours ഉള്ള ഫോട്ടോസ് ബ്ലോഗ് ലും കാണാന്‍ പറ്റി .എല്ലാ വിധ ആശംസകളും .
ഫസ്റ്റ് ടെ തന്നെ ഫുള്‍ നേക്കഡ്.. ഏയ് ..ഒരിക്കലും ഉണ്ടാകില്ല! നമ്മളെ പോലത്തെ ഐറ്റംസ് പണ്ടും ഉണ്ടാര്‍ന്നല്ലേ! അതും ഇന്ഗ്ലാണ്ടില്‍ വരെ! -ടോം!!
നല്ല വിവരണം പ്ലസ് കളര്‍ ഫുള്‍ ഫോട്ടോസ്
:)
ഇഷ്ടപ്പെട്ടു!!
പ്രത്യേകിച്ച് ഹിസ്റ്ററി.. :-)
പണ്ടൊക്കെ പീപിംഗ് ടോംസിന്റെ കാഴ്ച നഷ്ടപ്പെടുമായിരുന്നല്ലേ?
ലോകം മൊത്തം ഗുരു സിനിമയിലെ മധുപാലിന്റെ ടീംസ് ആകണ്ട എന്ന് കരുതി ദൈവം പിന്നീട് റൂള്‍ മാറ്റിക്കാണും!
അതേതായാലും നന്നായി.. :-)
nice,vishnu
ഹായ് ....
ബ്രിട്ടനിൽ വീണ്ടും വിഷ്ണുവിന്റെ ഗജേന്ദ്രമോക്ഷം അവതാരം !
ഇത്തവണ ബെർമ്മിങ്ങാം ബ്രിട്ടൻ എന്നൊരാനയുടെ ആനപാപ്പാനായിട്ടാണ് ...കേട്ടൊ.!
ഈ കൊതിപ്പിക്കുന്ന കൊവന്‍ട്ര്യിയുടെ കാഴ്ച്ചവട്ടങ്ങളും ,കൊവന്‍ട്ര്യി കാർണിവെൽ കെട്ടുകാഴ്ച്ചകളും,കാണിച്ചുതന്ന് കണ്ണിനാന്ദവും,ഇത്തരം കൂളായ എഴുത്തിലൂടെ കരളിനു കുളിർമ്മയുമേകി വിഷ്ണുക്കുട്ടാ നീ...
ഇതാ..കൈ നിറയെ അഭിനന്ദനങ്ങൾ....കിട്ടിയോ
വിഷ്ണൂ.. അപ്പൊ ഇനി ഒരു സര്‍ടീറ്റും കൂടി മതി " വിഷ്ണു എലിഫന്റ് ബി. എ"....ഇഷ്ടമായി ഇഷ്ടോ....സസ്നേഹം
എട എട എട അമ്മാവാ ......... നീ പൊളിച്ചടുക്കിയല്ലോ ....
നീ എന്നാടെ ആന പാപ്പന്‍ ആയതു ? ഹ ഹ ഹ .
അങ്ങനെ ഗുരുവായൂര്‍ പദ്മനാഭന്‍, പാമ്പാടി രാജന്‍, മണിശ്ശേരി കര്‍ണ്ണന്‍ എന്നിവരുടെ ഇംഗ്ലീഷ് വേര്‍ഷന്‍ ആയ ഗജവീരന്‍ ലണ്ടന്‍ ലോനപ്പന്‍, ഗജരത്നം മഞ്ച്സ്റ്റെര്‍ മാത്തപ്പന്‍, ഗജകേസരി ബര്‍മിങ്ങം ബ്രിട്ടോളി തുടങ്ങിയ നാലടി പൊക്കവും അതിനൊത്ത തലയെടുപ്പും ഉള്ള ആനകളുമായി നഗര പ്രദക്ഷിണം ആരംഭിച്ചു. ഇവിടെയാണ് പോസ്റ്റ് കിടിലമായത് . പൊതു വിവരങ്ങള്‍ ഉള്‍പ്പെടുത്തി , സിമ്പിള്‍ ആയി എഴുതാന്‍ കഴിഞ്ഞതാണ് തന്‍റെ വിജയം . ഇനി ഇത് പോലത്തെ പണിക്കു പോകുമ്പോള്‍ എന്നെയും കൂടി വിളിക്കണം കേട്ടോ .
പിന്‍ കുറിപ്പ് - നീ ഇനി ഇത് പോലത്തെ പോസ്റ്റുകള്‍ എഴുതണ്ട കേട്ടോ . ഒരു കാട്ടില്‍ ഒരു സിംഹം മതി . ഹും .
നന്നായി ആസ്വദിച്ചു !അല്പം GK യും കൂടി !വിശദമായി എഴുതിയതിനു പ്രത്യേകം നന്ദി,നല്ല ഫോട്ടോസ് ! ആശംസകള്‍
പതിവു പോലെ മനോഹരം, വിജ്ഞാനപ്രദം, അസൂയാര്‍ഹം...........
ഗംഭീര വിവരണം! അതിനൊത്ത ചിത്രങൾ!
മിസ്റ്റര്‍ പാപ്പാന്‍ ... പീപ്പിങ്ങ് ടോം ചരിതം രസാവഹം :)
ഇതൊക്കെ കാണാനാകാതെ മടങ്ങേണ്ടി വന്നതില്‍ കുണ്ഠിതപ്പെടുന്നു :(
വിഷ്ണു, കാർണിവൽ ശരിക്കും തകർത്തു അല്ലെ.. അതിനടുത്തായി ലെസ്റ്റർ ഫെസ്റ്റിവലിനു ഒരിക്കൽ വന്നിരുന്നു ഞാൻ..
പിന്നെ.. എന്റെ ‘അരയന്നങ്ങളുടെ വീട്ടിൽ‘ വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി. ബ്ലോഗിലെ ഒരു ശിശുവാണ് ഞാൻ. അത്കൊണ്ടുള്ള ചില ‘സ്റ്റാർട്ടിംഗ് ട്രബിൾസ്’ ഉണ്ട്.. :)
അങ്ങനെ ആനയെ തള്ളി നീക്കുന്ന പാപ്പാന്മാരെയും പരിചയപ്പെടാന്‍ സാധിച്ചു...
കാര്‍ണിവെല്‍ അടിപൊളിയായി എന്ന് ചുരുക്കം ല്ലേ?
:)
കൊള്ളാട്ടാ ..
നല്ല വിവരണം
പ്രിയരെ ഈ വരുന്ന ഞായറാഴ്ച്ച മെയ് ഒമ്പതിന്, നമ്മൾ ബ്രിട്ടൻ മല്ലു ബ്ലൊഗ്ഗേഴ്സ് ഒന്ന് ഒത്തുകൂടി സൗഹൃദം പങ്കുവെക്കുന്ന കാര്യം അറിഞ്ഞുകാണുമല്ലോ. രാവിലെ പത്തരക്ക് ‘ആശദോശയിൽ’ പോയി പുട്ടടിച്ച്,മസാല ദോശ തിന്ന് പ്രദീപ് നമ്മുടെ ബ്ലോഗ്ഗീറ്റ് സോറി ബ്ലോഗ് മീറ്റ് ഉൽഘാടനം ചെയ്യുന്നതാണ്. ശേഷം വെടിപറയൽ,ഈസ്റ്റ് ഹാം കറങ്ങൽ മുതലായ കലാപരിപാടികൾ. ഉച്ചഭക്ഷണത്തിനുശേഷം യുകെയിലെ മലയാളി സാഹിത്യസദസ്സുമായി പരിചയപ്പെടലും,ചർച്ചയും,കൊച്ചുകലാപരിപാടികളും.
നാലുമണിക്ക് അന്ന് ലണ്ടനിൽ റിലീസ് ചെയ്യുന്നമലയാളം (മോഹൻലാൽ-പ്രിയ-സുരേഷ് ഗോപി) സിനിമ 'ജനകന്‍ 'കാണൽ.ഏഴുമണിക്ക് സഭ പിരിയുന്നതാണ്
Date&Time :- 09-05-2010 & 10.30am To 19.00 pm
Venue&Place:- AsaiDosai Kerala Restuarant,3 Barking Road,EastHam,London, E 6 1 PW.
:-Boleyn Cinema Comlex,5 Barking Road,EastHam,London, E 6 1 PW.
How to get here ?:- Catch Distrct or Hammersmith&City Underground Trains towards Eastbound(Barking or Upminister ) staydown at Upton Park TubeStation ,turn right walk 5 mints& there is Boleyn (near WestHam Football stadium) or Contact
Muralee :-07930134340
Pradeep :-07805027379
Vishnu :-07540426428
വിഷ്ണുവേട്ടാ എന്ത് പറയുവാനാ... എല്ലാം ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ത്തു... അവിജാരിതമായാ ഈ വഴിയെ എത്തിപ്പെട്ടത്... അഭിനന്ദനങ്ങള്‍..
കൊവെട്രിയുടെ വിശേഷങ്ങൾ സുന്ദരം!!!!!!!
കാഴ്ച്ചകൾ അതിനേക്കാൾ മനോഹരം!!!!!!!!!!
അവിടം വരെ വന്നൂല്ലോ..
നന്നായി കേട്ടോ. ആശംസകള്‍.
Exqusite photos!
ബ്ലോഗ് ഒന്നും എഴുതുവാന്‍ പ്ലാന്‍ ഇല്ലേ?സുഖം ആണോ?കുറെ ആയല്ലോ വിശേഷം ഒക്കെ അറിഞ്ഞിട്ടും .അത് വഴി വരൂ ......
എന്റെ ബ്ലോഗിന് ഇന്നലെ രണ്ടു വയസ്സായി.ഇപ്പോഴാ അതോര്‍മ്മിച്ചത്. അപ്പോള്‍ ആദ്യ പോസ്റ്റില്‍ ആദ്യം കമന്റിയ ആളെ ഒന്ന് കാണാം എന്ന് കരുതി വന്നു.എന്ത് പറ്റി പുതിയതൊന്നും കാണുന്നില്ല. പഠനത്തിരക്കിലാണോ....സസ്നേഹം
എന്തായി വിഷ്ണു ഭാവികാര്യങ്ങളോക്കെ..?
" ഒരു ലുങ്കി ഉടുത്ത് കയ്യില്‍ ഒരു തോട്ടിയുമായി വരാമായിരുന്നു"
കൊളളാം..
hridayam niranja vishu aashamsakal.....
Post a Comment