13 July 2009

ട്രെന്‍റ് ബ്രിഡ്ജ് ഇന്‍

തണുപ്പ്‌ കുറഞ്ഞ് വരുന്നു. ഒരു സെമസ്റ്റര്‍ അവസാനിക്കാറായി. ഇനി വേനല്‍ കാലമാണ്. പ്രീമിയര്‍ ലീഗിന് ശേഷം ക്രിക്കറ്റ്‌ സീസണ്‍ ആണ്. ജൂണില്‍ ട്വന്റി-20 ലോകകപ്പ്‌, അതിനു ശേഷം ഇംഗ്ളീഷുകാരുടെ പ്രെസ്റ്റീജ് ആയ ആഷസ് പരമ്പര. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ദക്ഷിണാഫ്രിക്കയില്‍ ആരംഭിച്ചു കഴിഞ്ഞു . വീട്ടില്‍ ടി വി ഇല്ലെങ്കിലും എല്ലാ കളികളും ഓണ്‍ലൈന്‍ സ്ട്രീമിംഗ് കാണാം.അങ്ങനെ ട്വന്റി-20 ആവേശത്തില്‍ ആയി ഞങ്ങള്‍ എല്ലാവരും. ഓരോരുത്തര്‍ക്കും സപ്പോര്‍ട്ട് ചെയ്യാന്‍ ഓരോ ടീമുകള്‍. കളി ഉള്ള മൂന്നര മണികൂര്‍ വീട്ടില്‍ ശരിക്കും ഉത്സവാന്തരീക്ഷമാണ്. ഐ പി എല്‍ കഴിഞ്ഞു അടുത്ത മാസമാണ് ട്വന്റി-20 ലോകകപ്പ്‌, അതും ഇംഗ്ലണ്ടില്‍. ഇന്‍റര്‍നാഷണ്‍ല്‍ ക്രിക്കറ്റ്‌ കൗണ്‍സില്‍ (ഐ സി സി) വെബ്സൈറ്റില്‍ ടിക്കറ്റ് ബുക്ക്‌ ചെയ്യാന്‍ കയറിയ ഞാന്‍ അതിന്‍റെ വില കണ്ടു ശരിക്കും ഞെട്ടി. ഒരു മാസം കഞ്ഞി കുടിക്കാന്‍ ഉള്ള കാശ് കൊടുക്കണം ഒരു കളി കാണാന്‍. സൂപ്പര്‍ എട്ട്, സെമി ഫൈനല്‍ ടിക്കറ്റ് വില അതിലും കൂടും, ഫൈനലിന്റെ കാര്യം പ്രത്യേകിച്ചു പറയണ്ടല്ലോ. ടിക്കറ്റ് എടുത്താല്‍ മുതലാകില്ല, ലോകകപ്പ്‌ മിസ്സ്‌ ആക്കാനും വയ്യ. അങ്ങനെ ഒരു മനോവിഷമത്തില്‍ ഇരിക്കുമ്പോളാണ് വെബ്സൈറ്റില്‍ മറ്റൊരു സംഗതി ശ്രദ്ധയില്‍ പെട്ടത്. ലോകകപ്പിന്റെ തന്നെ ഭാഗമാകാന്‍ ഒരു അവസരം. ഇംഗ്ലീഷ് ക്രിക്കറ്റ്‌ ബോര്‍ഡ്‌ ഐ സി സി ക്ക് വേണ്ടി ലോകകപ്പ്‌ മാനേജ്മെന്റ് ടീമിലേക്ക് ആളെ ക്ഷണിക്കുന്നു. "താത്പര്യം ഉള്ളവര്‍ ക്രിക്കറ്റില്‍ ഉള്ള പ്രാവീണ്യം കാണിച്ചു വെബ്സൈറ്റില്‍ ഉടന്‍ അപേക്ഷിക്കുക". പിന്നെ ഒട്ടും അമാന്തിച്ചില്ല. ക്രിക്കറ്റ്‌ എന്റെ ജീവന്‍റെ ജീവന്‍ ആണ് എന്നാ നഗ്ന സത്യം വെളിപ്പെടുത്തി ഐ സി സി ക്ക് അപേക്ഷ അയച്ചു. ആയിരകണക്കിന് അപേക്ഷകരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടാന്‍ യാതൊരു സാധ്യതയും ഇല്ല. എങ്കിലും എന്‍റെ ടൈം വച്ച് എനിക്ക് നല്ല ഹോപ്പ് ആയിരുന്നു.

ഒരാഴ്ച്ച കഴിഞ്ഞു ഇംഗ്ലീഷ് ക്രിക്കറ്റ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍റെ ഇമെയില്‍ സന്ദേശം ലഭിച്ചു. "നിങ്ങളുടെ ആപ്ലികേഷന്‍ ഞങ്ങള്‍ക്ക് കിട്ടി ബോധിച്ചു. ആയിരത്തോളം പേരില്‍ നിന്ന് അമ്പതു പേരില്‍ ഒരാളായി നിങ്ങളെ തിരഞ്ഞെടുത്ത വിവരം സന്തോഷപൂര്‍വ്വം അറിയിച്ചു കൊള്ളുന്നു. ട്രെയിനിങ്ങിനായി ഏപ്രില്‍ 28 ഇന് നോട്ടിങ്ഹാം ട്രെന്‍റ് ബ്രിഡ്ജ് സ്റ്റേഡിയത്തില്‍ ഹാജരാവുക." എന്നായിരുന്നു ആ മെയിലിന്റെ ഉള്ളടക്കം. ക്രിക്കറ്റിന്റെ ഏറ്റവും വല്യ ആരാധകന്‍ എന്ന് സ്വയം വിശ്വസിക്കുന്ന എനിക്ക് ഇതില്‍ പരം ഒരു ഭാഗ്യം എന്ത് ലഭിക്കാന്‍. വീട്ടില്‍ നിന്ന് അപേക്ഷിച്ച ശിവരാമനും ഇതേ ജോലി കിട്ടി എന്നത് എന്‍റെ ആവേശം ഇരട്ടിപ്പിച്ചു.എന്ത് പരിപാടിയാണെങ്കിലും അഞ്ചു മിനിറ്റ് വൈകി മാത്രം എത്തുന്ന ഞാന്‍ പതിവിനു വിപരീതമായി അര മണികൂര്‍ നേരത്തെ ശിവരാമാനേയും കൂട്ടി നോട്ടിങ്ഹാമിലെ ട്രെന്‍റ് നദിക്കരയില്‍ ഉള്ള ആ മനോഹരമായ സ്റ്റേഡിയത്തില്‍ എത്തി. അവിടെ ആരെയും കാണാതെ വിഷമിച്ചു നിന്നപോഴാണ് "ലോകകപ്പിന്റെ ഭാഗമാകാന്‍ എത്തിയതാണോ" എന്ന് ഒരു സ്ത്രീ വന്നു ഞങ്ങളോട് ചോദിച്ചത്. അവരുടെ ആ ചോദ്യം ഞങ്ങളെ വാനോളമുയര്‍ത്തി. 'അതെ' എന്ന് ഉത്തരം നല്‍കി ഞങ്ങള്‍ അവര്‍ പറഞ്ഞ മുറിയിലെ ഏറ്റവും മുന്‍പന്തിയില്‍ തന്നെ ഇരിപ്പുറപ്പിച്ചു.

അരമണികൂറിനകം ഒരു വിധം എല്ലാവരും തന്നെ എത്തി ചേര്‍ന്നു. കൂടുതലും എന്നെ പോലെ വിദ്യര്‍ഥികളായിരിക്കും എന്നാണ് ഞാന്‍ കരുതിയത്. പക്ഷേ വന്നു ചേര്‍ന്നവര്‍ കൂടുതലും നാല്‍പതു വയസിനു മുകളില്‍ പ്രായമുള്ള പുരുഷന്മാരും സ്ത്രീകളും. മൂന്നോ നാലോ ഇന്ത്യക്കാര്‍. അതില്‍ മലയാളികളായി ഞങ്ങള്‍ രണ്ടു പേര്‍ മാത്രം. ബാക്കി എല്ലാം ബ്രിട്ടീഷുകാര്‍. എല്ലാവരും സ്വയം പരിചയപെടുത്തി. അവരില്‍ പലരും ക്രിക്കറ്റ്‌ കോച്ചുമാര്‍, ചിലര്‍ കൌണ്ടി ടീമുകളില്‍ പോലും കളിച്ചിടുണ്ട്. അവരുടെ ഇടയില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടതില്‍ എനിക്ക് എന്തെന്നിലാത്ത അഭിമാനം തോന്നി. അല്പസമയത്തിനകം മുന്‍പ് കണ്ട ആ സ്ത്രീ സ്വയം പരിചയപ്പെടുത്തി. ആനി സ്കൊട്ട് എന്നാണ് അവരുടെ പേര്. ട്വന്റി-20 ലോകകപ്പ്‌ മാനേജ്മെന്റ് കമ്മിറ്റിയുടെ മാനേജര്‍ ആണ് അവര്‍. പിന്നെ എനിക്ക് മെയില്‍ അയച്ച ഇംഗ്ലീഷ് ക്രിക്കറ്റ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ ജൈല്‍സ് ക്ലാര്‍ക്ക്‌, നോട്ടിങ്ഹാം കൌണ്ടി ക്രിക്കറ്റിന്റെ റിജിയണല്‍ മാനേജര്‍ റിച്ചാര്‍ഡ്‌ ലൈട്ട്ബ്രൌന്‍, പിന്നെ ലോകകപ്പിന്റെ മുഴുവന്‍ ചുമതലയുള്ള സ്റ്റീവ് എല്‍വര്‍തി എന്നിവര്‍ ലോകകപ്പിനെ കുറിച്ചും നോട്ടിങ്ഹാംഷയര്‍ കൌണ്ടി ക്ലബിനെ കുറിച്ചും, നോട്ടിങ്ഹാം ട്രെന്‍റ് ബ്രിഡ്ജ് സ്റ്റേഡിയതിനെ കുറിച്ചും ലോകകപ്പില്‍ ഞങ്ങളുടെ ചുമതലകളെ കുറിച്ചും വിവരിച്ചു. ജൂണ്‍ 5 മുതല്‍ 21 വരെ മൂന്ന് വേദികളിലായാണ് ലോകകപ്പ്‌. നോട്ടിങ്ഹാമിനെ കൂടാതെ ലണ്ടനിലെ ലോര്‍ഡ്സും ഓവലും ആണ് മറ്റു വേദികള്‍. മാഞ്ച്സ്ടെറിലെ ഓള്‍ഡ്‌ ട്രാഫോദ്, ബര്‍മിങ്ങമിലെ എട്ജ്ബസ്റ്റൊന്‍ എന്നീ സ്റ്റേഡിയങ്ങളുമായി മത്സരിച്ചാണ്‌ ട്രെന്‍റ് ബ്രിഡ്ജ് ലോകകപ്പ്‌ വേദിയായി തിരഞ്ഞെടുക്കപെട്ടത്. ഇത്തവണ നോട്ടിങ്ഹാമില്‍ ആഷസ് മത്സരം ഇല്ല എന്ന കുറവ് ലോകകപ്പ്‌ വേദി ആയി തിരഞ്ഞെടുക്കപെട്ടതിലൂടെ ട്രെന്‍റ് ബ്രിഡ്ജ് നികത്തി എടുത്തു.
വാം അപ്പ്, ലീഗ് മാച്ച്, സൂപ്പര്‍ എട്ട്, സെമിഫൈനല്‍ ഉള്‍പ്പടെ പത്തു മത്സരങ്ങള്‍ ആണ് ഇവിടെ നടക്കാന്‍ പോകുന്നത്. അതിന്‍റെ ചുമതലകളാണ് ഞങ്ങളെ ഏല്‍പ്പിച്ചത്. ഞങ്ങളെ ആദ്യം മീഡിയ, അക്ക്രെഡിറ്റെഷന്‍, ടിക്കറ്റിംഗ്, എന്‍റര്‍ടേയിന്‍മന്‍റ്, ജനറല്‍ എന്നിങ്ങനെ അഞ്ചു ടീമായി തിരിച്ചു. വരുന്ന പത്രപ്രവര്‍ത്തകരെയും മീഡിയ ടീമിനെയും സഹായിക്കുക, പ്രസ്സ് കോണ്‍ഫറന്‍സ് സുഗമമായി സംഘടിപ്പിക്കുക എന്നിവയൊക്കെയാണ് മീഡിയ ടീമിന്‍റെ പണി. ഐ സി സി ഉദ്യോഗസ്ഥരെയും, കളിക്കാരെയും സഹായിക്കുക എന്നതാണ് അക്ക്രെഡിറ്റെഷന്‍ ടീമിന്‍റെ ചുമതല. കാണികള്‍ക്ക്‌ ടിക്കറ്റ്‌ നല്‍കുക, അവരെ ഇരിപ്പിടങ്ങള്‍ കാണിച്ചു കൊടുക്കുക എന്നിവ ടിക്കറ്റിംഗ് ടീമിന്‍റെ പരിപാടി. എന്‍റര്‍ടേയിന്‍മന്‍റ് ടീമിലുള്ളവരുടെ ചുമതലകളാണ് ഏറ്റവും രസകരം. ചിയര്‍ ലീഡേഴ്സിന് താങ്ങും തണലുമായി നില്‍ക്കുക, ഡഗൌട്ടില്‍ (Dugout) ഇരിക്കുന്ന കളിക്കാര്‍ക്കും, പിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കുന്ന കമന്‍റേററര്‍മാര്‍ എന്നിവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുക എന്നതൊക്കെയാണ് ഈ ടീമിന്‍റെ ജോലി. ഭാഗ്യമെന്നു പറയട്ടെ എന്‍റെ പേര് ആ ലിസ്റ്റില്‍ ആയിരുന്നു. അഞ്ചാമത്തെ ജനറല്‍ ടീമിനെ എങ്ങനെ വേണമെങ്കിലും പന്ത് തട്ടാം. ഒരു റിസര്‍വ്‌ ടീം എന്ന് വേണമെങ്കില്‍ പറയാം. ഏതൊക്കെ ദിവസങ്ങളില്‍ ഡ്യൂട്ടി വേണം എന്ന് നമുക്ക്‌ തിരഞ്ഞെടുക്കാം. ചിയര്‍ ലീഡേഴ്സിന്‍റെ ഒപ്പം നിന്ന് ക്രിക്കറ്റ്‌ ആസ്വദിക്കാന്‍ വേണ്ടി ഞാന്‍ എല്ലാ ദിവസത്തെയും ഡ്യൂട്ടി പ്രത്യേകം ചോദിച്ചു വാങ്ങി എന്ന് പ്രത്യേകം പറയണ്ട ആവശ്യം ഇല്ലല്ലോ.കളി ഉള്ള ദിവസം ഗ്രൌണ്ടിന്റെ അകത്തു കയറാന്‍ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡും യൂണിഫോമും തന്നു. ഐ ഡി ഇല്ലാതെ ഗ്രൗണ്ടില്‍ പ്രവേശനം ഇല്ല. പക്ഷെ കളിക്കാരുടെ ഡ്രെസ്സിംഗ് റൂം മുതല്‍ ഗ്രൌണ്ടിന്റെ ഏതു ഭാഗത്തും നിന്നോ ഇരുന്നോ കിടന്നോ കളി കാണാന്‍ ഉള്ള അവകാശം ആണ് ആ ഐ ഡി കാര്‍ഡിന്റെ പവര്‍.


ചുമതലകള്‍ വീതിച്ചു തന്നതിന് ശേഷം ഞങ്ങളെ ട്രെന്‍റ് ബ്രിഡ്ജ് സ്റ്റേഡിയത്തിന്റെ ഓരോ മുക്കും മൂലയും കൊണ്ട് നടന്നു കാണിച്ചു. ആദ്യം പോയത് മതില്‍കെട്ടിനുള്ളില്‍ തന്നെ ഉള്ള ട്രെന്‍റ് 'ബ്രിഡ്ജ് ഇന്‍' (Trent Bridge Inn) എന്ന പബ്ബിലെക്കാണ്. അവിടെയാണ് ലോകകപ്പ്‌ സമയത്ത് ഞങ്ങളുടെ താവളം. സര്‍ ഡോണ്‍ ബ്രാഡ്മാന്‍ ഉള്‍പ്പടെ പല പ്രമുഖ കളിക്കാരുടെയും പ്രിയപ്പെട്ട പുബ്ബ്‌ ആണ് ട്രെന്‍റ് ബ്രിഡ്ജ് ഇന്‍. വില്യം ക്ലാര്‍ക്ക്‌ എന്ന സായിപ്പാണ്‌ 1841 ഈ മനോഹര സ്റ്റേഡിയം പണി കഴിപ്പിച്ചത്. അദ്ദേഹത്തിന്റെ ഓര്‍മ്മക്കായി പണി കഴിപ്പിച്ചതാണ്‌ വില്യം ക്ലാര്‍ക്ക്‌ സ്റ്റാന്റ് എന്ന ഗാലറി. പുബ്ബിന്റെ നേരെ മുന്നിലാണ് വില്യം ക്ലാര്‍ക്ക്‌ സ്റ്റാന്റ്. അതിനപ്പുറം ബ്രിഡ്ജ് ഫോര്‍ഡ് റോഡിനു സമമായി ന്യൂ സ്റ്റാന്റ് എന്ന 5000 ഇരിപ്പിടങ്ങള്‍ ഉള്ള സ്റ്റാന്റ്. ന്യൂ സ്റ്റാന്റ് ഗാലറിയുടെ താഴത്തെ നിലകളില്‍ ആണ് കളിക്കാരുടെ ജിമ്മും അതി നൂതനമായ ഇന്‍ഡോര്‍ പ്രാക്ടീസ്‌ പിച്ചുകളും.ന്യൂ സ്റ്റാന്റ് ഗാലറി യോട് ചേര്‍ന്നാണ്‌ കളിക്കാരുടെ ഡ്രെസ്സിംഗ് റൂമും പവലിയനും. അതിനോട് ചേര്‍ന്ന് ഒരു പടുകൂറ്റന്‍ ഇലക്ട്രോണിക് സ്കോര്‍ ബോര്‍ഡും. പവലിയന്റെ അങ്ങേ വശത്താണ് ലാര്‍വുഡ്‌ ആന്‍ഡ്‌ വോസ് സ്റ്റാന്റ്. നോട്ടിങ്ഹാംഷയര്‍ കൌണ്ടി ക്ലബ്ബിന്റെ ചരിത്രം വ്യക്തമാക്കുന്ന ഒരു മനോഹരമായ ക്രിക്കറ്റ്‌ മ്യൂസിയം ഉണ്ട് ആ സ്റ്റാന്‍ഡില്‍. ക്ലബ്ബിനു വേണ്ടി ഇന്നോളം കളിച്ച കളിക്കാരുടെ ചിത്രങ്ങള്‍ , ആ ഗ്രൌണ്ട് സാക്ഷ്യം വഹിച്ച മികച്ച ഇന്നിങ്ങ്സുകള്‍, വിക്കറ്റുകള്‍ എന്നിവയുടെ ചിത്രങ്ങള്‍ കൊണ്ട് അലങ്കരിച്ചതാണ് ആ മ്യൂസിയം. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 11,000 റണ്‍സ് തികച്ചതും ഇതേ ഗ്രൗണ്ടില്‍ തന്നെ. സച്ചിന്റെ അന്നത്തെ ചിത്രം ആ ഭിത്തികളെ കൂടുതല്‍ മികവുറ്റതാക്കി എന്ന് എനിക്ക് തോന്നി. ഹാരോള്‍ഡ്‌ ലാര്‍വുഡ് എന്ന 'കുപ്രസിദ്ധ' താരത്തിന്റെ പേരിലാണ്‌ ആ ഗാലറി. 1932-33 ലെ ആഷസ് പരമ്പരയില്‍ ആസ്ട്രേലിയന്‍ ബാറ്റ്‌സ്‌മാന്‍ മാരെ എറിഞ്ഞിട്ട ബോഡി ലൈന്‍ എന്ന ടാക്ടിക്സ് തുടങ്ങി വച്ച ലാര്‍വുഡ് ഇംഗ്ലണ്ടിന് നോട്ടിങ്ഹാംഷയര്‍ കൌണ്ടി ക്ലബ്ബിന്റെ സംഭാവനയാണ്.
ന്യൂ സ്റ്റാന്‍് ന്റെ നേരെ എതിര്‍ വശത്താണ് ഫോക്സ് റോഡ്‌ സ്റ്റാന്‍്. പവലിയന്റെ നേരെ എതിര്‍ വശത്ത് ഉള്ളത് റാഡ്ക്ലിഫ് സ്റ്റാന്‍്. 2007 ല്‍ പുതുക്കി പണിത റാഡ്ക്ലിഫ് സ്ററാന്‍റും മറ്റു അഞ്ചു സ്ററാന്‍റും കൂടെ മൊത്തം 17,500 കാണികളെ ഉള്‍ക്കൊള്ളും ട്രെന്‍റ് ബ്രിഡ്ജ് സ്റ്റേഡിയം. ഓരോ ദിക്കിലും ഉള്ള പടുകൂറ്റന്‍ ഫ്ലഡ് ലൈറ്റുകള്‍ ഡേ ആന്‍ഡ്‌ നൈറ്റ്‌ മത്സരങ്ങള്‍ക്ക് വേണ്ടി ഉള്ളതാണ്. ഞങ്ങള്‍ ഗ്രൌണ്ട് ചുറ്റി കാണുമ്പോള്‍ പിച്ചും പുല്ലും ലോകകപ്പിന്‌ വേണ്ടി ഒരുക്കുന്ന ജോലികള്‍ അവിടെ നടക്കുന്നത് കാണാമായിരുന്നു. സ്റ്റേഡിയം മുഴുവന്‍ ചുറ്റി സഞ്ചരിച്ചു ഒരു ഗംഭീര ലഞ്ചും കഴിച്ചു ഇനി ലോകകപ്പ്‌ ഡ്യൂട്ടി ക്ക് കാണാം എന്ന് പറഞ്ഞു പിരിയുമ്പോള്‍ ഞങ്ങളുടെ മനസ്സില്‍ ക്രിക്കറ്റ്‌ എന്ന ഒരൊറ്റ വികാരമേ ഉണ്ടായിരുന്നുള്ളു.
ഈ വമ്പന്‍ അവസരത്തിനോടൊപ്പം ക്രിക്കറ്റുമായി ബന്ധപ്പെട്ട മറ്റു രണ്ടു സുവര്‍ണവസരങ്ങള്‍ കൂടെ എനിക്ക് വീണു കിട്ടി. ക്രിക്കറ്റ്‌ വെബ്സൈറ്റ്കളുടെ അവസാന വാക്കായ cricinfo.com എന്ന വെബ്സൈറ്റ് നു വേണ്ടി ജൂണ്‍ 8 നു ഇവിടെ നടക്കുന്ന ഓസ്ട്രേലിയ ശ്രിലങ്ക മത്സരം റിപ്പോര്‍ട്ട്‌ ചെയ്യുക എന്നതണ് ആദ്യത്തെ അവസരം. മറ്റൊന്ന് ഞാന്‍ ഒരിക്കലും കണ്ടിട്ടിലാതെ എന്‍റെ ഒരു അടുത്ത സുഹൃത്തിന്റെ ക്രിക്കറ്റ്‌ വെബ്സൈറ്റ് ആയ cricketcircle.com വേണ്ടി ക്രിക്കറ്റ്‌ ഫോട്ടോഗ്രാഫര്‍ ആയി പ്രവര്‍ത്തിക്കുക എന്ന സ്വപ്നതുല്യമായ ജോലി.
ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന ആ അസുലഭ നിമിഷങ്ങള്‍ക്ക് ഇനി ഒരു മാസത്തെ കാത്തിരിപ്പ്‌. അതിനു മുന്‍പ് യൂണിവേഴ്സിററിയില്‍ ഇമ്മിണി ബല്യ രണ്ടു പരൂക്ഷകള്‍ ഉണ്ട്. പക്ഷെ ക്രിക്കറ്റ്‌ എന്ന ആവേശ കടലിനു മുന്നില്‍ ആ പരീക്ഷകള്‍ ഒലിച്ചു പോകും എന്ന് എനിക്ക് ഉറപ്പാണ്‌. കാരണം രണ്ടര വര്‍ഷം ടാറ്റാ യുടെ ഐ ടീ സ്ഥാപനത്തില്‍ കിട്ടിയതിനേക്കാള്‍ കൂടുതല്‍ അനുഭവങ്ങള്‍ രണ്ടര ആഴ്ച ഉള്ള ആ ക്രിക്കറ്റ്‌ മാമാങ്കം എനിക്ക് നല്‍കും എന്ന ഉറച്ച വിശ്വാസം തന്നെ.
************************************************************************************************************************************
കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

15 comments:

വിഷ്ണു | Vishnu said...

2009 ഏപ്രില്‍ മാസത്തില്‍ ഐ.സി.സി ട്വന്റി-20 ലോകകപ്പില്‍ പങ്കാളിയാകാന്‍ നോട്ടിങ്ഹാം ട്രെന്‍റ് ബ്രിഡ്ജ് ക്രിക്കറ്റ്‌ സ്റ്റേഡിയത്തില്‍ പോയ വിശേഷങ്ങള്‍.

Ashly said...

mmm....Ten thousand thundering typhoons!!!!
Enjoy man!!!!!!!! i am sure you are going to have a wonderful time !!! keep us updated about the thrills.

ot:ചിയര്‍ ലീഡേഴ്സിന്‍റെ ഫോടോ അപ്‌ലോഡ്‌ ചെയ്യാന്‍ മിസ്സ്‌ ആയാല്‍, അവിടെ വന്നു തല്ലും..ഹും..

ശ്രീ said...

ഭാഗ്യവാന്‍! വിസ്മയിപ്പിയ്ക്കുന്ന... കൊതിപ്പിയ്ക്കുന്ന വിശേഷങ്ങളും ചിത്രങ്ങളും.
:)

കുക്കു.. said...

nice...wishing u grt tim ther
:))

കുക്കു.. said...

nice...wishing u grt tim ther
:))

jijijk said...

പ്രിയ വിഷ്ണു, മനോഹരമായ എഴുത്തു. ഇപ്പോഴാണു നിങ്ങളെ യാദൃശ്ചികമായി കണ്ടെത്തിയതു. ആദ്യ പോസ്റ്റ് മുതല്‍ ഈ പൊസ്റ്റ് വരെ ഒറ്റ ശ്വാസത്തില്‍ വായിച്ചു. നന്ദി

നിരക്ഷരൻ said...

സമയം കിട്ടുമ്പോള്‍ ക്രിക്കറ്റിന്റെ മക്കയായ ലോഡ്സില്‍ കൂടെ ഒന്ന് പോയി എഴുതിയിടണം വിഷ്ണൂ. അവിടെ പോകാന്‍ പറ്റാത്തതിന്റെ ദുഃഖവുമായി ഞാന്‍ ഈ വരുന്ന 20 ന് നാട്ടിലേക്ക് മടങ്ങുന്നു. എന്നെന്നേയ്ക്കുമായി :(

ഈ പോസ്റ്റിന് നന്ദി

കുഞ്ഞായി | kunjai said...

ശെരിക്കും നല്ല ത്രില്ലിങ്ങ് അനുഭവങ്ങള്‍ അല്ലേ...എഴുത്തിലൂടെ അത് വായിച്ചെടുക്കാം....:)

Unknown said...

മാഷെ നന്നായിരിക്കുന്നു എല്ലാ ആശംസകളും

Achuth said...

superb!!!!!!!!!!!!!!!!!!!

വിഷ്ണു | Vishnu said...

Captain Haddock പേര് കേട്ട് ഞാന്‍ ഒന്ന് ഞെട്ടി. പേര് മാറ്റിയ വിവരം ഇപ്പോളാണ് ശ്രദ്ധിച്ചത്. ചീര്‍ ലീഡേഴ്സിന്‍റെ ഫോടോ ഒരുപാടു എടുത്തു. തീര്‍ച്ചയായും അപ്‌ലോഡ്‌ ചെയ്യാം.

ശ്രീയേട്ടാ ശരിക്കും ത്രില്ലിംഗ് ആരുന്നു ...കമന്റിനു നന്ദി

കുക്കൂ നന്ദി ;-)

മെര്‍കുഷിയോ ഇവിടെ വന്നു പ്രോത്സാഹനങ്ങള്‍ തന്നതിന് ഒരുപാട് നന്ദി

നീരുവേട്ടാ , ലോര്‍ഡ്സ് മിസ്സ്‌ ആക്കില്ല എന്ന് മാത്രമല്ല അവിടെ പോവുകയും ചെയ്തു. അതിനെ പറ്റി തീര്‍ച്ചയായും എഴുതാം

കുഞ്ഞായി ...ശരിക്കും ഒരു ത്രില്ലര്‍ തന്നെ ആയിരുന്നു ;-)

സജിയെട്ടാ നന്ദി

Achuth വെരി താങ്ക്സ്

Unknown said...

അസൂയ എന്ന വികാരം ഇല്ലാത്തവരെ പോലും ഭ്രാന്ത് പിടിപ്പിക്കുന്ന രീതിയിലാണല്ലോ എഴുതിയിരിക്കുന്നെ....
Anyway all the best..!!

ധനേഷ് said...

അടുത്ത പോസ്റ്റ് എവിടേ?
അടുത്ത പോസ്റ്റ് എവിടേ?
അടുത്ത പോസ്റ്റ് എവിടേ?

Anonymous said...

saaru puli thanne.. molilathe coment ariyaandu poyathaane...

വിഷ്ണു | Vishnu said...

അഞ്ജു: ;-) നന്ദി

ധനേഷ്: അടുത്തത് ഇട്ടു, ഇഷ്ടമാകും എന്ന് വിശ്വസിക്കുന്നു

jojijoseph: അത് സാറിന് ഇപ്പോഴാണോ മനസ്സിലായെ ;-)

Related Posts with Thumbnails