Showing posts with label ക്രിക്കറ്റ്‌. Show all posts
Showing posts with label ക്രിക്കറ്റ്‌. Show all posts

30 August 2009

ഫൈനല്‍ @ ലോര്‍ഡ്സ്

ലോര്‍ഡ്സ്, ക്രിക്കറ്റ്‌ ഗ്രൗണ്ട് എന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ ആദ്യം ഓടി എത്തുന്ന പേര്. കുട്ടിക്കാലത്ത് ക്രിക്കറ്റ്‌ കളി ടി വിയില്‍ കണ്ടു തുടങ്ങിയപ്പോള്‍ മുതലുള്ള ആവേശമാണ് ലോര്‍ഡ്സ്. അവിടേക്കാണ്‌ എന്‍റെ അടുത്ത യാത്ര, അതും ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ കൌണ്‍സിലിന്റെ  ക്ഷണിക്കപ്പെട്ട അതിഥി ആയി ഒരു ലോകകപ്പ്‌ ഫൈനല്‍ മത്സരം കാണാന്‍. ഒന്നല്ല രണ്ടു ഫൈനല്‍ മത്സരങ്ങള്‍. ഇംഗ്ലണ്ട് ന്യൂസിലണ്ട് വനിതാ ഫൈനല്‍, അതിനു ശേഷം പാക്കിസ്ഥാന്‍ ശ്രിലങ്ക പുരുഷ ട്വന്റി-20 ഫൈനല്‍ എന്നീ മത്സരങ്ങള്‍ ആണ് 2009 ജൂണ്‍ 21 നു ലണ്ടനിലെ സെയിന്‍റ് ജോണ്‍സ്‌ വുഡില്‍ ഉള്ള ക്രിക്കറ്റിന്റെ മക്ക എന്നറിയപ്പെടുന്ന ലോര്‍ഡ്സില്‍ നടക്കുന്നത്. ഫൈനല്‍ പാകിസ്ഥാനും ശ്രിലങ്കയും തമ്മില്‍ ആണെന്നുള്ളത്‌ എന്നെ അല്പം വിഷമിപ്പിച്ചു, കാരണം രണ്ടും എനിക്ക് ഒട്ടും താത്പര്യം ഇല്ലാത്ത ടീമുകള്‍. 1996ല്‍ ഈഡന്‍ ഗാഡന്സില്‍  നടന്ന ലോകകപ്പ്‌ സെമിഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ചത് മുതല്‍ വെറുക്കാന്‍ തുടങ്ങിയതാണ് ശ്രിലങ്കയെ. പണ്ട് മിയാന്‍ദാദ് അവസാന പന്തില്‍ സിക്സര്‍ അടിച്ചു ഇന്ത്യയെ തോല്‍പ്പിച്ചത് മുതല്‍ പാകിസ്ഥാനെയും വെറുക്കുന്നു. അങ്ങനെ ഇരിക്കെയാണ് സപ്പോര്‍ട്ട് ചെയ്യാന്‍ ഒരു ടീമിനെ കിട്ടുന്നത്. എന്‍റെ ഒപ്പം ട്രെന്‍റ് ബ്രിഡ്ജില്‍ ലോകകപ്പ്‌ സംഘാടക സമിതിക്ക് വേണ്ടി പ്രവര്‍ത്തിച്ച മറ്റു സഹ പ്രവര്‍ത്തകരുടെ കൂടെ നോട്ടിങ്ങമില്‍ നിന്നും രാവിലെ എട്ടു മണിക്കാണ് യാത്ര തുടങ്ങുന്നത്. എന്‍റെ സ്ഥലമായ കോവെന്ട്ര്യില്‍ നിന്നും രണ്ടു മണിക്കൂര്‍ സഞ്ചരിച്ചു വേണം നോട്ടിങ്ങമില്‍ എത്താന്‍. പക്ഷേ അവിടേക്കുള്ള ആദ്യ ട്രെയിന്‍ എത്തി ചേരുമ്പോള്‍ സമയം ഒന്‍പതു മണി ആകും. അങ്ങനെ വിഷമിച്ച് ഇരുന്നപ്പോഴാണ് ഞങ്ങളുടെ ഒരു സുഹൃത്തായ കാന്തി അണ്ണന്‍ എന്ന് അറിയപ്പെടുന്ന കന്തിപന്‍ ധര്‍മ്മലിങ്കം എന്ന ശ്രിലങ്കന്‍ വംശജന്‍ എന്നെയും ശിവരമാനെയും രാവിലെ തന്നെ നോട്ടിങ്ങമില്‍ എത്തിക്കാം എന്ന ഓഫര്‍ തന്നത്. അന്നത്തെ ആ ലിഫ്ടിനു പ്രത്യുപകാരമായി ഞാന്‍ അന്ന് ശ്രിലങ്കയെ  പിന്തുണക്കാം എന്ന് കാന്തി അണ്ണന് ഉറപ്പും കൊടുത്തു. 



അദ്ദേഹം ഞങ്ങളെ കൃത്യം എട്ടു മണിക്ക് മുന്‍പ് തന്നെ നോട്ടിങ്ങമില്‍ എത്തിച്ചു. അവിടെ ട്രെന്‍റ് ബ്രിഡ്ജ് ക്രിക്കറ്റ്‌ ഗ്രൗണ്ടിന്റെ അടുത്ത് ഞങ്ങളെ കാത്ത് ഇംഗ്ലീഷ് ക്രിക്കറ്റ്‌ ബോര്‍ഡിന്‍റെ മെര്‍സിഡീസ് ബസ്സ്‌ കിടപ്പുണ്ടായിരുന്നു. ബസ്സില്‍ ഞങ്ങള്‍ നാല്‍പ്പതോളം പേര്‍. എല്ലാവരും ഐ സി സി ട്വന്റി ട്വന്റി ലോകകപ്പിലെ സംഘാടക സമിതി അംഗങ്ങള്‍. എന്നെ പോലെ അവര്‍ക്ക് എല്ലാവര്‍ക്കും ക്രിക്കറ്റ്‌ ഒരു മതമാണ്‌. അവിടെ നിന്ന് രണ്ടു മണിക്കൂര്‍ വേണം ലണ്ടനില്‍ എത്താന്‍. ഞങ്ങളുടെ പിന്നില്‍ ഇരുന്ന് രണ്ടു പാകിസ്ഥാനി സുഹൃത്തുക്കള്‍ അവരുടെ ടീമിന്‍റെ വിജയ സാധ്യതയെ പറ്റി വിവരിക്കുന്നത് കേട്ടപ്പോള്‍ പാക്കിസ്ഥാന്‍ ഇന്ത്യയുടെ ഭാഗം ആയിരുന്നെങ്കില്‍ എന്ന് ഒരു നിമിഷം ഞാന്‍ ആശിച്ചു പോയി. ബസ്സ്‌ കൃത്യം രണ്ടു മണിക്കൂര്‍ കൊണ്ട് ലണ്ടനിലെ സെയിന്‍റ് ജോണ്‍സ്‌ വുഡില്‍ എത്തി. ഞങ്ങളുടെ മുന്നില്‍ ലോര്‍ഡ്സിന്റെ മീഡിയ സെന്‍റര്‍ ദൃശ്യമായി തുടങ്ങി. മാലിബോന്‍ ക്രിക്കറ്റ്‌ ക്ലബ്ബിന്റെ ( എം.സി.സി) ഉടമസ്ഥതയില്‍ ഉള്ള മുപ്പതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന ലോകത്തിലെ ഏറ്റവും മനോഹരമായ ക്രിക്കറ്റ്‌ സ്റ്റേഡിയം  1814ല്‍ ആണ് നിര്‍മ്മിച്ചത്. തോമസ്‌ ലോര്‍ഡ്‌ എന്ന അതിന്‍റെ ശില്‍പ്പിയുടെ പേരില്‍ നിന്നാണ് ലോര്‍ഡ്സ്സിന് ആ പേര് കിട്ടിയത്. 
സെയിന്‍റ് ജോണ്‍സ്‌ വുഡില്‍ ഇറങ്ങിയ ഞങ്ങളെ,ഞങ്ങളുടെ മാനേജര്‍ ആയ റിച്ചാര്‍ഡ്‌ ലോര്‍ഡ്സിന്റെ നേരെ എതിര്‍ വശത്തുള്ള റീജന്റ്റ് പാര്‍ക്ക്‌ എന്ന വലിയ ഹോട്ടലിലേക്ക് കൂട്ടി കൊണ്ട് പോയി. അവിടെ ഞങ്ങളെ പോലെ ലോകകപ്പിന്റെ മറ്റു വേദികളില്‍ പ്രവര്‍ത്തിച്ചിരുന്നവരും സന്നിഹിതരായിരുന്നു. എല്ലാവരും ഐ സി സി യുടെ ക്ഷണിക്കപ്പെട്ട അഥിതികള്‍. എല്ലാവര്‍ക്കും റിച്ചാര്‍ഡ്‌ ലോര്‍ഡ്സ്സിലേക്ക് പ്രവേശിക്കാന്‍ ഉള്ള പാസ്സ് നല്‍കി. ഒപ്പം ഒരു സന്തോഷ വാര്‍ത്തയും. "വനിതാ ഫൈനലിന് ശേഷം പുരുഷ ഫൈനലിന് മുന്‍പ് മാനേജ്‌മന്റ്‌ ടീമിലെ എല്ലാവര്‍ക്കും ഐ സി സി വക ഒരു 'ലാപ്പ്‌ ഓഫ് ഓണര്‍', ഒരു റൗണ്ട്‌ എല്ലാവരെയും ലോര്‍ഡ്സ് സ്റ്റേഡിയം ചുറ്റിക്കും". ഒപ്പം സ്നേഹപൂര്‍വ്വം ഒരു ഭീഷണിയും. "ഹീല്‍ ഉള്ള ഷൂസ് ധരിച്ച് ആരെങ്കിലും മൈതാനത്തോ പിചിലോ പ്രവേശിച്ചാല്‍ അവരെ പിച്ച് കയ്യേറി എന്ന കുറ്റം ചുമത്തി പോലീസ് ഉടന്‍ അറസ്റ്റ് ചെയ്യുന്നതായിരിക്കും". റിച്ചിന്റെ ഈ പ്രഖ്യാപനം ഒരു വന്‍ ഹര്‍ഷാരവത്തോടെയാണ് ഞങ്ങള്‍ സ്വീകരിച്ചത്. റിച്ചിന്റെ കയ്യില്‍ നിന്നും ടിക്കറ്റും കരസ്ഥമാക്കി ലോര്‍ഡ്സ് ലക്ഷ്യം വച്ച് ഹോട്ടലില്‍ നിന്നും നടന്നു തുടങ്ങി.
>സെയിന്‍റ് ജോണ്‍സ്‌ വുഡ്‌ എന്ന ആ വഴി പാക്കിസ്ഥാന്‍, ശ്രിലങ്ക ടീമുകളുടെ ആരാധകരെ കൊണ്ട് നിറഞ്ഞിരുന്നു. ഞങ്ങളുടെ കയ്യില്‍ ടിക്കറ്റ്‌ ഇരിക്കുന്നത് കണ്ടു ഒരു പാക്ക് ആരാധകന്‍ ഒപ്പം കൂടി. ആ ടിക്കറ്റ് അയാള്‍ക്ക് നല്‍കാമോ, ആയിരം പൗണ്ട് (എണ്‍പതിനായിരത്തോളം രൂപ) നല്‍കാം എന്നായി വാഗ്ദാനം. എന്‍റെ കയ്യില്‍ ഉള്ളത് ഫ്രീ കൊമ്പ്ലിമെന്ററി ടിക്കറ്റ് ആണ്. യഥാര്‍ത്ഥ ടിക്കറ്റ് വില കൂടിപ്പോയാല്‍ ഒരു അഞ്ഞൂറ് പൗണ്ട് വരെ വരും. അത് കിട്ടാത്തത് കൊണ്ടാണ് അയാള്‍ ഇപ്പോള്‍ ഇങ്ങനെ ഇരട്ടി തുകയ്ക്ക് ഒരു വിലപേശല്‍ നടത്തിയത്. പത്തു പൗണ്ടിന്റെ ഒരു നോട്ട്കെട്ടും അയാള്‍ എനിക്ക് നേരെ വീശി. പക്ഷേ വിലമതിക്കാനാകാത്ത ഒരു ടിക്കറ്റാണ് എന്‍റെ കയ്യില്‍ ഉള്ളത്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന അസുലഭ മുഹൂര്‍ത്തതിനു വില ഇടാന്‍ വന്നിരിക്കുന്നു ഒരാള്‍. അതും ഒരു പാകിസ്ഥാനി. ജോലിയും കൂലിയും ഇല്ലാതെ ഇവിടെ കഴിയുന്ന എനിക്ക് അടുത്ത ആറു മാസം സുഭിക്ഷമായി കഴിയാന്‍ ഉള്ള അത്രേം പണമാണ് അയാളുടെ വാഗ്ദാനം. പക്ഷേ എന്നിലെ ക്രിക്കറ്റ്‌ ആരാധകന് വിലയിടാന്‍ മാത്രം ഉള്ള തറവാട് സ്വത്തൊന്നും അയാള്‍ക്ക്‌ ഏഴു ജന്മം ജനിച്ചാലും ഉണ്ടാവില്ല . ഞാന്‍ സ്നേഹപൂര്‍വ്വം ഒഴിഞ്ഞു മാറി. അയാള്‍ വില കൂട്ടി 1200 പൗണ്ട് വരെ പോയി. ഞാന്‍ വഴങ്ങിയില്ല. ആ ഭ്രാന്തന്‍ എന്‍റെ കയ്യില്‍ നിന്ന് ടിക്കറ്റ് തട്ടി പറിച്ചു കൊണ്ട് പോകുമോ എന്ന് പേടി ഉള്ളത് കൊണ്ട് ഞാന്‍ ആ ടിക്കറ്റ് പയ്യെ മടക്കി പോക്കറ്റില്‍ ഇട്ടു. പിന്നെ ഒന്നും നോക്കിയില്ല, പ്രവേശന കവാടത്തിലേക്ക് ഒറ്റ ഓട്ടം ആയിരുന്നു. ദേഹപരിശോധനക്ക് ശേഷം സ്റ്റേഡിയത്തിനകത്ത് എനിക്ക് വേണ്ടി ഒഴിഞ്ഞു കിടന്ന ഇരിപ്പിടത്തില്‍ കയറി ഇരുന്നപ്പോഴാണ് എനിക്ക് സമാധാനമായത്.




ഞങ്ങള്‍ ചെന്നപ്പോഴേക്കും അവിടെ വനിതാ ഫൈനല്‍ തുടങ്ങിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലണ്ട് വനിതകള്‍ വെറും 85 റണ്‍സിന് ഓള്‍ ഔട്ട്‌ ആയി. മറുപടിയായി ഇംഗ്ലണ്ട് വനിതകള്‍ വെറും 17 ഓവറില്‍ ലക്‌ഷ്യം കണ്ടു. മൂന്ന് ന്യൂസിലണ്ട് വിക്കറ്റുകള്‍ പിഴുത ബ്രെന്റ്റ്‌ പ്ലെയര്‍ ഓഫ് ദി മാച്ചും, പരമ്പരയില്‍ ഉടനീളം മികച്ച പ്രകടനം കാഴ്ചവച്ച ഇംഗ്ലണ്ടിന്റെ  ക്ലയെര്‍ ടയിലര്‍ പ്ലെയര്‍ ഓഫ് ദി സീരിസും ആയി. അവാര്‍ഡ്‌ധാന ചടങ്ങുകള്‍ക്കൊടുവില്‍ ചാര്‍ലൊട്ട് എഡ്വാര്‍ഡ്‌ എന്ന ഇംഗ്ലീഷ് നായിക കപ്പുയര്‍ത്തി. ആദരസൂചകമായി ലോര്‍ഡ്സില്‍ വര്‍ണ്ണാഭമായ കരിമരുന്നു പ്രയോഗവും നടന്നു. അതിനു ശേഷം അവര്‍ ലോകകിരീടവുമായി ലോര്‍ഡ്സിനെ പ്രദക്ഷിണം വച്ചു. വനിതകളെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നവരുടെ കൂട്ടത്തില്‍ ലോര്‍ഡ്സിലെ പടുകൂറ്റന്‍ സ്ക്രീനില്‍ ചിരപരിചിതമായ ഒരു മുഖം തെളിഞ്ഞു വന്നു. സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. അദ്ദേഹവും ഞങ്ങളെ പോലെ കളി കാണാന്‍ വന്നതാണ്‌ എന്ന തിരിച്ചറിവ് എന്‍റെ ആവേശം ഇരട്ടിപ്പിച്ചു.


വനിതകളുടെ പ്രകടനം കഴിഞ്ഞ് റിച്ചാര്‍ഡ്‌ ഞങ്ങളെ എല്ലാവരെയും ലോര്‍ഡ്സിന്റെ പുറത്തുള്ള പരിശീലന ഗ്രൗണ്ടിലേക്ക്  കൂട്ടികൊണ്ട് പോയി. ലോര്‍ഡ്സ്, ഓവല്‍, ട്രെന്‍റ് ബ്രിഡ്ജ്, ബ്രിസ്റ്റോള്‍ എന്ന നാല് ലോകകപ്പ്‌ വേദികളില്‍ പ്രവര്‍ത്തിച്ച ഇരുനൂറോളം പേരുണ്ട് അവിടെ. ഇനി ലോര്‍ഡ്സിന്റെ മൈതാനം കീഴടക്കാന്‍ പോകുന്നത് ഞങ്ങള്‍ ആണ്. ഒളിമ്പിക്സിലെ പോലെ ഗ്രൗണ്ട് മുഴുവന്‍ ചുറ്റി ഉള്ള മാര്‍ച്ച്‌ പാസ്റ്റ്‌ ആണ് 'ലാപ്‌ ഓഫ് ഓണര്‍'. ഗ്രൗണ്ടില്‍ ഈ സമയം ശ്രിലങ്ക പാക്കിസ്ഥാന്‍ ടീമുകള്‍ ഫൈനലിന് മുന്‍പ് അവസാന വട്ട പരിശീലനം നടത്തുകയാണ്. അവരെ ചുറ്റി വേണം ഞങ്ങള്‍ക്ക് ലോര്‍ഡ്സിനെ വലം വയ്ക്കാന്‍. അങ്ങനെ റിച്ചാര്‍ഡിന്റെ ഉത്തരവും കാത്തു ലോര്‍ഡ്സിലെ മനോഹരമായ ചില്ല് കൂട് കൊണ്ട് നിര്‍മ്മിച്ച മീഡിയ സെന്‍റെറിന്  താഴെ നില്‍പ്പായി ഞങ്ങള്‍. 



ലോര്‍ഡ്സിനെ ഏറ്റവും ആദ്യം തൊടാനായി ഞാന്‍ മുന്‍ നിരയില്‍ തന്നെ സ്ഥാനമുറപ്പിച്ചു. നിര്‍ദ്ദേശം ലഭിച്ചതും പുല്‍തകിടിയെ തൊട്ടു വണങ്ങി വലതു കാല്‍ വച്ചു ഞാന്‍ ആ മൈതാനത്തിന്റെ മുറ്റത്തേക്ക്‌ പ്രവേശിച്ചു. ഞങ്ങളെ ഒരു കരാഘോഷത്തോടെയാണ് കാണികള്‍ വരവേറ്റത്. ഞങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ശ്രിലങ്ക പാക്കിസ്ഥാന്‍ ടീമിലെ കളിക്കാരും കാണികളുടെ ഒപ്പം കയ്യടിക്കുന്നു. കാണികളുടെ കൂട്ടത്തില്‍ എന്‍റെ കണ്‍കണ്ട ദൈവമായ സച്ചിനും ഉണ്ട് എന്നത് എന്‍റെ ആവേശത്തെ അതിന്‍റെ കൊടുമുടിയില്‍ എത്തിച്ചു. ലാപ്പ് ഓഫ് ഓണറിന്റെ വീഡിയോ ചുവടെ
ചേര്‍ത്തിരിക്കുന്നു
.

അങ്ങനെ സച്ചിനെയും ലോകകപ്പ്‌ ജേതാക്കള്‍ ആകാന്‍ പോകുന്ന കളിക്കാരെയും സാക്ഷി നിര്‍ത്തി ആജീവാനന്തകാലം ഓര്‍മ്മയില്‍ നില്‍ക്കാന്‍ പോകുന്ന ഒരു ഇന്നിംഗ്സ് ഞങ്ങള്‍ ആരംഭിച്ചു. ഇരുനൂറു പേരുടെ മുന്‍നിരയില്‍ ഉണ്ടായിരുന്ന ഞാന്‍ കൂടുതല്‍ സമയം ആ മൈതാനത്ത് നില്‍ക്കാന്‍ പതുക്കെ പുറകോട്ടു വലിഞ്ഞു കൊണ്ടിരുന്നു. ലോര്‍ഡ്സിന്റെ മനോഹാരിത മുഴുവന്‍ ക്യാമറയില്‍ പകര്‍ത്തണം എന്ന ലക്ഷ്യവും ഉണ്ടായിരുന്നു ഇതിനു പിന്നില്‍. 
നടന്നു നടന്നു ഞാന്‍ ലോര്‍ഡ്സിലെ വിശ്വപ്രസിദ്ധ പവലിയന് മുന്നില്‍ എത്തി. ഇവിടെ വച്ചാണ് കപില്‍ ദേവ് 1983 ജൂണ്‍ 25 നു ഇന്ത്യക്ക് വേണ്ടി ലോകകപ്പ്‌ ഉയര്‍ത്തിയത്‌. ഇതേ പവലിയനില്‍ വച്ചാണ് എനിക്ക് കൃത്യം പതിനെട്ടു വയസു തികഞ്ഞ 2002 ജൂലൈ 13 നു 325 എന്ന റെക്കോര്‍ഡ്‌ സ്കോര്‍ മറികടന്ന് നാറ്റ് വെസ്റ്റ് ട്രോഫി ജയിച്ചപ്പോള്‍ സൗരവ് ഗാംഗുലി ഷര്‍ട്ട്‌ ഊറി വീശിയത്. അപ്പോള്‍ കപില്‍ ദേവിനും ഗാംഗുലിക്കും ഉണ്ടായ അതെ വികാരമാണ് എനിക്ക് ആ 'ലാപ്‌ ഓഫ് ഓണര്‍' നടന്നപ്പോള്‍ ഉണ്ടായത്. ഏറ്റവും ആദ്യം കളത്തില്‍ ഇറങ്ങി ഏറ്റവും അവസാനമായി തിരികെ കയറുന്ന സ്വപ്നസാക്ഷാത്കാരമായ ആ ഇന്നിംഗ്സ് അവസനിപ്പിക്കുന്നതിന് തൊട്ടു മുന്‍പ് ഞാന്‍ ആ 'പുണ്യഭൂമിയിലെ' പ്രസാദം പോലെ ഒരു നുള്ള് മണ്ണും കുറച്ചു പുല്ലും പറിച്ചെടുക്കാന്‍ മറന്നില്ല.


വീണ്ടും വേദിയിലേക്ക്. ശ്രിലങ്ക പാക്കിസ്ഥാന്‍ ഫൈനല്‍ കാണാന്‍. ടോസ്‌ നേടിയ ലങ്കന്‍ നായകന്‍ കുമാര സംഗകാര ആദ്യം ബാറ്റിങ്‌ തിരഞ്ഞെടുത്തു. ആദ്യ ഓവറില്‍ ശ്രിലങ്കയുടെ താരമായ ദില്‍ഷന്‍ പുറത്തായപ്പോള്‍ തന്നെ കളിയുടെ ഗതി വ്യക്തമായി. പിന്നീട് മുറയ്ക്ക് ലങ്കന്‍ വിക്കറ്റുകള്‍ കൊഴിഞ്ഞുകൊണ്ടേ ഇരുന്നു. നായകന്‍റെ കളി പുറത്തെടുത്ത സംഗകാരയുടെ മികവില്‍ ശ്രിലങ്ക 138 റണ്‍സ് നേടി. മറുപടി ബാറ്റിങ്‌ ആരംഭിച്ച പാകിസ്ഥാന് മികച്ച തുടക്കമാണ് കിട്ടിയത്. പിന്നീടായിരുന്നു ശാഹിദ് അഫ്രിഡിയുടെ മാസ്മര ബാറ്റിങ്‌. മുരളിധരനെയും മലിംഗയേയും ഓരോ തവണ വേലിക്കെട്ടിനപ്പുറം എത്തിക്കുമ്പോഴും ഗ്യാലറിയിലെ പാക്ക് ആരാധകര്‍ ഇളകി മറിഞ്ഞു. അങ്ങനെ പത്തൊന്‍പതാം ഓവറില്‍ പാകിസ്ഥാന്‍ ലക്‌ഷ്യം കണ്ടു. ആ രംഗം ഒപ്പിയെടുക്കാന്‍ ഞാന്‍ സീറ്റ്‌ വിട്ടു ഗ്രൗണ്ടിന്റെ മുന്‍നിരയില്‍ എത്തിയിരുന്നു.


രണ്ടു വര്‍ഷം മുന്‍പ് ജൊഹെന്നാസ്ബര്‍ഗ്ഗില്‍ മഹേന്ദ്ര സിംഗ് ധോണി ഇന്ത്യക്ക് വേണ്ടി ഉയര്‍ത്തിയ ആ ലോക കിരീടം ഏറ്റുവാങ്ങാന്‍  ഉള്ള നിയോഗം ഇത്തവണ പാക്ക് നായകനായ യൂനിസ് ഖാനായിരുന്നു. തുടര്‍ന്നു മനോഹരമായ വെടികെട്ടും അവിടെ അരങ്ങേറി. അതിനു ശേഷം ലോക ജേതാക്കള്‍ കപ്പുമായി ഒരു റൗണ്ട്‌ കാണികളെ വലം വച്ചു. അവരെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചപ്പോള്‍ ഞാനും മനസ്സ് കൊണ്ട് ഒരു നിമിഷം ഒരു പാകിസ്ഥാന്‍കാരനായി. അങ്ങനെ കളി തുടങ്ങിയപ്പോള്‍ ശ്രിലങ്കന്‍ ആരാധകന്‍ ആയിരുന്ന ഞാന്‍ കളി കഴിഞ്ഞപ്പോഴേക്കും മറുകണ്ടം ചാടി. അല്ലെങ്കിലും ജയിക്കുന്ന ടീം ആണെല്ലോ എപ്പോഴും നമ്മുടെ ടീം. 

പക്ഷേ ലോര്‍ഡ്സിന്റെ പടിയിറങ്ങുമ്പോള്‍ എന്‍റെ മനസ്സില്‍ കളി ജയിച്ചത്‌ പാകിസ്ഥാന്‍ ആയിരുന്നില്ല. പകരം ഞാനും എന്‍റെ ക്രിക്കറ്റ്‌ സ്വപ്നങളും ആയിരുന്നു. കാരണം അന്നത്തെ ആ 'ഫൈനല്‍ @ ലോര്‍ഡ്സ്' എനിക്കും എന്നെ പോലെ ക്രിക്കറ്റിനെ ജീവന് തുല്യം സ്നേഹിക്കുന്ന കുറെ ആരാധകര്‍ക്കും വേണ്ടി ഉള്ളതായിരുന്നു. 
***************************************************************************************************************************************
കൂടുതല്‍ ലോര്‍ഡ്സ് ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

29 July 2009

വേള്‍ഡ്‌ കപ്പ്‌ ഡയറി

മഞ്ഞുകാലത്തിന്റെ കുളിരില്‍ നിന്ന് വേനല്‍ കാലത്തേ ആലസ്യത്തിലേക്ക് ഇംഗ്ലണ്ട് എന്ന രാജ്യം മാറുന്നത് കണ്മുന്നില്‍ ദൃശ്യമായി തുടങ്ങിയിരിക്കുന്നു. ഗ്രൗണ്ടുകളില്‍ ഫുട്ബോളിനോടൊപ്പം ക്രിക്കറ്റ്‌ കളിയും പ്രത്യക്ഷമായി തുടങ്ങി. പിള്ളേരുടെ ക്രിക്കറ്റ്‌ കളി കാണാന്‍ എന്ന പേരില്‍ മൈതാനത്ത് പായ വിരിച്ചു വെയില് കായാന്‍ കിടക്കുന്ന മദാമ്മമാരും സായിപ്പന്മാരും ഏതു മൈതാനത്തും ഒരു പതിവ് കാഴ്ചയായി. യൂണിവേഴ്സിററിയില്‍ എന്‍റെ ഒന്നാം സെമസ്റ്റര്‍ പരീക്ഷ അവസാനിക്കുന്ന പിറ്റേ ദിവസമാണ് ട്വന്റി-20 ലോകകപ്പ്‌ തുടങ്ങുന്നത്. പരീക്ഷ ടൈം ടേബിളും ലോകകപ്പ്‌ മത്സര ക്രമവും എനിക്ക് വേണ്ടി തയ്യാറാക്കിയത് പോലെ. ജൂണ്‍ 2 പ്രദര്‍ശന മത്സരം മുതല്‍ ജൂണ്‍ 18 നു നടക്കുന്ന സെമി ഫൈനല്‍ വരെ നോട്ടിങ്ങാം ട്രെന്‍റ് ബ്രിഡ്ജ് സ്റ്റെഡിയത്തിലെ എല്ലാ മത്സരങ്ങള്‍ക്കും എനിക്ക് ലോകകപ്പ്‌ ഒഫീഷ്യല്‍ ആയി ഡ്യൂട്ടി ഉണ്ട്.


ജൂണ്‍ 2- ശ്രിലങ്ക ബംഗ്ലാദേശ് പ്രദര്‍ശന മത്സരത്തോടെ ആണ് എന്‍റെ ലോകകപ്പ്‌ അരങ്ങേറ്റം. കളി തുടങ്ങുനതിനു രണ്ടു മണിക്കൂര്‍ മുന്‍പ് ഞാന്‍ നോട്ടിങ്ങാമില്‍ എത്തി. ആദ്യ മത്സരം ആയതു കൊണ്ട് ഞങ്ങള്‍ക്ക് അര മണിക്കൂര്‍ പരിശീലനം ഉണ്ട്. റിച്ചാര്‍ഡ്‌ അഥവാ റിച്ച് എന്ന ഞങ്ങളുടെ മാനേജര്‍ ഡ്യൂട്ടിക്കിടയില്‍ എങ്ങനെ പ്രൊഫഷണല്‍ ആയി പെരുമാറാം എന്ന് പരിശീലനം തന്നു. ജോലി സമയത്ത് ഫോട്ടോ എടുക്കാനോ, കളിക്കാരുമായി സംസാരിക്കാനോ, ഓട്ടോഗ്രാഫ്‌ വാങ്ങാനോ പാടില്ല. കാണികളേയും കളിക്കാരേയും എങ്ങനെ ചിരിച്ചു കൊണ്ട് സ്വീകരിക്കാം എന്നും റിച്ച് ഞങ്ങളെ പഠിപ്പിച്ചു. ഒരു ദിവസം മിക്കവാറും രണ്ടു കളികള്‍ കാണും. ഒരു കളിക്കെ ഞങ്ങള്‍ക്ക് ഡ്യൂട്ടി ഉള്ളു. മറ്റേ കളി ഗ്രൗണ്ടില്‍ ഇരുന്നു ആസ്വദിക്കാം. മുന്‍പ് പറഞ്ഞിരുന്നത് എനിക്ക് ചിയര്‍ ലീഡേഴ്സിനെ മേയ്ക്കുക എന്ന ജോലി ആണ്. എന്നാല്‍ ഏറ്റവും ഡിമാണ്ട് ഉള്ള ആ ജോലിക്ക്‌ ഒരുപാട് പേര്‍ മുറവിളി കൂടിയത് കൊണ്ടാകും റിച്ച് എല്ലാവരുടെയും ജോലിക്കാര്യത്തില്‍ മാറ്റം വരുത്തി. പുതിയ തീരുമാനം അനുസരിച്ച് മാനേജ്‌മന്റ്‌ ടീമില്‍ ഉള്ള എല്ലാവര്‍ക്കും എല്ലാ ജോലികളും റോട്ടെഷന്‍ സമ്പ്രദായം അനുസരിച്ച് മാറി മാറി വരും. അത് പ്രകാരം ആദ്യ ദിവസം എനിക്ക് ലഭിച്ചത് കാണികള്‍ക്ക് ലോകകപ്പിന്‍റെ വിവരങ്ങള്‍ അടങ്ങിയ ഒരു ബുക്ക്‌ലെറ്റ് സൌജന്യമായി വിതരണം ചെയ്യുക എന്നതാണ്. ബംഗ്ലാദേശിന്റെ ബാറ്റിങ്‌ പകുതി ആയപ്പോഴേക്കും ഒരു പെട്ടി നിറയെ ബുക്ക്‌ലെറ്റ് ഞാന്‍ ചൂടപ്പം പോലെ വിതരണം ചെയ്തു കഴിഞ്ഞിരുന്നു. അത് മാത്രമാണ് അന്നത്തെ എന്‍റെ ജോലി. അതിനു ശേഷം ഗ്രൗണ്ടില്‍ ഇരുന്ന്‍ ആ കളി മുഴുവന്‍ കണ്ടു.


പരിശീലന മത്സരമായത് കൊണ്ട് ഗ്രൗണ്ടില്‍ കാണികള്‍ നന്നേ കുറവായിരുന്നു. എന്നാല്‍ രണ്ടാമത്തെ കളിയായ ഇംഗ്ലണ്ട് സ്കോട്ട്ലാണ്ട് മത്സരം തുടങ്ങിയപ്പോഴേക്കും ട്രെന്‍റ് ബ്രിഡ്ജ് മുക്കാലും നിറഞ്ഞു. ഡ്യൂട്ടി ഇല്ലാത്ത സമയം ആയത് കൊണ്ട് എനിക്ക് ധാരാളം ഫോട്ടോകള്‍ പകര്‍ത്താം. ഇവയെല്ലാം രാത്രി വീട്ടില്‍ ചെന്നിട്ടു അപ്‌ലോഡ്‌ ചെയ്യണം. പിറ്റേ ദിവസം നേരം വെളുക്കുമ്പോഴേക്കും cricketcircle.com എന്ന സൈറ്റിലൂടെ എന്‍റെ ഫോട്ടോകള്‍ ലോകം മൊത്തം കാണും. എന്നിലെ അമേച്വര്‍ ഫോട്ടോഗ്രാഫെര്‍ക്കു ഇതില്‍ പരം അംഗീകാരം വേറെ എന്ത് ലഭിക്കാന്‍. അങ്ങനെ ഫോട്ടോ എടുക്കുന്ന സമയത്താണ് ലോങ്ങ്‌ ഓണില്‍ ഫീല്‍ഡ് ചെയ്തിരുന്ന 'പീറ്റര്‍ ക ബേട്ട' അഥവാ കെവിന്‍ പീറ്റര്‍സണ്‍ എന്‍റെ തൊട്ടടുത്ത്‌ ആരാധകര്‍ക്ക് ഓട്ടോഗ്രാഫ്‌ നല്‍കുന്നത് ഞാന്‍ ശ്രദ്ധിച്ചത്. ഓട്ടോഗ്രാഫ്‌ വാങ്ങുന്ന പ്രായം കഴിഞ്ഞു പോയതിനാല്‍ ഞാന്‍ അദേഹത്തിന്റെ ഒരു ക്ലോസ് അപ്പ്‌ ചിത്രം ക്യാമറയില്‍ പകര്‍ത്തി ആദ്യ ദിവസത്തെ 'ഡ്യൂട്ടി' അവസാനിപ്പിച്ചു. ബോര്‍ കളി ആയതിനാല്‍ ആ മത്സരം മുഴുവന്‍ കാണാന്‍ ഞാന്‍ മിനകെട്ടില്ല.


ജൂണ്‍ 5 നു ലോര്‍ഡ്സില്‍ ലോകകപ്പ്‌ ഔദ്യോഗികമായി തുടങ്ങി. ആദ്യ ദിനം തന്നെ നെതെര്‍ലണ്ട്സ് ഇംഗ്ലണ്ടിനെ അട്ടിമറിച്ചത് വരാനുള്ള മത്സര ഗതികളുടെ സൂചന നല്‍കി. ട്രെന്‍റ് ബ്രിഡ്ജ് ലെ ആദ്യ മത്സരം ജൂണ്‍ 6 നു നടക്കുന്ന ഇന്ത്യ ബംഗ്ലാദേശ് കളിയാണ്. ലോകകപ്പ്‌ സ്പോണ്‍സര്‍മാരായ ഫ്ലൈ എമിരേറ്റ്സ്നു വേണ്ടി ആയിരുന്നു എന്റെ അന്നത്തെ ജോലി. കളി കാണാന്‍ വരുന്നവര്‍ക്ക് എമിരേറ്റ്സ്ന്റെ പരസ്യം പതിച്ച തൊപ്പികള്‍ ഫ്രീ ആയി വിതരണം ചെയ്ന്നതിനോടൊപ്പം അവരെ ചിരിച്ചു കൊണ്ട് ഗ്രൗണ്ടിലേക്ക് ആനയിക്കുക എന്നതാണ് എന്നിലെ ആതിഥേയന്റെ അന്നത്തെ കര്‍ത്തവ്യം. ഇന്ത്യയുടെ കളി ആയതിനാല്‍ കാണികളുടെ നല്ല തിരക്കാണ്. കൊട്ടും പാട്ടും ഒക്കെ ആയി ട്രെന്‍റ് ബ്രിഡ്ജ് ശരിക്കും ഉത്സവ ലഹരിയില്‍ ആയി. അതിനിടക്കാണ്‌ മൂന്ന് നാലു മലയാളി പയ്യന്മാര്‍ കളി കാണാന്‍ വരുന്നത്. നമസ്കാരം എന്ന് പറഞ്ഞു അവരെ വരവേറ്റ എന്നെ കണ്ടു അവര്‍ക്ക് ആശ്ചര്യം. അതിലോരുത്തനു കളി കാണാന്‍ ടിക്കറ്റ്‌ ഇല്ല. എമിരേറ്റ്സ് തൊപ്പിക്കു പകരം എന്‍റെ ഐ സി സി ഐഡന്റിറ്റി കാര്‍ഡ്‌ നല്കാമോ എന്നായി അവന്മാര്‍. മലയാളികള്‍ എവിടെ പോയാലും തനി കൊണം കാണിക്കുമല്ലോ!! കളിയുടെ ടിക്കറ്റ്‌ എല്ലാം വിറ്റു പോയി പോലും. അവരെ ഞാന്‍ ഗ്രൗണ്ടിനു പുറത്തു ബ്ലാക്കില്‍ ടിക്കറ്റ്‌ വില്‍ക്കുന്ന ഒരു സായിപ്പിനെ മുട്ടിച്ചു കൊടുത്തു. നാടുകാര്‍ക്ക് വേണ്ടി എത്ര എങ്കിലും ഉപകാരം ചെയ്യണ്ടേ?


കളി തുടങ്ങുന്നതിനു വളരെ മുന്‍പ് തന്നെ ഞാന്‍ എന്‍റെ അന്നത്തെ ജോലി ചെയ്തു തീര്‍ത്ത് ഇന്ത്യയുടെ കളി ആസ്വദിക്കാന്‍ ഏറ്റവും പറ്റിയ ഒരു സ്ഥലത്ത് തന്നെ കുറ്റിയടിച്ചു. കളിക്കാര്‍ മൈതാനത്ത് പരിശീലനം നടത്തുണ്ടായിരുന്നു. ഇഷാന്ത്‌ ശര്‍മ്മ കുതിരയെ പോലെ ചാടി വന്ന് എറിയുന്നത് റൈനയും രോഹിത്‌ ശര്‍മ്മയും പറന്നു പിടിക്കുന്നു. യുസുഫ്‌ പത്താനും ഭജ്ജിയും സൊറ പറഞ്ഞു ഇരിക്കുന്നു. ധോണി നായകന്റെ ടെന്‍ഷന്‍ അടിച്ചു യുവരാജുമായി എന്തോ ചര്‍ച്ച ചെയുന്നു. പക്ഷേ സെവാഗ് മാത്രം ഒരു മൂലയ്ക്ക് ചട്ടി ചട്ടി നടക്കുനതു കണ്ടപ്പോള്‍ എന്തോ പന്തികേട്‌ മണത്തു. ടീം പ്രഖ്യാപിച്ചപ്പോള്‍ പ്രതീക്ഷിച്ച പോലെ സെവാഗ് ടീമില്‍ ഇല്ല. എങ്കിലും ഗംഭീറിനോടൊപ്പം രോഹിത്‌ ശര്‍മ്മ ഇന്ത്യക്ക് മികച്ച തുടക്കമാണ്‌ നല്‍കിയത്.


പക്ഷെ കളി ശരിക്കും ഓളം ആയതു യുവരാജ് വന്നതിനു ശേഷം ആണ്. യുവിയുടെ സിക്സറുകള്‍ എന്‍റെ തലയ്ക്കു മുകളിലൂടെ പറക്കുന്നത് കണ്ടാസ്വദിച്ച ഞാന്‍ അവ ക്യാമറയില്‍ പകര്‍ത്താന്‍ പോലും മറന്നു പോയി. സഹീര്‍ ഖാന്റെ തീപാറുന്ന ഓപ്പണിംഗ് സ്പെല്ലും ധോനിയെട്ടന്റെ നായക മികവും പ്രഗ്യാന്‍ ഓഹ്ജയുടെ മാസ്മര ബൌളിങ്ങും കൂടെ ചേര്‍ന്നപ്പോള്‍ ഇന്ത്യ ആ കളി നിഷ്പ്രയാസം ജയിച്ചു.


ജൂണ്‍ 8 നു അയര്‍ലണ്ട് ബംഗ്ലാദേശ് കളിക്കായിരുന്നു എന്‍റെ അടുത്ത ഡ്യൂട്ടി. കളി ബോര്‍ ആയിരുന്നെകിലും എന്‍റെ ജോലി ശരിക്കും 'കളര്‍ഫുള്‍' ആയിരുന്നു. ചിയര്‍ ലീഡേഴ്സിന്‍റെ താങ്ങും തണലും ആയി അവരുടെ കാര്യങ്ങള്‍ നോക്കി അവരുടേ കാര്യസ്ഥനായി നില്‍ക്കാനായിരുന്നു അന്നത്തെ എന്‍റെ കാര്യപരിപാടി.സിക്സും ഫോറും അടിക്കുമ്പോള്‍ അവര്‍ ഉറഞ്ഞു തുള്ളണം. ബംഗ്ലാദേശിനും അയര്‍ലണ്ടിനും യുവരാജിന്റെ അയലത്ത് കെട്ടാന്‍ കഴിവുള്ള കളിക്കാര്‍ ഇല്ലാത്തത് കൊണ്ട് അവര്‍ക്ക് അന്ന് കാര്യമായി പണി ഒന്നും ഇല്ലായിരുന്നു. കൂടുതല്‍ സമയം ചൊറിയും കുത്തി ഇരുന്ന അവരെ എനിക്ക് അങ്ങനെ കൂടുതല്‍ പരിചയപ്പെടാന്‍ പറ്റി. റോക്കി എന്ന ചെറുപ്പകാരനും നതാഷ, അമേലി എന്ന രണ്ടു പീസുകളും ആണ് ഒരു ടീം. അങ്ങനെ ഗ്രൗണ്ടിന്റെ നാലു കോണിലും മൂന്നു പേര്‍ വീതമുള്ള നാലു ടീമുകള്‍. എല്ലാവരെയും കാണികളെ രസിപ്പിക്കാന്‍ വേണ്ടി റിലയന്‍സ് മൊബൈല്‍ വിലക്കെടുത്തവര്‍. ദാഹിച്ചിരുന്നപ്പോള്‍ ഒരു കുപ്പി വെള്ളം ഒപ്പിച്ചു കൊടുത്തത് കൊണ്ടാകും നതാഷ ഞാനുമായി നല്ല കമ്പനി ആയി. മറ്റേ അമേലി പെണ്ണ് ആ 'പാറ' ചെറുകന്റെ കൂടെ കൊഞ്ചി കുഴഞ്ഞു ഇരുന്നതല്ലാതെ അടുത്ത് മൂന്ന് മണിക്കൂര്‍ ഇരുന്ന എന്നെ ഒന്ന് തിരിഞ്ഞു നോക്കിയത് പോലും ഇല്ല. അല്ലേലും കാണാനും സുന്ദരി ആ നതാഷ കൊച്ച് ആയതു കൊണ്ട് ഞാനും മറ്റവളെ കൂടുതല്‍ അടുപ്പിച്ചില്ല. അങ്ങനെ മൂന്ന് മണിക്കൂര്‍ അവരോടപ്പം അടിച്ചു പൊളിച്ചു പോയത് കൊണ്ട് മുന്നില്‍ നടന്ന അലമ്പ് കളി ഞാന്‍ അധികം ശ്രദ്ധിച്ചില്ല.


അന്നത്തെ അടുത്ത മത്സരം ആയ ശ്രിലങ്ക ഓസ്ട്രേലിയ കളിക്ക് എനിക്ക് ഡ്യൂട്ടി ഇല്ല. എന്നാല്‍ ആ കളി ആണ് CRICINFO.comനു വേണ്ടി റിപ്പോര്‍ട്ട്‌ ചെയ്യണ്ടത്. ആ കളി വിശദമായി അനലൈസ് ചെയ്യാന്‍ ഞാന്‍ ട്രെന്‍റ് ബ്രിഡ്ജ്ന്റെ ഏറ്റവും നല്ല ഗാലറി തന്നെ തിരഞ്ഞെടുത്തു. ഓസ്ട്രേലിയ ബൌളര്‍മാരുടെ സഹായത്തോടെ 159 റണ്‍സ് അടിച്ചു കൂട്ടി. എങ്കിലും ദില്‍ഷനും സംഗക്കാരയും നിറഞ്ഞു കളിച്ചപ്പോള്‍ റിക്കി പോണ്ടിങ്ങും കൂട്ടരും നിന്ന് വിയര്‍ക്കുന്നത് കാണാമായിരുന്നു.ദില്‍ഷന്റെ 'സ്കൂപ്പ്‌' ഷോട്ടുകളോടൊപ്പം വേലി കടന്നത് ക്രിക്കറ്റ്‌ രാജാക്കന്മാര്‍ എന്ന് അഹങ്കരിക്കുന്ന കങ്കാരു ടീമിന്റെ സ്വപ്നങ്ങളും ആയിരുന്നു. അങ്ങനെ ഒരു ലോകകപ്പിന്റെ ഒന്നാം റൌണ്ടില്‍ ഓസ്ട്രേലിയന്‍ വന്‍ മരം കട പുഴകി വീഴുന്നത് കാണാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു.


ട്രെയിനില്‍ തിരിച്ചു വീട്ടിലേക്കു പോകുന്ന വഴിക്ക് ഞാന്‍ ആ റിപ്പോര്‍ട്ട്‌ തയ്യാറാക്കുന്ന തിരക്കില്‍ ആയിരുന്നു. ഞാന്‍ വിട്ടു പോയ രംഗങ്ങള്‍ ശിവരാമന്‍ എനിക്ക് പൂരിപ്പിച്ചു നല്‍കി. കൂടാതെ ഞാന്‍ എത്തുന്നതിനു മുന്‍പ് റിപ്പോര്‍ട്ട്‌ കമ്പ്യൂട്ടറില്‍ തയ്യാറാക്കാന്‍ വീട്ടില്‍ ഇരുന്ന ബാലുവിനോട് പറയുകയും ചെയ്തിരുന്നു. അങ്ങനെ ശിവരാമന്റെ അഭിപ്രായങ്ങളും, ബാലുവിന്റെ കുറച്ച് 'ബ്രിട്ടീഷ്‌ ഇംഗ്ലീഷും' എന്‍റെ മേല്‍നോട്ടവും എഡിററിങ്ങും കൂടെ ആയപ്പോള്‍ ആ റിപ്പോര്‍ട്ട്‌ പൂര്‍ണ്ണം ആയി. അന്ന് രാത്രി തന്നെ ഞാന്‍ അത് CRICINFO.comനു അയച്ചു കൊടുത്തു. പിറ്റേ ദിവസം നേരം വെളുത്തപ്പോള്‍ തന്നെ എനിക്ക് നന്ദി അറിയിച്ചു കൊണ്ട് CRICINFO.com ന്റെ സീനിയര്‍ എഡിറ്റെറുടെ ഇമെയില്‍ സന്ദേശം എനിക്ക് ലഭിച്ചിടുണ്ടായിരുന്നു. ആ റിപ്പോര്‍ട്ട്‌ പൂര്‍ണ്ണ രൂപത്തില്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ജൂണ്‍ 10 ശ്രിലങ്ക വെസ്റ്റ്ഇന്‍ഡീസ്, ഇന്ത്യ അയര്‍ലണ്ട് ഗ്രൂപ്പ്‌ സ്റേറജിലെ അവസാന കളികള്‍ അന്നാണ്. നാലു ടീമുകളും സൂപ്പര്‍ എട്ടില്‍ കടന്നതിനാല്‍ ആ കളികള്‍ക്ക് പ്രസക്തി നഷ്ടപ്പെട്ടിരുന്നു. ആദ്യ മത്സരത്തിനാണ് എനിക്ക് ഡ്യൂട്ടി. ക്രിസ് ഗയിലിന്റെ കൂറ്റന്‍ അടികള്‍ കാണാം എന്ന് കരുതി ഇരുന്ന എന്നെ നിരാശപ്പെടുത്തി കൊണ്ടാണ് വെസ്റ്റ് ഇന്‍ഡീസ് ടീം പ്രഖ്യാപിച്ചത്. പരുക്ക് മൂലം ക്രിസ് ഗയില്‍ കളിക്കുന്നില്ല. പക്ഷെ ഡ്ഡഗ്ഗ് ഔട്ടില്‍ ഇരുന്നു വിശ്രമിക്കുന്ന ക്രിസ് ഗയിലിന്റെ വളരെ അടുത്തിരുന്നാണ് എന്‍റെ അന്നത്തെ ഡ്യൂട്ടി. ഒരു ബാറ്റ്‌സ്‌മാന്‍ ഔട്ട്‌ ആയാല്‍ അടുത്ത ബാറ്റ്‌സ്‌മാന്‍ ആരാണെന്നു അയാളുടെ പേരും ജേഴ്സി നമ്പറും സഹിതം വാക്കി ടോക്കിയിലൂടെ വിളിച്ചു പറയണം. ഞാന്‍ പറയുന്നത് കേട്ടിടു വേണം ഇ എസ് പി എന്‍, സ്കൈ സ്പോര്‍ട്സ് കമന്‍റേററര്‍മാര്‍ അത് ലോകം മുഴുവന്‍ ടി വിയിലൂടെ വിളിച്ചു പറയാന്‍. അതിനു വേണ്ടിയാണു കളിക്കാരുടെ ജേഴ്സി നമ്പര്‍ വ്യക്തമായി കാണുന്ന അവരുടെ തൊട്ടു പുറകില്‍ തന്നെ എനിക്ക് സീറ്റ്‌ നല്‍കിയത്.വാക്കി ടോക്കി എങ്ങനെ പ്രവര്‍ത്തിപ്പിക്കണം എന്ന് റിച്ച് എനിക്ക് പറഞ്ഞു തന്നു.റിച്ച് പറഞ്ഞു തന്നത് ശരിയാണൊ എന്ന് പരിശോദിക്കാന്‍ ഞാന്‍ ആ കുന്ത്രണ്ടാത്തിലൂടെ തൊള്ള തുറന്നു " No 27 മഹേല ജയവര്‍ധന No 27 മഹേല ജയവര്‍ധന ഈസ്‌ ദി നെക്സ്റ്റ് ബാറ്റ്‌സ്‌മാന്‍'. ആദ്യ ഓവറുകളില്‍ ദില്‍ഷനും ജയസുര്യയും അടിച്ചു തകര്‍ക്കുംബോഴാണ് ഞാന്‍ ആ മണ്ടത്തരം ചെയ്തത്. അത് കേട്ട് ഞെട്ടി റിച്ച് എന്നോട് " എന്ത് മണ്ടത്തരമാണ് നീ വിളിച്ചു കൂവിയത്. നീ പറഞ്ഞത് ഇയാന്‍ ചപ്പെലും ഹര്‍ഷ ഭോഗ്ലെയും ഒക്കെ അങ്ങേ തലക്കല്‍ കേട്ടു കൊണ്ടിരിക്കുവല്ലേ, ആരും ഔട്ട്‌ ആകാതെ എന്തിനാ വിളിച്ചു കൂവിയത്" അപ്പോളാണ് ഞാന്‍ ചെയ്ത അബദ്ധം എനിക്ക് ശരിക്കും മനസിലായത്. " സോറി മൈക്ക്‌ ടെസ്റ്റിംഗ് മൈക്ക്‌ ടെസ്റ്റിംഗ്" എന്ന് പറഞ്ഞു ഞാന്‍ എന്റെ ശ്രോതാക്കളോട് ക്ഷമ ചോദിച്ചു.എന്നാല്‍ അന്ന് പിന്നീട് ഞാന്‍ പറഞ്ഞത് മുഴുവന്‍ നന്നായിരുന്നു എന്ന് ഏതോ ഒരു കമന്‍റേററര്‍ വക അഭിനന്ദനവും കിട്ടി. അന്ന് തന്നെ എന്‍റെ മുന്നില്‍ ഇരുന്നു കളി കണ്ടു കൊണ്ടിരുന്ന ക്രിസ് ഗയിലിനു ഒരു കുപ്പി ദാഹ ജലം കൊടുക്കാനും അവസരം കിട്ടി. എന്‍റെ കയ്യില്‍ നിന്ന് വെള്ളം വാങ്ങിയതിനു എനിക്ക് ഒരു താങ്ക്സ് പറയാനും ആശാന്‍ മറന്നില്ല. അങ്ങനെ ലോകോത്തര ബൌളര്‍ ആയ ബ്രെറ്റ് ലീക്ക് പോലും ചെയ്യാന്‍ പറ്റാത്തത് എനിക്ക് സാധിച്ചു. ക്രിസ് ഗയില്‍ എന്ന ആജാന ബഹുവിനെ ഞാന്‍ വെള്ളം കുടിപ്പിച്ചു.


അന്ന് തന്നയാണ് അയ്‌ഞ്ചിലോ മാത്യൂസ്‌ എന്ന ശ്രിലങ്കന്‍ കളിക്കാരന്റെ തകര്‍പ്പന്‍ ഫീല്‍ഡിംഗ് പ്രകടനം എന്‍റെ കണ്‍മുന്നില്‍ അരങ്ങേറിയത്.

അടുത്ത ഇന്ത്യ അയര്‍ലണ്ട് കളി ക്യാമറയില്‍ ആക്കുക എന്ന ജോലി മാത്രമേ അന്ന് എനിക്ക് അവിടെ ചെയ്യാന്‍ ഉണ്ടായിരുന്നുള്ളു. ധോണിയും കൂട്ടരും നിഷ്പ്രയാസം ആ കളി ജയിച്ചു ഗ്രൂപ്പ്‌ ചാമ്പ്യന്‍മാരായി സൂപ്പര്‍ എട്ടില്‍ കടന്നു.



ജൂണ്‍ 11 നു അതായതു പിറ്റേ ദിവസം സൂപ്പര്‍ എട്ടു മത്സരങ്ങള്‍ക്ക് ട്രെന്‍റ് ബ്രിഡ്ജ്ല്‍ തുടക്കമായി. ആദ്യ കളിയായ ന്യൂസീലണ്ട് അയര്‍ലണ്ട് മത്സരത്തിനു എന്നെ കാത്തിരുന്നത് സ്വപ്ന തുല്യമായ ഒരു അവസരം ആണ്. കളി തുടങ്ങുന്നതിനു മുന്‍പ് റിച്ച് എന്നെ ഗ്രൗണ്ടിലേക്ക് വിളിപ്പിച്ചു. ഒരു പെട്ടി ചൂണ്ടി കാണിച്ചു അതില്‍ ഇരിക്കുന്ന 'വലിപ്പമേറിയ' വസ്തു ഒറ്റയ്ക്ക് എടുത്തു ഗ്രൗണ്ടിന്റെ നടുക്ക് കൊണ്ട് വയ്ക്കാമോ എന്ന് ചോദിച്ചു. ഈശ്വര ആ പെട്ടിക്കകത്ത് ഇനി എന്താണാവോ? പക്ഷെ റിച്ച് ആ പെട്ടിയുടെ പൂട്ട് തുറന്നതും ഞാന്‍ ശരിക്കും ഞെട്ടി. സാക്ഷാല്‍ ലോകകപ്പ്‌. അതാണ് ഞാന്‍ എടുത്തു ഉയര്‍ത്തി ഗ്രൗണ്ടിന്റെ നടുക്ക് കൊണ്ടെ വയ്കേണ്ടത്. കളി തുടങ്ങുന്നതിനു മുന്‍പ് അര മണിക്കൂര്‍ ലോകകപ്പ്‌ ഗ്രൗണ്ടിന്റെ നടുക്ക് പ്രദര്‍ശനത്തിനു വയ്ക്കുന്ന പതിവുണ്ട്. ആ അവസരം ആണ് അന്ന് എന്നെ തേടി എത്തിയത്. ഡ്യൂട്ടി സമയത്ത് യാതൊരു കാരണവശാലും ഫോട്ടോ എടുക്കരുത് എന്ന് ഒന്ന് കൂടെ ഓര്‍മിപ്പിച്ചു റിച്ച് ആ ട്രോഫി എന്നെ ഏല്പിച്ചു. അങ്ങനെ ആ ലോകകപ്പ്‌ ട്രോഫി ഏതാണ്ട് അര മിനിട്ടോളം എടുത്തു ഉയര്‍ത്തി കൊണ്ട് നടക്കാന്‍ എനിക്ക് അവസരം കിട്ടി. ഒരുപക്ഷേ, ശ്രീശാന്തിനു ശേഷം ആ ട്രോഫി എടുത്തു ഉയര്‍ത്തുന്ന ആദ്യത്തെ മലയാളി ഞാന്‍ ആയിരിക്കും.അതോര്‍ത്തപ്പോള്‍ ശരീരം മുഴുവന്‍ കോരിത്തരിക്കുന്നതുപോലെ തോന്നി.റിക്കി പോണ്ടിങ്ങിന് പോലും ലഭികാത്ത ഭാഗ്യം. ജീവിതത്തില്‍ എന്ന് വരെ ഉണ്ടായതില്‍ വച്ച് ഏറ്റവും ത്രില്ലിംഗ് ആയ നിമിഷങ്ങള്‍ ആയിരുന്നു അവ.


അതിനു ശേഷം റിച്ച് എന്നെ കൂട്ടി കൊണ്ട് പോയത് മറ്റൊരു കിടിലന്‍ ജോലിക്കാണ്. അടുത്ത കളിക്കായി ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ ഇപ്പോള്‍ ബസ്സില്‍ ലഫ്ബറോ എന്ന സ്ഥലത്ത് നിന്ന് വരും. അപ്പോള്‍ കളിക്കാരുടെ കൂടെ അവരുടെ കിറ്റ്‌ എടുക്കാന്‍ ഒരു കൈ സഹായിക്കണം. ആദ്യം എത്തിയത് ഇംഗ്ലണ്ട് ടീം ആണ്. അവരുടെ ടീമില്‍ റയാന്‍ സൈഡ്ബോട്ടത്തിന്റെ കിറ്റ്‌ മാത്രം ഡ്രെസ്സിംഗ് റൂമില്‍ എത്തിച്ചാല്‍ മതി. ബാക്കി ഉള്ളവരുടെ കിറ്റ്‌ നേരത്തെ എത്തി പോലും. ഒരു വള്ളി ചെരുപ്പും കാച്ചട്ടയും ഇട്ട് ബസ്സില്‍ നിന്ന് ഇറങ്ങി വന്ന സൈഡ് ബോട്ടത്തിന് ഒരു കയ്യില്‍ ഷേക്ക്‌ഹാണ്ടും മറ്റേ കയ്യില്‍ കിറ്റും വാങ്ങി ഞാന്‍ സ്വീകരിച്ചു. അടുത്ത കളിയില്‍ യുവരാജ് താങ്കളെ ആറു സിക്സറുകള്‍ പായിക്കും എന്ന് പറയണം എന്ന് ഉണ്ടായിരുന്നു. പക്ഷെ ഞാന്‍ അദേദഹത്തെ നോക്കി ഒന്ന്ചിരിച്ചതെ ഉള്ളു. പക്ഷെ ആ ചിരിക്കു ഞാന്‍ വല്യ വിലയാണ് കൊടുക്കണ്ടി വന്നത്. അടുത്ത കളിക്ക് സൈഡ്ബോട്ടം തന്നെ ഇന്ത്യയുടെ 'അടിവശം' ഇളക്കി. നിലവിലെ ചാമ്പ്യന്‍ മാരായ ഇന്ത്യ ലോകകപ്പില്‍ നിന്ന് പുറത്തു. ആ കിറ്റ്‌ ഡ്രെസ്സിംഗ് റൂമില്‍ വച്ചതിനു ശേഷം അവിടെ നിന്ന് ഇറങ്ങിയ എന്നെ കളിക്കാരുടെ ബ്ലാക്ക്‌ ക്യാറ്റ്‌ കമാന്‍ഡോ തടഞ്ഞു. എനിക്ക് ഇവിടെ കയറാന്‍ അധികാരം ഉണ്ട് എന്ന് കാണിക്കാന്‍ സി ബി ഐകാര്‍ ഒക്കെ കാണിക്കുന്ന പോലെ എന്‍റെ ഐ ഡി കാര്‍ഡ്‌ എടുത്തു ജാഡക്ക് വീശി. അത് കണ്ടതും അങ്ങേരു എന്നെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ തുടങ്ങി. അവസാനം ജെയിംസ്‌ ആന്‍ഡേ്സണ്‍ എന്ന ഇംഗ്ലീഷ് ബൌളര്‍ ഇടപെട്ടു. " ആ പയ്യന്‍ ഞങ്ങടെ കിറ്റ്‌ കൊണ്ട് വരാന്‍ സഹായിച്ചവന്‍ ആണ്, അവനെ വെറുതെ വിട്ടേരെ " എന്ന് ആ കമാണ്ടോയോടു പറഞ്ഞു. ജെയിംസ്‌ ആന്ഡേ്സണ് നന്ദി പറഞ്ഞു ആ കരിം പൂച്ചയെ കണ്ണുരുട്ടി കാണിച്ചു ഞാന്‍ അവിടെ നിന്നിറങ്ങി.


ഇനി അടുത്തത് ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ബസ്സാണ്. അവരുടെ മുഴുവന്‍ ടീം അംഗങ്ങളുടെയും കിറ്റ്‌ ഡ്രെസ്സിംഗ് റൂമില്‍ എത്തിക്കണ്ടത് കൊണ്ട് ഞങ്ങള്‍ ഒരു പാട് പേരുണ്ട് ഇത്തവണ. എനിക്ക് കിട്ടിയത് ജെ പി ഡുമിനിയാണ്." ഞാന്‍ മുംബൈ ഇന്ത്യന്‍സിന്റെ ഫാന്‍ ആണ്, താങ്കളുടെ ഐ പി എല്ലിലെ പ്രകടനം വളരെ മനോഹരമായിരുന്നു" എന്ന് ഞാന്‍ പുള്ളിയോട് കുശലം പറഞ്ഞു. " ടീം തോല്‍ക്കുമ്പോള്‍ എന്‍റെ കളിക്ക് പ്രസക്തി ഇല്ലാലോ" എന്ന പക്വമായ മറുപടി ആയിരുന്നു ഡുമിനിയുടേത്. സച്ചിന്‍റെ കൂടെ കളിച്ചത് കൊണ്ടാകും ഡുമിനിയുടെ ഉത്തരത്തിനു ഇത്രയും മിതത്വും. ദക്ഷിണാഫ്രിക്കന്‍ ഡ്രെസ്സിംഗ് റൂം വളരെ ഓളമായിരുന്നു. അപ്പോള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ന്യൂസീലണ്ട് അയര്‍ലണ്ട് മത്സരം കാണാന്‍ ഡ്രെസ്സിംഗ് റൂമിലെ ടി വി ഓണ്‍ ചെയ്തു തരാമോ എന്നായി അവരുടെ ക്യാപ്റ്റന്‍ ഗ്രയീം സ്മിത്ത്‌. അങ്ങനെ എന്തെങ്കിലും കേള്‍ക്കാന്‍ നോക്കി ഇരിക്കുവല്ലേ ഞാന്‍. ഉടനെ റിമോട്ട് എടുത്തു സ്കൈ സ്പോര്‍ട്സ് വച്ച് കൊടുത്തു ആ റൂമിന്റെ പുറത്തു നടക്കുന്ന കളി ടി വി യില്‍ തന്നെ കാണാന്‍. അങ്ങനെ സ്മിത്തിന്റെ വകയും എനിക്ക് കിട്ടി ഒരു താങ്ക്സ്. " ആള്‍ ദി വെരി ബെസ്റ്റ് ഫോര്‍ ടുഡേയ്സ് മാച്ച്" എന്ന് സ്മിത്തിന് തിരിച്ചു വിഷ് ചെയ്തു ഞാന്‍ അവരുടെ കളി കാണാന്‍ വേണ്ടി ഗ്രൗണ്ടില്‍ പോയി ഇരിപ്പായി. ആ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്ക കളിയിലാണ് പോള്‍ കോളിഗ്വുടിന്റെ കുറ്റി തെറിക്കുന്ന പടം സ്പ്ളിറ്റ് സെക്കന്റ്‌ അക്യുറസിയില്‍ എനിക്ക് ക്യാമറയില്‍ പകര്‍ത്താന്‍ പറ്റിയത്.

ജൂണ്‍ 16 നു ശ്രിലങ്ക ന്യൂസീലണ്ട്, ഇന്ത്യ ദക്ഷിണാഫ്രിക്ക ആണ് അവസാന സൂപ്പര്‍ എട്ടു പോരാട്ടം. അന്നത്തെ എന്‍റെ ജോലി ഐ സി സി ക്ക് വേണ്ടി കാണികളില്‍ നിന്ന് ലോകകപ്പിന്റെ ഒരു സര്‍വേ എടുക്കുക എന്നതാണ്. അങ്ങനെ ഗ്രൗണ്ടിന്റെ പുറത്തു സര്‍വേ എടുത്തു കൊണ്ടിരുക്കുംബോഴാണ് ഇന്ത്യന്‍ ടീം വി ഐ പി ബുള്ളെറ്റ് പ്രൂഫ്‌ ബസ്സില്‍ എന്‍റെ മുന്നില്‍ വന്നു ഇറങ്ങിയത്‌. ലോകകപ്പില്‍ നിന്ന് പുറത്തായതിന്റെ നിരാശ ധോണിയുടെയും കൂട്ടരുടെയും മുഖത്ത് പ്രകടമായിരുന്നു. ബസ്സില്‍ നിന്ന് ഇറങ്ങി നടക്കുമ്പോള്‍ പടം പിടിച്ച ധോണി എന്നെ ഒന്ന് തുറിച്ചു നോക്കി. "അളിയാ ഇത്തവണ കപ്പു നേടിത്തരാന്‍ പറ്റിയില്ല, ക്ഷമിക്കണം" എന്ന് ആ മുഖത്ത് എഴുതി വച്ചിരിക്കുന്നത് എനിക്ക് വായിക്കാമായിരുന്നു. ധോണിയുടെ അവസ്ഥ കണ്ടു എനിക്ക് വിഷമം വന്നിട്ടാണോ എന്തോ ഞാന്‍ എടുത്ത ആ ചിത്രവും ഷേക്ക്‌ ആയി.


130 എന്ന നിസ്സാര സ്കോര്‍ പിന്‍ തുടരാന്‍ ഇന്ത്യ അന്ന് പരാജയപ്പെടുകയും ചെയ്തു.


ജൂണ്‍ 18 നു ഉള്ള അടുത്ത കളികള്‍ ഇനി സെമി ഫൈനല്‍ ആണ്. ട്രെന്‍റ് ബ്രിഡ്ജ് ഗ്രൗണ്ടിലെ അവസാനത്തെ കളി. ആദ്യം വനിതാ സെമി ഫൈനലില്‍ ഇന്ത്യയും ന്യൂസീലാണ്ടും, പിന്നീട്പുരുഷ സെമിയില്‍ പാകിസ്ഥാന്‍ ദക്ഷിണാഫ്രിക്കയോടും ഏറ്റു മുട്ടുന്നു. അന്നത്തോടെ കൂടെ ഞാന്‍ എല്ലാ ടെസ്റ്റ്‌ പ്ലയിംഗ് ടീമുകളുടെയും കളി ഞാന്‍ നേരിട്ട് കണ്ടു കഴിഞ്ഞു.

വനിതാ ടീമിന്‍റെ കളിക്ക് ബൌണ്ടറി ചെറുതാണ്. അവരുടെ കളി കഴിഞ്ഞു പുരുഷ സെമിക്ക് വേണ്ടി കളിക്ക് മുന്‍പ് ആ ബൌണ്ടറി റോപ്പും അതിന്‍റെ മുകളില്‍ നിരത്തിയിരിക്കുന്ന സ്പോണ്‍സര്‍മാരുടെ പരസ്യങ്ങളും എടുത്തു യഥാര്‍ത്ഥ സ്ഥാനത്ത് വയ്ക്കാന്‍ ഗ്രൗണ്ട് ജീവനക്കാരെ സഹായിക്കണം. അതാണ് അന്നത്തെ വര്‍ക്ക്‌.അന്ന് എന്തോ ആവശ്യത്തിനു പാകിസ്ഥാന്‍റെ ഡ്രെസ്സിംഗ് റൂമില്‍ എനിക്ക് പോകണ്ടി വന്നു. എന്നെ കണ്ടു അവരുടെ മുന്‍ നായകന്‍ ഷോഐബ് മാലിക് ഒന്ന് പുഞ്ചിരിച്ചു. എന്നെ കണ്ടിട്ട് പാകിസ്താനി ആണ് എന്ന് സംശയിച്ചിട്ടണോ അതോ ഇന്ത്യകാരന്‍ ആണ് എന്ന് തന്നെ കരുതി ചിരിച്ചതാണോ എന്ന് അറിയില്ല. ഞാനും ആ ഗ്ലാമര്‍ താരത്തിനു ഒരു നിഷ്കളങ്കമായ ചിരി പാസാക്കി കൊടുത്തു. കല്ലിസും,സ്മിത്തും,ഡുമിനിയും ഒക്കെ ഉണ്ടായിട്ടും ശഹീദ് അഫ്രിദി എന്ന ഒറ്റയാള്‍ പട്ടാളത്തിന്റെ മുന്നില്‍ അത് വരെ അജയ്യരായിരുന്ന ദക്ഷിണാഫ്രിക്കകാര്‍ അന്നും ഒരു ലോകകപ്പ്‌ വിജയത്തിന്റെ പടിക്കല്‍ കൊണ്ടെ കാലം ഉടച്ചു.


അന്നത്തോടെ എന്‍റെ സ്വപ്ന ജോലിക്കും തിരശ്ശീല വീഴും. കളി കഴിഞ്ഞു റിച്ച് ഞങ്ങളെ എല്ലാവരെയും വിളിപ്പിച്ചു." നിങ്ങളുടെ ജോലികളില്‍ ഐ.സി.സി ക്ക് പൂര്‍ണ്ണ സംതൃപ്തിയാണ്. അതിനു പകരമായി നിങ്ങള്‍ക്ക് എല്ലാവര്ക്കും ജൂണ്‍ 21 നു ലോര്‍ഡ്സില്‍ നടക്കുന്ന ശ്രിലങ്ക-പാകിസ്ഥാന്‍ ഫൈനല്‍ മത്സരത്തിന്റെ ടിക്കറ്റ്‌ ഐ.സി.സി വക ഓഫര്‍" ലോകകപ്പിന്റെ വിജയത്തിനായി അക്ഷീണം പ്രവര്‍ത്തിച്ച ഞങ്ങളുടെ സംഘാടക ടീമിന് ഇതില്‍ പരം അംഗീകാരം വേറെ എന്ത് ലഭിക്കാന്‍.


***************************************************************************************************************************
cricketcircle.com, world-twenty20.com എന്നി വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിച്ച എന്‍റെ ലോകകപ്പ്‌ ചിത്രങ്ങള്‍ കാണാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക
ജൂണ്‍ 2:ശ്രിലങ്ക ബംഗ്ലാദേശ് വാം അപ്പ് മാച്ച്
ജൂണ്‍ 2: ഇംഗ്ലണ്ട് സ്കോട്ട്ലാണ്ട് വാം അപ്പ് മാച്ച്
ജൂണ്‍ 6: ഇന്ത്യ ബംഗ്ലാദേശ് ഗ്രൂപ്പ്‌ മാച്ച്
ജൂണ്‍ 8: ഓസ്ട്രേലിയ ശ്രിലങ്ക ഗ്രൂപ്പ്‌ മാച്ച്
ജൂണ്‍ 10: ശ്രിലങ്ക വെസ്റ്റ് ഇന്‍ഡീസ് ഗ്രൂപ്പ്‌ മാച്ച്
ജൂണ്‍ 10: ഇന്ത്യ അയര്‍ലണ്ട് ഗ്രൂപ്പ്‌ മാച്ച്
ജൂണ്‍ 11: ന്യൂസീലണ്ട് അയര്‍ലണ്ട് സൂപ്പര്‍ 8 മാച്ച്
ജൂണ്‍ 11: ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ട് സൂപ്പര്‍ 8 മാച്ച്
ജൂണ്‍ 16: ഇന്ത്യ ദക്ഷിണാഫ്രിക്ക super 8 മാച്ച്
ജൂണ്‍ 18: പാകിസ്ഥാന്‍ ദക്ഷിണാഫ്രിക്ക സെമി ഫൈനല്‍ മാച്ച്

13 July 2009

ട്രെന്‍റ് ബ്രിഡ്ജ് ഇന്‍

തണുപ്പ്‌ കുറഞ്ഞ് വരുന്നു. ഒരു സെമസ്റ്റര്‍ അവസാനിക്കാറായി. ഇനി വേനല്‍ കാലമാണ്. പ്രീമിയര്‍ ലീഗിന് ശേഷം ക്രിക്കറ്റ്‌ സീസണ്‍ ആണ്. ജൂണില്‍ ട്വന്റി-20 ലോകകപ്പ്‌, അതിനു ശേഷം ഇംഗ്ളീഷുകാരുടെ പ്രെസ്റ്റീജ് ആയ ആഷസ് പരമ്പര. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ദക്ഷിണാഫ്രിക്കയില്‍ ആരംഭിച്ചു കഴിഞ്ഞു . വീട്ടില്‍ ടി വി ഇല്ലെങ്കിലും എല്ലാ കളികളും ഓണ്‍ലൈന്‍ സ്ട്രീമിംഗ് കാണാം.അങ്ങനെ ട്വന്റി-20 ആവേശത്തില്‍ ആയി ഞങ്ങള്‍ എല്ലാവരും. ഓരോരുത്തര്‍ക്കും സപ്പോര്‍ട്ട് ചെയ്യാന്‍ ഓരോ ടീമുകള്‍. കളി ഉള്ള മൂന്നര മണികൂര്‍ വീട്ടില്‍ ശരിക്കും ഉത്സവാന്തരീക്ഷമാണ്. ഐ പി എല്‍ കഴിഞ്ഞു അടുത്ത മാസമാണ് ട്വന്റി-20 ലോകകപ്പ്‌, അതും ഇംഗ്ലണ്ടില്‍. ഇന്‍റര്‍നാഷണ്‍ല്‍ ക്രിക്കറ്റ്‌ കൗണ്‍സില്‍ (ഐ സി സി) വെബ്സൈറ്റില്‍ ടിക്കറ്റ് ബുക്ക്‌ ചെയ്യാന്‍ കയറിയ ഞാന്‍ അതിന്‍റെ വില കണ്ടു ശരിക്കും ഞെട്ടി. ഒരു മാസം കഞ്ഞി കുടിക്കാന്‍ ഉള്ള കാശ് കൊടുക്കണം ഒരു കളി കാണാന്‍. സൂപ്പര്‍ എട്ട്, സെമി ഫൈനല്‍ ടിക്കറ്റ് വില അതിലും കൂടും, ഫൈനലിന്റെ കാര്യം പ്രത്യേകിച്ചു പറയണ്ടല്ലോ. ടിക്കറ്റ് എടുത്താല്‍ മുതലാകില്ല, ലോകകപ്പ്‌ മിസ്സ്‌ ആക്കാനും വയ്യ. അങ്ങനെ ഒരു മനോവിഷമത്തില്‍ ഇരിക്കുമ്പോളാണ് വെബ്സൈറ്റില്‍ മറ്റൊരു സംഗതി ശ്രദ്ധയില്‍ പെട്ടത്. ലോകകപ്പിന്റെ തന്നെ ഭാഗമാകാന്‍ ഒരു അവസരം. ഇംഗ്ലീഷ് ക്രിക്കറ്റ്‌ ബോര്‍ഡ്‌ ഐ സി സി ക്ക് വേണ്ടി ലോകകപ്പ്‌ മാനേജ്മെന്റ് ടീമിലേക്ക് ആളെ ക്ഷണിക്കുന്നു. "താത്പര്യം ഉള്ളവര്‍ ക്രിക്കറ്റില്‍ ഉള്ള പ്രാവീണ്യം കാണിച്ചു വെബ്സൈറ്റില്‍ ഉടന്‍ അപേക്ഷിക്കുക". പിന്നെ ഒട്ടും അമാന്തിച്ചില്ല. ക്രിക്കറ്റ്‌ എന്റെ ജീവന്‍റെ ജീവന്‍ ആണ് എന്നാ നഗ്ന സത്യം വെളിപ്പെടുത്തി ഐ സി സി ക്ക് അപേക്ഷ അയച്ചു. ആയിരകണക്കിന് അപേക്ഷകരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടാന്‍ യാതൊരു സാധ്യതയും ഇല്ല. എങ്കിലും എന്‍റെ ടൈം വച്ച് എനിക്ക് നല്ല ഹോപ്പ് ആയിരുന്നു.

ഒരാഴ്ച്ച കഴിഞ്ഞു ഇംഗ്ലീഷ് ക്രിക്കറ്റ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍റെ ഇമെയില്‍ സന്ദേശം ലഭിച്ചു. "നിങ്ങളുടെ ആപ്ലികേഷന്‍ ഞങ്ങള്‍ക്ക് കിട്ടി ബോധിച്ചു. ആയിരത്തോളം പേരില്‍ നിന്ന് അമ്പതു പേരില്‍ ഒരാളായി നിങ്ങളെ തിരഞ്ഞെടുത്ത വിവരം സന്തോഷപൂര്‍വ്വം അറിയിച്ചു കൊള്ളുന്നു. ട്രെയിനിങ്ങിനായി ഏപ്രില്‍ 28 ഇന് നോട്ടിങ്ഹാം ട്രെന്‍റ് ബ്രിഡ്ജ് സ്റ്റേഡിയത്തില്‍ ഹാജരാവുക." എന്നായിരുന്നു ആ മെയിലിന്റെ ഉള്ളടക്കം. ക്രിക്കറ്റിന്റെ ഏറ്റവും വല്യ ആരാധകന്‍ എന്ന് സ്വയം വിശ്വസിക്കുന്ന എനിക്ക് ഇതില്‍ പരം ഒരു ഭാഗ്യം എന്ത് ലഭിക്കാന്‍. വീട്ടില്‍ നിന്ന് അപേക്ഷിച്ച ശിവരാമനും ഇതേ ജോലി കിട്ടി എന്നത് എന്‍റെ ആവേശം ഇരട്ടിപ്പിച്ചു.എന്ത് പരിപാടിയാണെങ്കിലും അഞ്ചു മിനിറ്റ് വൈകി മാത്രം എത്തുന്ന ഞാന്‍ പതിവിനു വിപരീതമായി അര മണികൂര്‍ നേരത്തെ ശിവരാമാനേയും കൂട്ടി നോട്ടിങ്ഹാമിലെ ട്രെന്‍റ് നദിക്കരയില്‍ ഉള്ള ആ മനോഹരമായ സ്റ്റേഡിയത്തില്‍ എത്തി. അവിടെ ആരെയും കാണാതെ വിഷമിച്ചു നിന്നപോഴാണ് "ലോകകപ്പിന്റെ ഭാഗമാകാന്‍ എത്തിയതാണോ" എന്ന് ഒരു സ്ത്രീ വന്നു ഞങ്ങളോട് ചോദിച്ചത്. അവരുടെ ആ ചോദ്യം ഞങ്ങളെ വാനോളമുയര്‍ത്തി. 'അതെ' എന്ന് ഉത്തരം നല്‍കി ഞങ്ങള്‍ അവര്‍ പറഞ്ഞ മുറിയിലെ ഏറ്റവും മുന്‍പന്തിയില്‍ തന്നെ ഇരിപ്പുറപ്പിച്ചു.

അരമണികൂറിനകം ഒരു വിധം എല്ലാവരും തന്നെ എത്തി ചേര്‍ന്നു. കൂടുതലും എന്നെ പോലെ വിദ്യര്‍ഥികളായിരിക്കും എന്നാണ് ഞാന്‍ കരുതിയത്. പക്ഷേ വന്നു ചേര്‍ന്നവര്‍ കൂടുതലും നാല്‍പതു വയസിനു മുകളില്‍ പ്രായമുള്ള പുരുഷന്മാരും സ്ത്രീകളും. മൂന്നോ നാലോ ഇന്ത്യക്കാര്‍. അതില്‍ മലയാളികളായി ഞങ്ങള്‍ രണ്ടു പേര്‍ മാത്രം. ബാക്കി എല്ലാം ബ്രിട്ടീഷുകാര്‍. എല്ലാവരും സ്വയം പരിചയപെടുത്തി. അവരില്‍ പലരും ക്രിക്കറ്റ്‌ കോച്ചുമാര്‍, ചിലര്‍ കൌണ്ടി ടീമുകളില്‍ പോലും കളിച്ചിടുണ്ട്. അവരുടെ ഇടയില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടതില്‍ എനിക്ക് എന്തെന്നിലാത്ത അഭിമാനം തോന്നി. അല്പസമയത്തിനകം മുന്‍പ് കണ്ട ആ സ്ത്രീ സ്വയം പരിചയപ്പെടുത്തി. ആനി സ്കൊട്ട് എന്നാണ് അവരുടെ പേര്. ട്വന്റി-20 ലോകകപ്പ്‌ മാനേജ്മെന്റ് കമ്മിറ്റിയുടെ മാനേജര്‍ ആണ് അവര്‍. പിന്നെ എനിക്ക് മെയില്‍ അയച്ച ഇംഗ്ലീഷ് ക്രിക്കറ്റ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ ജൈല്‍സ് ക്ലാര്‍ക്ക്‌, നോട്ടിങ്ഹാം കൌണ്ടി ക്രിക്കറ്റിന്റെ റിജിയണല്‍ മാനേജര്‍ റിച്ചാര്‍ഡ്‌ ലൈട്ട്ബ്രൌന്‍, പിന്നെ ലോകകപ്പിന്റെ മുഴുവന്‍ ചുമതലയുള്ള സ്റ്റീവ് എല്‍വര്‍തി എന്നിവര്‍ ലോകകപ്പിനെ കുറിച്ചും നോട്ടിങ്ഹാംഷയര്‍ കൌണ്ടി ക്ലബിനെ കുറിച്ചും, നോട്ടിങ്ഹാം ട്രെന്‍റ് ബ്രിഡ്ജ് സ്റ്റേഡിയതിനെ കുറിച്ചും ലോകകപ്പില്‍ ഞങ്ങളുടെ ചുമതലകളെ കുറിച്ചും വിവരിച്ചു. ജൂണ്‍ 5 മുതല്‍ 21 വരെ മൂന്ന് വേദികളിലായാണ് ലോകകപ്പ്‌. നോട്ടിങ്ഹാമിനെ കൂടാതെ ലണ്ടനിലെ ലോര്‍ഡ്സും ഓവലും ആണ് മറ്റു വേദികള്‍. മാഞ്ച്സ്ടെറിലെ ഓള്‍ഡ്‌ ട്രാഫോദ്, ബര്‍മിങ്ങമിലെ എട്ജ്ബസ്റ്റൊന്‍ എന്നീ സ്റ്റേഡിയങ്ങളുമായി മത്സരിച്ചാണ്‌ ട്രെന്‍റ് ബ്രിഡ്ജ് ലോകകപ്പ്‌ വേദിയായി തിരഞ്ഞെടുക്കപെട്ടത്. ഇത്തവണ നോട്ടിങ്ഹാമില്‍ ആഷസ് മത്സരം ഇല്ല എന്ന കുറവ് ലോകകപ്പ്‌ വേദി ആയി തിരഞ്ഞെടുക്കപെട്ടതിലൂടെ ട്രെന്‍റ് ബ്രിഡ്ജ് നികത്തി എടുത്തു.
വാം അപ്പ്, ലീഗ് മാച്ച്, സൂപ്പര്‍ എട്ട്, സെമിഫൈനല്‍ ഉള്‍പ്പടെ പത്തു മത്സരങ്ങള്‍ ആണ് ഇവിടെ നടക്കാന്‍ പോകുന്നത്. അതിന്‍റെ ചുമതലകളാണ് ഞങ്ങളെ ഏല്‍പ്പിച്ചത്. ഞങ്ങളെ ആദ്യം മീഡിയ, അക്ക്രെഡിറ്റെഷന്‍, ടിക്കറ്റിംഗ്, എന്‍റര്‍ടേയിന്‍മന്‍റ്, ജനറല്‍ എന്നിങ്ങനെ അഞ്ചു ടീമായി തിരിച്ചു. വരുന്ന പത്രപ്രവര്‍ത്തകരെയും മീഡിയ ടീമിനെയും സഹായിക്കുക, പ്രസ്സ് കോണ്‍ഫറന്‍സ് സുഗമമായി സംഘടിപ്പിക്കുക എന്നിവയൊക്കെയാണ് മീഡിയ ടീമിന്‍റെ പണി. ഐ സി സി ഉദ്യോഗസ്ഥരെയും, കളിക്കാരെയും സഹായിക്കുക എന്നതാണ് അക്ക്രെഡിറ്റെഷന്‍ ടീമിന്‍റെ ചുമതല. കാണികള്‍ക്ക്‌ ടിക്കറ്റ്‌ നല്‍കുക, അവരെ ഇരിപ്പിടങ്ങള്‍ കാണിച്ചു കൊടുക്കുക എന്നിവ ടിക്കറ്റിംഗ് ടീമിന്‍റെ പരിപാടി. എന്‍റര്‍ടേയിന്‍മന്‍റ് ടീമിലുള്ളവരുടെ ചുമതലകളാണ് ഏറ്റവും രസകരം. ചിയര്‍ ലീഡേഴ്സിന് താങ്ങും തണലുമായി നില്‍ക്കുക, ഡഗൌട്ടില്‍ (Dugout) ഇരിക്കുന്ന കളിക്കാര്‍ക്കും, പിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കുന്ന കമന്‍റേററര്‍മാര്‍ എന്നിവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുക എന്നതൊക്കെയാണ് ഈ ടീമിന്‍റെ ജോലി. ഭാഗ്യമെന്നു പറയട്ടെ എന്‍റെ പേര് ആ ലിസ്റ്റില്‍ ആയിരുന്നു. അഞ്ചാമത്തെ ജനറല്‍ ടീമിനെ എങ്ങനെ വേണമെങ്കിലും പന്ത് തട്ടാം. ഒരു റിസര്‍വ്‌ ടീം എന്ന് വേണമെങ്കില്‍ പറയാം. ഏതൊക്കെ ദിവസങ്ങളില്‍ ഡ്യൂട്ടി വേണം എന്ന് നമുക്ക്‌ തിരഞ്ഞെടുക്കാം. ചിയര്‍ ലീഡേഴ്സിന്‍റെ ഒപ്പം നിന്ന് ക്രിക്കറ്റ്‌ ആസ്വദിക്കാന്‍ വേണ്ടി ഞാന്‍ എല്ലാ ദിവസത്തെയും ഡ്യൂട്ടി പ്രത്യേകം ചോദിച്ചു വാങ്ങി എന്ന് പ്രത്യേകം പറയണ്ട ആവശ്യം ഇല്ലല്ലോ.കളി ഉള്ള ദിവസം ഗ്രൌണ്ടിന്റെ അകത്തു കയറാന്‍ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡും യൂണിഫോമും തന്നു. ഐ ഡി ഇല്ലാതെ ഗ്രൗണ്ടില്‍ പ്രവേശനം ഇല്ല. പക്ഷെ കളിക്കാരുടെ ഡ്രെസ്സിംഗ് റൂം മുതല്‍ ഗ്രൌണ്ടിന്റെ ഏതു ഭാഗത്തും നിന്നോ ഇരുന്നോ കിടന്നോ കളി കാണാന്‍ ഉള്ള അവകാശം ആണ് ആ ഐ ഡി കാര്‍ഡിന്റെ പവര്‍.


ചുമതലകള്‍ വീതിച്ചു തന്നതിന് ശേഷം ഞങ്ങളെ ട്രെന്‍റ് ബ്രിഡ്ജ് സ്റ്റേഡിയത്തിന്റെ ഓരോ മുക്കും മൂലയും കൊണ്ട് നടന്നു കാണിച്ചു. ആദ്യം പോയത് മതില്‍കെട്ടിനുള്ളില്‍ തന്നെ ഉള്ള ട്രെന്‍റ് 'ബ്രിഡ്ജ് ഇന്‍' (Trent Bridge Inn) എന്ന പബ്ബിലെക്കാണ്. അവിടെയാണ് ലോകകപ്പ്‌ സമയത്ത് ഞങ്ങളുടെ താവളം. സര്‍ ഡോണ്‍ ബ്രാഡ്മാന്‍ ഉള്‍പ്പടെ പല പ്രമുഖ കളിക്കാരുടെയും പ്രിയപ്പെട്ട പുബ്ബ്‌ ആണ് ട്രെന്‍റ് ബ്രിഡ്ജ് ഇന്‍. വില്യം ക്ലാര്‍ക്ക്‌ എന്ന സായിപ്പാണ്‌ 1841 ഈ മനോഹര സ്റ്റേഡിയം പണി കഴിപ്പിച്ചത്. അദ്ദേഹത്തിന്റെ ഓര്‍മ്മക്കായി പണി കഴിപ്പിച്ചതാണ്‌ വില്യം ക്ലാര്‍ക്ക്‌ സ്റ്റാന്റ് എന്ന ഗാലറി. പുബ്ബിന്റെ നേരെ മുന്നിലാണ് വില്യം ക്ലാര്‍ക്ക്‌ സ്റ്റാന്റ്. അതിനപ്പുറം ബ്രിഡ്ജ് ഫോര്‍ഡ് റോഡിനു സമമായി ന്യൂ സ്റ്റാന്റ് എന്ന 5000 ഇരിപ്പിടങ്ങള്‍ ഉള്ള സ്റ്റാന്റ്. ന്യൂ സ്റ്റാന്റ് ഗാലറിയുടെ താഴത്തെ നിലകളില്‍ ആണ് കളിക്കാരുടെ ജിമ്മും അതി നൂതനമായ ഇന്‍ഡോര്‍ പ്രാക്ടീസ്‌ പിച്ചുകളും.ന്യൂ സ്റ്റാന്റ് ഗാലറി യോട് ചേര്‍ന്നാണ്‌ കളിക്കാരുടെ ഡ്രെസ്സിംഗ് റൂമും പവലിയനും. അതിനോട് ചേര്‍ന്ന് ഒരു പടുകൂറ്റന്‍ ഇലക്ട്രോണിക് സ്കോര്‍ ബോര്‍ഡും. പവലിയന്റെ അങ്ങേ വശത്താണ് ലാര്‍വുഡ്‌ ആന്‍ഡ്‌ വോസ് സ്റ്റാന്റ്. നോട്ടിങ്ഹാംഷയര്‍ കൌണ്ടി ക്ലബ്ബിന്റെ ചരിത്രം വ്യക്തമാക്കുന്ന ഒരു മനോഹരമായ ക്രിക്കറ്റ്‌ മ്യൂസിയം ഉണ്ട് ആ സ്റ്റാന്‍ഡില്‍. ക്ലബ്ബിനു വേണ്ടി ഇന്നോളം കളിച്ച കളിക്കാരുടെ ചിത്രങ്ങള്‍ , ആ ഗ്രൌണ്ട് സാക്ഷ്യം വഹിച്ച മികച്ച ഇന്നിങ്ങ്സുകള്‍, വിക്കറ്റുകള്‍ എന്നിവയുടെ ചിത്രങ്ങള്‍ കൊണ്ട് അലങ്കരിച്ചതാണ് ആ മ്യൂസിയം. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 11,000 റണ്‍സ് തികച്ചതും ഇതേ ഗ്രൗണ്ടില്‍ തന്നെ. സച്ചിന്റെ അന്നത്തെ ചിത്രം ആ ഭിത്തികളെ കൂടുതല്‍ മികവുറ്റതാക്കി എന്ന് എനിക്ക് തോന്നി. ഹാരോള്‍ഡ്‌ ലാര്‍വുഡ് എന്ന 'കുപ്രസിദ്ധ' താരത്തിന്റെ പേരിലാണ്‌ ആ ഗാലറി. 1932-33 ലെ ആഷസ് പരമ്പരയില്‍ ആസ്ട്രേലിയന്‍ ബാറ്റ്‌സ്‌മാന്‍ മാരെ എറിഞ്ഞിട്ട ബോഡി ലൈന്‍ എന്ന ടാക്ടിക്സ് തുടങ്ങി വച്ച ലാര്‍വുഡ് ഇംഗ്ലണ്ടിന് നോട്ടിങ്ഹാംഷയര്‍ കൌണ്ടി ക്ലബ്ബിന്റെ സംഭാവനയാണ്.
ന്യൂ സ്റ്റാന്‍് ന്റെ നേരെ എതിര്‍ വശത്താണ് ഫോക്സ് റോഡ്‌ സ്റ്റാന്‍്. പവലിയന്റെ നേരെ എതിര്‍ വശത്ത് ഉള്ളത് റാഡ്ക്ലിഫ് സ്റ്റാന്‍്. 2007 ല്‍ പുതുക്കി പണിത റാഡ്ക്ലിഫ് സ്ററാന്‍റും മറ്റു അഞ്ചു സ്ററാന്‍റും കൂടെ മൊത്തം 17,500 കാണികളെ ഉള്‍ക്കൊള്ളും ട്രെന്‍റ് ബ്രിഡ്ജ് സ്റ്റേഡിയം. ഓരോ ദിക്കിലും ഉള്ള പടുകൂറ്റന്‍ ഫ്ലഡ് ലൈറ്റുകള്‍ ഡേ ആന്‍ഡ്‌ നൈറ്റ്‌ മത്സരങ്ങള്‍ക്ക് വേണ്ടി ഉള്ളതാണ്. ഞങ്ങള്‍ ഗ്രൌണ്ട് ചുറ്റി കാണുമ്പോള്‍ പിച്ചും പുല്ലും ലോകകപ്പിന്‌ വേണ്ടി ഒരുക്കുന്ന ജോലികള്‍ അവിടെ നടക്കുന്നത് കാണാമായിരുന്നു. സ്റ്റേഡിയം മുഴുവന്‍ ചുറ്റി സഞ്ചരിച്ചു ഒരു ഗംഭീര ലഞ്ചും കഴിച്ചു ഇനി ലോകകപ്പ്‌ ഡ്യൂട്ടി ക്ക് കാണാം എന്ന് പറഞ്ഞു പിരിയുമ്പോള്‍ ഞങ്ങളുടെ മനസ്സില്‍ ക്രിക്കറ്റ്‌ എന്ന ഒരൊറ്റ വികാരമേ ഉണ്ടായിരുന്നുള്ളു.
ഈ വമ്പന്‍ അവസരത്തിനോടൊപ്പം ക്രിക്കറ്റുമായി ബന്ധപ്പെട്ട മറ്റു രണ്ടു സുവര്‍ണവസരങ്ങള്‍ കൂടെ എനിക്ക് വീണു കിട്ടി. ക്രിക്കറ്റ്‌ വെബ്സൈറ്റ്കളുടെ അവസാന വാക്കായ cricinfo.com എന്ന വെബ്സൈറ്റ് നു വേണ്ടി ജൂണ്‍ 8 നു ഇവിടെ നടക്കുന്ന ഓസ്ട്രേലിയ ശ്രിലങ്ക മത്സരം റിപ്പോര്‍ട്ട്‌ ചെയ്യുക എന്നതണ് ആദ്യത്തെ അവസരം. മറ്റൊന്ന് ഞാന്‍ ഒരിക്കലും കണ്ടിട്ടിലാതെ എന്‍റെ ഒരു അടുത്ത സുഹൃത്തിന്റെ ക്രിക്കറ്റ്‌ വെബ്സൈറ്റ് ആയ cricketcircle.com വേണ്ടി ക്രിക്കറ്റ്‌ ഫോട്ടോഗ്രാഫര്‍ ആയി പ്രവര്‍ത്തിക്കുക എന്ന സ്വപ്നതുല്യമായ ജോലി.
ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന ആ അസുലഭ നിമിഷങ്ങള്‍ക്ക് ഇനി ഒരു മാസത്തെ കാത്തിരിപ്പ്‌. അതിനു മുന്‍പ് യൂണിവേഴ്സിററിയില്‍ ഇമ്മിണി ബല്യ രണ്ടു പരൂക്ഷകള്‍ ഉണ്ട്. പക്ഷെ ക്രിക്കറ്റ്‌ എന്ന ആവേശ കടലിനു മുന്നില്‍ ആ പരീക്ഷകള്‍ ഒലിച്ചു പോകും എന്ന് എനിക്ക് ഉറപ്പാണ്‌. കാരണം രണ്ടര വര്‍ഷം ടാറ്റാ യുടെ ഐ ടീ സ്ഥാപനത്തില്‍ കിട്ടിയതിനേക്കാള്‍ കൂടുതല്‍ അനുഭവങ്ങള്‍ രണ്ടര ആഴ്ച ഉള്ള ആ ക്രിക്കറ്റ്‌ മാമാങ്കം എനിക്ക് നല്‍കും എന്ന ഉറച്ച വിശ്വാസം തന്നെ.
************************************************************************************************************************************
കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
Related Posts with Thumbnails