ലോര്‍ഡ്സ്, ക്രിക്കറ്റ് ഗ്രൗണ്ട് എന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ ആദ്യം ഓടി എത്തുന്ന പേര്. കുട്ടിക്കാലത്ത് ക്രിക്കറ്റ് കളി ടി വിയില്‍ കണ്ടു തുടങ്ങിയപ്പോള്‍ മുതലുള്ള ആവേശമാണ് ലോര്‍ഡ്സ്. അവിടേക്കാണ് എന്റെ അടുത്ത യാത്ര, അതും ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൌണ്‍സിലിന്റെ ക്ഷണിക്കപ്പെട്ട അതിഥി ആയി ഒരു ലോകകപ്പ് ഫൈനല്‍ മത്സരം കാണാന്‍. ഒന്നല്ല രണ്ടു ഫൈനല്‍ മത്സരങ്ങള്‍. ഇംഗ്ലണ്ട് ന്യൂസിലണ്ട് വനിതാ ഫൈനല്‍, അതിനു ശേഷം പാക്കിസ്ഥാന് ശ്രിലങ്ക പുരുഷ ട്വന്റി-20 ഫൈനല്‍ എന്നീ മത്സരങ്ങള്‍ ആണ് 2009 ജൂണ്‍ 21 നു ലണ്ടനിലെ സെയിന്റ് ജോണ്‍സ് വുഡില്‍ ഉള്ള ക്രിക്കറ്റിന്റെ മക്ക എന്നറിയപ്പെടുന്ന ലോര്‍ഡ്സില്‍ നടക്കുന്നത്. ഫൈനല്‍ പാകിസ്ഥാനും ശ്രിലങ്കയും തമ്മില്‍ ആണെന്നുള്ളത് എന്നെ അല്പം വിഷമിപ്പിച്ചു, കാരണം രണ്ടും എനിക്ക് ഒട്ടും താത്പര്യം ഇല്ലാത്ത ടീമുകള്‍. 1996ല്‍ ഈഡന് ഗാഡന്സില് നടന്ന ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ചത് മുതല്‍ വെറുക്കാന്‍ തുടങ്ങിയതാണ് ശ്രിലങ്കയെ. പണ്ട് മിയാന്‍ദാദ് അവസാന പന്തില്‍ സിക്സര്‍ അടിച്ചു ഇന്ത്യയെ തോല്‍പ്പിച്ചത് മുതല്‍ പാകിസ്ഥാനെയും വെറുക്കുന്നു. അങ്ങനെ ഇരിക്കെയാണ് സപ്പോര്‍ട്ട് ചെയ്യാന്‍ ഒരു ടീമിനെ കിട്ടുന്നത്. എന്റെ ഒപ്പം ട്രെന്റ് ബ്രിഡ്ജില്‍ ലോകകപ്പ് സംഘാടക സമിതിക്ക് വേണ്ടി പ്രവര്‍ത്തിച്ച മറ്റു സഹ പ്രവര്‍ത്തകരുടെ കൂടെ നോട്ടിങ്ങമില്‍ നിന്നും രാവിലെ എട്ടു മണിക്കാണ് യാത്ര തുടങ്ങുന്നത്. എന്റെ സ്ഥലമായ കോവെന്ട്ര്യില് നിന്നും രണ്ടു മണിക്കൂര്‍ സഞ്ചരിച്ചു വേണം നോട്ടിങ്ങമില്‍ എത്താന്‍. പക്ഷേ അവിടേക്കുള്ള ആദ്യ ട്രെയിന്‍ എത്തി ചേരുമ്പോള്‍ സമയം ഒന്‍പതു മണി ആകും. അങ്ങനെ വിഷമിച്ച് ഇരുന്നപ്പോഴാണ് ഞങ്ങളുടെ ഒരു സുഹൃത്തായ കാന്തി അണ്ണന് എന്ന് അറിയപ്പെടുന്ന കന്തിപന് ധര്‍മ്മലിങ്കം എന്ന ശ്രിലങ്കന്‍ വംശജന് എന്നെയും ശിവരമാനെയും രാവിലെ തന്നെ നോട്ടിങ്ങമില്‍ എത്തിക്കാം എന്ന ഓഫര്‍ തന്നത്. അന്നത്തെ ആ ലിഫ്ടിനു പ്രത്യുപകാരമായി ഞാന്‍ അന്ന് ശ്രിലങ്കയെ പിന്തുണക്കാം എന്ന് കാന്തി അണ്ണന് ഉറപ്പും കൊടുത്തു.
അദ്ദേഹം ഞങ്ങളെ കൃത്യം എട്ടു മണിക്ക് മുന്‍പ് തന്നെ നോട്ടിങ്ങമില്‍ എത്തിച്ചു. അവിടെ ട്രെന്റ് ബ്രിഡ്ജ് ക്രിക്കറ്റ് ഗ്രൗണ്ടിന്റെ അടുത്ത് ഞങ്ങളെ കാത്ത് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന്റെ മെര്‍സിഡീസ് ബസ്സ് കിടപ്പുണ്ടായിരുന്നു. ബസ്സില്‍ ഞങ്ങള്‍ നാല്‍പ്പതോളം പേര്. എല്ലാവരും ഐ സി സി ട്വന്റി ട്വന്റി ലോകകപ്പിലെ സംഘാടക സമിതി അംഗങ്ങള്‍. എന്നെ പോലെ അവര്‍ക്ക് എല്ലാവര്ക്കും ക്രിക്കറ്റ് ഒരു മതമാണ്. അവിടെ നിന്ന് രണ്ടു മണിക്കൂര്‍ വേണം ലണ്ടനില്‍ എത്താന്‍. ഞങ്ങളുടെ പിന്നില്‍ ഇരുന്ന് രണ്ടു പാകിസ്ഥാനി സുഹൃത്തുക്കള്‍ അവരുടെ ടീമിന്റെ വിജയ സാധ്യതയെ പറ്റി വിവരിക്കുന്നത് കേട്ടപ്പോള്‍ പാക്കിസ്ഥാന് ഇന്ത്യയുടെ ഭാഗം ആയിരുന്നെങ്കില്‍ എന്ന് ഒരു നിമിഷം ഞാന്‍ ആശിച്ചു പോയി. ബസ്സ് കൃത്യം രണ്ടു മണിക്കൂര്‍ കൊണ്ട് ലണ്ടനിലെ സെയിന്റ് ജോണ്‍സ് വുഡില്‍ എത്തി. ഞങ്ങളുടെ മുന്നില്‍ ലോര്‍ഡ്സിന്റെ മീഡിയ സെന്റര്‍ ദൃശ്യമായി തുടങ്ങി. മാലിബോന്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ ( എം.സി.സി) ഉടമസ്ഥതയില്‍ ഉള്ള മുപ്പതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന ലോകത്തിലെ ഏറ്റവും മനോഹരമായ ക്രിക്കറ്റ് സ്റ്റേഡിയം 1814ല്‍ ആണ് നിര്‍മ്മിച്ചത്. തോമസ് ലോര്‍ഡ് എന്ന അതിന്റെ ശില്പ്പിയുടെ പേരില്‍ നിന്നാണ് ലോര്ഡ്സ്സിന് ആ പേര് കിട്ടിയത്.
സെയിന്റ് ജോണ്‍സ് വുഡില്‍ ഇറങ്ങിയ ഞങ്ങളെ,ഞങ്ങളുടെ മാനേജര്‍ ആയ റിച്ചാര്‍ഡ് ലോര്‍ഡ്സിന്റെ നേരെ എതിര് വശത്തുള്ള റീജന്റ്റ് പാര്‍ക്ക് എന്ന വലിയ ഹോട്ടലിലേക്ക് കൂട്ടി കൊണ്ട് പോയി. അവിടെ ഞങ്ങളെ പോലെ ലോകകപ്പിന്റെ മറ്റു വേദികളില്‍ പ്രവര്‍ത്തിച്ചിരുന്നവരും സന്നിഹിതരായിരുന്നു. എല്ലാവരും ഐ സി സി യുടെ ക്ഷണിക്കപ്പെട്ട അഥിതികള്‍. എല്ലാവര്ക്കും റിച്ചാര്‍ഡ് ലോര്ഡ്സ്സിലേക്ക് പ്രവേശിക്കാന്‍ ഉള്ള പാസ്സ് നല്കി. ഒപ്പം ഒരു സന്തോഷ വാര്‍ത്തയും. "വനിതാ ഫൈനലിന് ശേഷം പുരുഷ ഫൈനലിന് മുന്‍പ് മാനേജ്മന്റ് ടീമിലെ എല്ലാവര്ക്കും ഐ സി സി വക ഒരു 'ലാപ്പ് ഓഫ് ഓണര്‍', ഒരു റൗണ്ട് എല്ലാവരെയും ലോര്‍ഡ്സ് സ്റ്റേഡിയം ചുറ്റിക്കും". ഒപ്പം സ്നേഹപൂര്‍വ്വം ഒരു ഭീഷണിയും. "ഹീല്‍ ഉള്ള ഷൂസ് ധരിച്ച് ആരെങ്കിലും മൈതാനത്തോ പിചിലോ പ്രവേശിച്ചാല്‍ അവരെ പിച്ച് കയ്യേറി എന്ന കുറ്റം ചുമത്തി പോലീസ് ഉടന്‍ അറസ്റ്റ് ചെയ്യുന്നതായിരിക്കും". റിച്ചിന്റെ ഈ പ്രഖ്യാപനം ഒരു വന്‍ ഹര്‍ഷാരവത്തോടെയാണ് ഞങ്ങള്‍ സ്വീകരിച്ചത്. റിച്ചിന്റെ കയ്യില്‍ നിന്നും ടിക്കറ്റും കരസ്ഥമാക്കി ലോര്‍ഡ്സ് ലക്ഷ്യം വച്ച് ഹോട്ടലില്‍ നിന്നും നടന്നു തുടങ്ങി.
ഞങ്ങള്‍ ചെന്നപ്പോഴേക്കും അവിടെ വനിതാ ഫൈനല്‍ തുടങ്ങിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലണ്ട് വനിതകള്‍ വെറും 85 റണ്‍സിന് ഓള് ഔട്ട് ആയി. മറുപടിയായി ഇംഗ്ലണ്ട് വനിതകള്‍ വെറും 17 ഓവറില്‍ ലക്ഷ്യം കണ്ടു. മൂന്ന് ന്യൂസിലണ്ട് വിക്കറ്റുകള്‍ പിഴുത ബ്രെന്റ്റ് പ്ലെയര്‍ ഓഫ് ദി മാച്ചും, പരമ്പരയില്‍ ഉടനീളം മികച്ച പ്രകടനം കാഴ്ചവച്ച ഇംഗ്ലണ്ടിന്റെ ക്ലയെര്‍ ടയിലര്‍ പ്ലെയര്‍ ഓഫ് ദി സീരിസും ആയി. അവാര്‍ഡ്ധാന ചടങ്ങുകള്‍ക്കൊടുവില്‍ ചാര്ലൊട്ട് എഡ്വാര്‍ഡ് എന്ന ഇംഗ്ലീഷ് നായിക കപ്പുയര്‍ത്തി. ആദരസൂചകമായി ലോര്‍ഡ്സില്‍ വര്‍ണ്ണാഭമായ കരിമരുന്നു പ്രയോഗവും നടന്നു. അതിനു ശേഷം അവര്‍ ലോകകിരീടവുമായി ലോര്‍ഡ്സിനെ പ്രദക്ഷിണം വച്ചു. വനിതകളെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നവരുടെ കൂട്ടത്തില്‍ ലോര്‍ഡ്സിലെ പടുകൂറ്റന്‍ സ്ക്രീനില്‍ ചിരപരിചിതമായ ഒരു മുഖം തെളിഞ്ഞു വന്നു. സാക്ഷാല്‍ സച്ചിന് ടെന്‍ഡുല്‍ക്കര്‍. അദ്ദേഹവും ഞങ്ങളെ പോലെ കളി കാണാന്‍ വന്നതാണ് എന്ന തിരിച്ചറിവ് എന്റെ ആവേശം ഇരട്ടിപ്പിച്ചു.
വനിതകളുടെ പ്രകടനം കഴിഞ്ഞ് റിച്ചാര്‍ഡ് ഞങ്ങളെ എല്ലാവരെയും ലോര്‍ഡ്സിന്റെ പുറത്തുള്ള പരിശീലന ഗ്രൗണ്ടിലേക്ക് കൂട്ടികൊണ്ട് പോയി. ലോര്‍ഡ്സ്, ഓവല്‍, ട്രെന്റ് ബ്രിഡ്ജ്, ബ്രിസ്റ്റോള്‍ എന്ന നാല് ലോകകപ്പ് വേദികളില്‍ പ്രവര്‍ത്തിച്ച ഇരുനൂറോളം പേരുണ്ട് അവിടെ. ഇനി ലോര്‍ഡ്സിന്റെ മൈതാനം കീഴടക്കാന്‍ പോകുന്നത് ഞങ്ങള്‍ ആണ്. ഒളിമ്പിക്സിലെ പോലെ ഗ്രൗണ്ട് മുഴുവന്‍ ചുറ്റി ഉള്ള മാര്‍ച്ച് പാസ്റ്റ് ആണ് 'ലാപ് ഓഫ് ഓണര്‍'. ഗ്രൗണ്ടില്‍ ഈ സമയം ശ്രിലങ്ക പാക്കിസ്ഥാന് ടീമുകള്‍ ഫൈനലിന് മുന്‍പ് അവസാന വട്ട പരിശീലനം നടത്തുകയാണ്. അവരെ ചുറ്റി വേണം ഞങ്ങള്‍ക്ക് ലോര്‍ഡ്സിനെ വലം വയ്ക്കാന്‍. അങ്ങനെ റിച്ചാര്‍ഡിന്റെ ഉത്തരവും കാത്തു ലോര്‍ഡ്സിലെ മനോഹരമായ ചില്ല് കൂട് കൊണ്ട് നിര്‍മ്മിച്ച മീഡിയ സെന്റെറിന് താഴെ നില്‍പ്പായി ഞങ്ങള്‍.
ലോര്‍ഡ്സിനെ ഏറ്റവും ആദ്യം തൊടാനായി ഞാന്‍ മുന്‍ നിരയില്‍ തന്നെ സ്ഥാനമുറപ്പിച്ചു. നിര്‍ദ്ദേശം ലഭിച്ചതും പുല്‍തകിടിയെ തൊട്ടു വണങ്ങി വലതു കാല് വച്ചു ഞാന്‍ ആ മൈതാനത്തിന്റെ മുറ്റത്തേക്ക് പ്രവേശിച്ചു. ഞങ്ങളെ ഒരു കരാഘോഷത്തോടെയാണ് കാണികള്‍ വരവേറ്റത്. ഞങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ശ്രിലങ്ക പാക്കിസ്ഥാന് ടീമിലെ കളിക്കാരും കാണികളുടെ ഒപ്പം കയ്യടിക്കുന്നു. കാണികളുടെ കൂട്ടത്തില്‍ എന്റെ കണ്‍കണ്ട ദൈവമായ സച്ചിനും ഉണ്ട് എന്നത് എന്റെ ആവേശത്തെ അതിന്റെ കൊടുമുടിയില്‍ എത്തിച്ചു. ലാപ്പ് ഓഫ് ഓണറിന്റെ വീഡിയോ ചുവടെ ചേര്‍ത്തിരിക്കുന്നു
.
അങ്ങനെ സച്ചിനെയും ലോകകപ്പ് ജേതാക്കള്‍ ആകാന്‍ പോകുന്ന കളിക്കാരെയും സാക്ഷി നിര്‍ത്തി ആജീവാനന്തകാലം ഓര്‍മ്മയില്‍ നില്ക്കാന് പോകുന്ന ഒരു ഇന്നിംഗ്സ് ഞങ്ങള്‍ ആരംഭിച്ചു. ഇരുനൂറു പേരുടെ മുന്‍നിരയില്‍ ഉണ്ടായിരുന്ന ഞാന്‍ കൂടുതല്‍ സമയം ആ മൈതാനത്ത് നില്ക്കാന് പതുക്കെ പുറകോട്ടു വലിഞ്ഞു കൊണ്ടിരുന്നു. ലോര്‍ഡ്സിന്റെ മനോഹാരിത മുഴുവന്‍ ക്യാമറയില്‍ പകര്‍ത്തണം എന്ന ലക്ഷ്യവും ഉണ്ടായിരുന്നു ഇതിനു പിന്നില്‍.
നടന്നു നടന്നു ഞാന്‍ ലോര്‍ഡ്സിലെ വിശ്വപ്രസിദ്ധ പവലിയന് മുന്നില്‍ എത്തി. ഇവിടെ വച്ചാണ് കപില്‍ ദേവ് 1983 ജൂണ്‍ 25 നു ഇന്ത്യക്ക് വേണ്ടി ലോകകപ്പ് ഉയര്‍ത്തിയത്. ഇതേ പവലിയനില്‍ വച്ചാണ് എനിക്ക് കൃത്യം പതിനെട്ടു വയസു തികഞ്ഞ 2002 ജൂലൈ 13 നു 325 എന്ന റെക്കോര്‍ഡ് സ്കോര്‍ മറികടന്ന് നാറ്റ് വെസ്റ്റ് ട്രോഫി ജയിച്ചപ്പോള്‍ സൗരവ് ഗാംഗുലി ഷര്‍ട്ട് ഊറി വീശിയത്. അപ്പോള്‍ കപില്‍ ദേവിനും ഗാംഗുലിക്കും ഉണ്ടായ അതെ വികാരമാണ് എനിക്ക് ആ 'ലാപ് ഓഫ് ഓണര്‍' നടന്നപ്പോള്‍ ഉണ്ടായത്. ഏറ്റവും ആദ്യം കളത്തില്‍ ഇറങ്ങി ഏറ്റവും അവസാനമായി തിരികെ കയറുന്ന സ്വപ്നസാക്ഷാത്കാരമായ ആ ഇന്നിംഗ്സ് അവസനിപ്പിക്കുന്നതിന് തൊട്ടു മുന്‍പ് ഞാന്‍ ആ 'പുണ്യഭൂമിയിലെ' പ്രസാദം പോലെ ഒരു നുള്ള് മണ്ണും കുറച്ചു പുല്ലും പറിച്ചെടുക്കാന്‍ മറന്നില്ല.
വീണ്ടും വേദിയിലേക്ക്. ശ്രിലങ്ക പാക്കിസ്ഥാന് ഫൈനല്‍ കാണാന്‍. ടോസ് നേടിയ ലങ്കന്‍ നായകന് കുമാര സംഗകാര ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തു. ആദ്യ ഓവറില്‍ ശ്രിലങ്കയുടെ താരമായ ദില്ഷന് പുറത്തായപ്പോള്‍ തന്നെ കളിയുടെ ഗതി വ്യക്തമായി. പിന്നീട് മുറയ്ക്ക് ലങ്കന്‍ വിക്കറ്റുകള്‍ കൊഴിഞ്ഞുകൊണ്ടേ ഇരുന്നു. നായകന്റെ കളി പുറത്തെടുത്ത സംഗകാരയുടെ മികവില്‍ ശ്രിലങ്ക 138 റണ്‍സ് നേടി. മറുപടി ബാറ്റിങ് ആരംഭിച്ച പാകിസ്ഥാന് മികച്ച തുടക്കമാണ് കിട്ടിയത്. പിന്നീടായിരുന്നു ശാഹിദ് അഫ്രിഡിയുടെ മാസ്മര ബാറ്റിങ്. മുരളിധരനെയും മലിംഗയേയും ഓരോ തവണ വേലിക്കെട്ടിനപ്പുറം എത്തിക്കുമ്പോഴും ഗ്യാലറിയിലെ പാക്ക് ആരാധകര്‍ ഇളകി മറിഞ്ഞു. അങ്ങനെ പത്തൊന്‍പതാം ഓവറില്‍ പാകിസ്ഥാന് ലക്ഷ്യം കണ്ടു. ആ രംഗം ഒപ്പിയെടുക്കാന്‍ ഞാന്‍ സീറ്റ് വിട്ടു ഗ്രൗണ്ടിന്റെ മുന്‍നിരയില്‍ എത്തിയിരുന്നു.
രണ്ടു വര്‍ഷം മുന്‍പ് ജൊഹെന്നാസ്ബര്ഗ്ഗില് മഹേന്ദ്ര സിംഗ് ധോണി ഇന്ത്യക്ക് വേണ്ടി ഉയര്‍ത്തിയ ആ ലോക കിരീടം ഏറ്റുവാങ്ങാന്‍ ഉള്ള നിയോഗം ഇത്തവണ പാക്ക് നായകനായ യൂനിസ് ഖാനായിരുന്നു. തുടര്‍ന്നു മനോഹരമായ വെടികെട്ടും അവിടെ അരങ്ങേറി. അതിനു ശേഷം ലോക ജേതാക്കള്‍ കപ്പുമായി ഒരു റൗണ്ട് കാണികളെ വലം വച്ചു. അവരെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചപ്പോള്‍ ഞാനും മനസ്സ് കൊണ്ട് ഒരു നിമിഷം ഒരു പാകിസ്ഥാന്‍കാരനായി. അങ്ങനെ കളി തുടങ്ങിയപ്പോള്‍ ശ്രിലങ്കന്‍ ആരാധകന് ആയിരുന്ന ഞാന്‍ കളി കഴിഞ്ഞപ്പോഴേക്കും മറുകണ്ടം ചാടി. അല്ലെങ്കിലും ജയിക്കുന്ന ടീം ആണെല്ലോ എപ്പോഴും നമ്മുടെ ടീം.
പക്ഷേ ലോര്‍ഡ്സിന്റെ പടിയിറങ്ങുമ്പോള്‍ എന്റെ മനസ്സില്‍ കളി ജയിച്ചത് പാകിസ്ഥാന് ആയിരുന്നില്ല. പകരം ഞാനും എന്റെ ക്രിക്കറ്റ് സ്വപ്നങളും ആയിരുന്നു. കാരണം അന്നത്തെ ആ 'ഫൈനല്‍ @ ലോര്‍ഡ്സ്' എനിക്കും എന്നെ പോലെ ക്രിക്കറ്റിനെ ജീവന് തുല്യം സ്നേഹിക്കുന്ന കുറെ ആരാധകര്‍ക്കും വേണ്ടി ഉള്ളതായിരുന്നു.
***************************************************************************************************************************************കൂടുതല്‍ ലോര്‍ഡ്സ് ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
20 comments:
2009 ജൂണ്‍ 21നു ട്വന്റി- 20 ലോകകപ്പ് ഫൈനല്‍ മത്സരം കാണാന്‍ ലണ്ടനിലെ ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ പോയ അനുഭവ കുറിപ്പ്.
ഇന്ത്യില്‍ വന്നു ഇറങ്ങിയ നിമിഷം തന്നെ, വിഷുവിനെ തട്ടാന്‍ ഏര്‍പ്പാട് ആകിയിരിക്കുന്നു
അസൂയ കൊണ്ട് ഇരിക്കാന്‍ വയ്യ !!!!!ലോര്ദ്സും പിന്നെ ആ certificate !!! നാട്ടുകാരെ ..അത് original അല്ല.
ഫോടോ കമ്പ്ലീറ്റ് ഫോടോ ഷാപ്പ് പരിപാടിയാ.....ശോ... അസൂയ തീര്‍ക്കാന്‍ ഇനി എന്താ പറയുക ??
മ്മം..ലക്കി യു ....നല്ല വിവരണം.
ഈ ദുഷ്ടന് ഇനിയും ഇത് പോലെ നല്ല നല്ല അനുഭവം ഉണ്ടാവട്ടെ, എന്ന് ശപിക്കുന്നു !!!
ക്രിക്കറ്റ് ഭ്രാന്ത് മുറ്റിനിൽക്കുന്ന എഴുത്ത്. ഈ ശൈലികൊണ്ട് മുഴുവൻ വായിച്ചു വിഷ്ണൂ. അഭിനന്ദനങ്ങൾ!
-സു-
ഭാഗ്യവാനേ... എനിക്ക് കടുത്ത അസൂയയുണ്ട് :)
2 കൊല്ലം അന്നാട്ടില്‍ വന്നുപോയിരുന്നിട്ട് എനിക്കൊന്ന് ലോഡ്സില്‍ പോകാന്‍ പറ്റിയില്ലെന്ന് മാത്രമല്ല, പൊണ്ടാട്ടി അവിടെ പോകുകയും,സോവനീറായി നല്ലൊരു ബിയര്‍ മഗ്ഗ് വാങ്ങിക്കൊണ്ടുവന്ന് വീട്ടില്‍ വെച്ചിരിക്കുകയും ചെയ്തിരിക്കുന്നു.
ഓ:ടോ:- എപ്പോ മടണ്ഗി എത്തീ ?
അഭിമാനം തോന്നുന്നു ഡാ..!
ഇതൊക്കെ നീ എത്തിച്ചേരേണ്ട ഉയരങ്ങളുടെ ഒരു സൂചന മാത്രം..!
ടെക്നൊപാര്‍ക്കിലെ കൂലിത്തൊഴിലാളിയായി കഴിയേണ്ടവനല്ല നീയെന്നു തിരിച്ചറിഞ്ഞ നിമിഷം നീയെടുത്ത തീരുമാനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍..!! ആശംസകള്‍!!
ക്രിക്കറ്റ് എന്ന മതത്തിന്റെ വിശുദ്ധ കേന്ദ്രമാണ് ലോര്‍ഡ്സ്.. അവിടെയെത്താന്‍ പറ്റിയല്ലോ.. കളി കാണാനും മേളം കൂടാനും.. ആശംസകള്‍
ഇതിനൊക്കെ താൻ അനുഭവിയ്ക്കും,നോക്കിക്കോ:)
“സ്വപ്നസാക്ഷാത്കാരമായ ആ ഇന്നിംഗ്സ് അവസനിപ്പിക്കുന്നതിന് തൊട്ടു മുന്‍പ് ഞാന്‍ ആ 'പുണ്യഭൂമിയിലെ' പ്രസാദം പോലെ ഒരു നുള്ള് മണ്ണും കുറച്ചു പുല്ലും പറിച്ചെടുക്കാന്‍ മറന്നില്ല.“
എല്ലാക്കാര്യങ്ങളും, ക്രിക്കറ്റ് പ്രേമം വിളിച്ചോതുന്നരീതിയില് തന്നെ.. :-)
വിവരണം അടിപൊളി..
ഭാവിയില്‍, ഇംഗ്ലണ്ടില്‍ ജോലിയൊന്നും കിട്ടാതെ തെണ്ടിത്തിരിഞ്ഞ്, അവസാനം ബ്രസീലില്‍ നിന്ന് പച്ചക്കറി കൊണ്ടുവരുന്ന ഉരുവില്‍ കയറി, ബ്രസീലില്‍ എത്തി, അവിടെ കാപ്പിക്കുരു പറിക്കുന്ന ജോലി കിട്ടുകയും, അവിടെ വച്ച് ‘മാരക്കാന‘ സ്റ്റേഡിയത്തില്‍ പോകാന്‍ അവസരം ഉണ്ടാവുകയും ചെയ്യട്ടെ എന്ന് കൂടി ആശംസിക്കുന്നു... :-)
വിഷ്ണൂ നല്ല രസികൻ വിവരണം വായിച്ചിട്ട് അസൂയ വരണൂ
വിഷ്ണു തകര്‍ത്തിട്ടുണ്ട് കേട്ടോ ..ക്രിക്കറ്റ് ആവേശം ശരിക്കും പോസ്റ്റില്‍ വായിച്ചറിയാന്‍ പറ്റുന്നുണ്ട്
കുട്ടിക്കാലത്ത് ക്രിക്കറ്റ് കളി ടി വിയില്‍ കണ്ടു തുടങ്ങിയപ്പോള്‍ മുതലുള്ള ആവേശമാണ് ലോര്‍ഡ്സ്. അവിടേക്കാണ് എന്റെ അടുത്ത യാത്ര, അതും ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൌണ്‍സിലിന്റെ ക്ഷണിക്കപ്പെട്ട അതിഥി ആയി ഒരു ലോകകപ്പ് ഫൈനല്‍ മത്സരം കാണാന്‍........ഡാ ഇതിനാടാ യോഗം യോഗം എന്ന് പറയുന്നത്. ടെക്നോ പാര്‍ക്കിന്റെ പതിനഞ്ച് സ്ക്വയര്‍ ഫീറ്റില്‍ ഇരുന്നു കമ്പ്യൂട്ടര്‍ തലച്ചോര്‍ ഉണ്ടാക്കാന്‍ വേണ്ടിയല്ല നിന്റെ ജന്മം എന്ന് നീ മനസിലാക്കിയതിന്റെ ഗുണമാണ് മോനെ ഇത് !!!
captain haddock ഉര്‍വശി ശാപം ഉപകാരം എന്നാണല്ലോ..ദൈവം സഹായിച്ചു അത്തരം രണ്ടു അനുഭവങ്ങള്‍ കൂടെ വീണു കിട്ടി...അത് അടുത്ത പോസ്റ്റില്‍
-സു-|Sunil നന്ദി !!
നീരുവേട്ടനെ പോലെ ഉലകം ചുറ്റുന്ന ഒരാളുടെ ആ കമന്റില്‍ ഞാന്‍ ശരിക്കും ധന്യന്‍ ആയി, ബിയര്‍ മഗ്ഗ് എപ്പോഴും നിറഞ്ഞു കവിയുന്നു എന്ന് വിശ്വസിക്കുന്നു ....മടക്കം ഈ മാസം അവസാനം !!
വിനു ഞാന്‍ എപ്പോഴും ജോലിയും കൂലിയും ഇല്ലാത്ത ഒരുവന് ആണ്....നിന്റെ നാവു പൊന്നാവട്ടെ...നന്ദി
രഞ്ജിത് വിശ്വം, വളരെ നന്ദി
വികടശിരോമണി ;-)
ധനേഷ്: ഇംഗ്ലണ്ടില്‍ ജോലി ഒന്നും കിട്ടില്ല എന്ന് മാത്രം പറയരുത് പ്ലീസ്....തണുപ്പ് രാജ്യത്ത് പട്ടിണി കിടക്കുനതിന്റെ വേദന നിനക്ക് അറിഞ്ഞു കൂടാ
പിന്നെ ബ്രസീലും മറക്കാനയും....2016 ഫുട്ബോള്‍ ലോകകപ്പ് ഫൈനല്‍ അവിടെ നടന്നാല്‍ ഞാന്‍ അല്ല നമ്മള് അവിടെ പോയിരിക്കും....
അനൂപ് കോതനല്ലൂര്‍ , നന്ദി ;-)
sojan താങ്ക്സ് ...ഒരിക്കലും മറക്കാത്ത അനുഭവം ആയിരുന്നു അത്
Kamchal : അല്ലെങ്കിലും ഈ കമ്പ്യൂട്ടറിന്റെ മുന്നില്‍ ഇരുന്നു കളയുവാന്‍ ഉള്ളതാല്ലെലോ നമ്മുടെ ജീവിതം....
ur excitment മൊത്തം ഉണ്ട് ഈ പോസ്റ്റ് ല്‍..ക്രിക്കറ്റ് പ്രേമി തന്നെ..!നല്ല വിവരണം..
എനി അടുത്ത പോസ്റ്റ് എന്താണാവോ...?;
കുക്കു നന്ദി ;-) അടുത്ത പോസ്റ്റും ഇതു പോലെ ഒരു സ്പോര്‍ട്സ് സംബന്ധം ആയ യാത്ര ആയാലോ. ഇനി എന്തായാലും ക്രിക്കറ്റ് അല്ല ;-)
വീണിടം വിഷ്നുലോകമാക്കുവാന് കഴിവുള്ള വിഷ്നുതന്നെ !
നല്ല എഴുത്ത്,വളരെ നല്ലയവതരണം...
ഭാവിയില്‍ നല്ലൊരു ബ്ലൊഗറാവാനുള്ള(ബുലോഗത്തെ ഒരു പുപ്പുലി) യൊഗ്യത ഞാന്‍ വിഷ്നുവില് കാണുന്നു..കേട്ടൊ..
Dear vishnu
Happy onam to you. we are a group of students from cochin who are currently building a web
portal on kerala. in which we wish to include a kerala blog roll with links to blogs
maintained by malayali's or blogs on kerala.
you could find our site here: http://enchantingkerala.org
the site is currently being constructed and will be finished by 1st of Oct 2009.
we wish to include your blog located here
http://vishnu-lokam.blogspot.com/
we'll also have a feed fetcher which updates the recently updated blogs from among the
listed blogs thus generating traffic to your recently posted entries.
If you are interested in listing your site in our blog roll; kindly include a link to our
site in your blog in the prescribed format and send us a reply to
enchantingkerala.org@gmail.com and we'll add your blog immediatly.
pls use the following format to link to us
Kerala
Write Back To me Over here bijoy20313@gmail.com
hoping to hear from you soon.
warm regards
Biby Cletus
bilatthipattanam : ഞാന്‍ എന്താ പറയുക, ഒരുപാട് നന്ദികള് !!ഇനിയും വരണം
Bijoy : Thanks, Its done!!
Dear Vishnu,
The decision you made in the flight was right.Good Narration;Nice Photography. I met u through 'Bilathi Malayali' and today I read all your blogs. Keep writing regularly so that readers can get a feel of staying in England.I am also from Kottayam, properly Pala and a graduate in E& I, 2006batch,now working in Qatar.Best wishes for future blogs.
Post a Comment