02 February 2009

കള്‍ച്ചറല്‍ ഷോക്ക്


നാടു വിട്ടിട്ട് പത്തു ദിവസം തികയുന്നു . ആദ്യത്തെ പോസ്റ്റിന്  ലഭിച്ച തരക്കേടിലാത്ത പ്രതികരണം എന്നെ രണ്ടാമത്തെ ഇന്നിങ്ങ്സിനു  പ്രേരിപ്പിക്കുന്നു . പക്ഷെ ബര്‍മിങ്ങമിലെ  മഞ്ഞു വീഴ്ച  എന്നെ വീണ്ടും പുതപ്പിനടിയിലേക്കു  വലിച്ചിഴക്കുന്നു .മെല്‍ബണില്‍  നദാല്‍  ഫെഡററെ  കശക്കി എറിഞ്ഞു  കഴിഞ്ഞിരിക്കുന്നു . നെറ്റ്   നോക്കിയും ചാറ്റ് ചെയ്തും ഞാന്  മടുത്തു. മഞ്ഞു കാരണം പുറത്തിറങ്ങാനും  വയ്യ. ഇനി എന്ത് ചെയ്യും. എന്നാല്‍  പിന്നെ അടുത്ത പോസ്റ്റിന്റെ  പണിപ്പുരയിലേക്ക്  കയറാം അല്ലേ?

ബര്‍മിങ്ങമില്‍ നിന്നും നാല്പ്തു മൈല്‍ അകലെയാനു എന്‍റെ  യൂനിവേഴ്സിറ്റി. കൊവെന്ട്രി എന്ന ചരിത്ര പ്രാധാന്യമുള്ള സ്ഥലം. ബ്രിട്ടന്‍റെ  ഏറ്റവും മധ്യ  ഭാഗത്ത്, ശാന്ത സുന്ദരമായ പ്രകൃതി ഭംഗിയാല്‍  അനുഗ്രഹീതമായ ചെറിയ ഒരു പട്ടണമാണ് കൊവെന്ട്രി. ബര്‍മിങ്ങമില്‍ നിന്നും കൂടും കിടക്കയും എടുത്തു കൊവെന്ട്രിയിലേക്ക്. വിര്‍ജിന്‍ എന്ന സുപ്പര്‍ ഫാസ്റ്റ് ട്രെയിനിന് നാല്പ്തു മൈല്‍ സഞ്ചരിക്കാന് വെറും ഇരുപത്തഞ്ചു മിനുട്ടെ എടുത്തുള്ളൂ.  അവിടെ എന്റെ താമസം നാലു മലയാളികളുടെ കൂടെയാണ്. പാലകാരന്‍ ഹരിഷേട്ടന്‍, കോട്ടയംകാരന്‍ സന്ദീപ്, വൈക്കത്ത് നിന്നുള്ള  ശ്രിവരാമന്‍, പിന്നെ പെരുമ്പാവൂരില്‍  നിന്നും കുറ്റിയും പറിച്ചു വന്ന അരുണും.  തിരുവനന്തപുരത്തും പാലക്കാടും  മറ്റും കാണുന്ന  ആഗ്രഹരാങ്ങള്‍  പോലെ കൂടി ചേര്‍ന്നിരിക്കുന്ന  വീടുകളാണ്  ഇവിടെ അധികവും.കാര്‍  പോര്‍ച്ച്  പോയിട്ട്  ഒരു വരാന്ത പോലും ഇല്ലാത്ത ഇവിടുത്തെ വീടുകളുടെ മുന്നില് മഞ്ഞും മഴയും  കൊണ്ടു  കിടക്കുന്ന  ഓടിയും ബി എം ഡബ്ലു വും  കാണുമ്പോള്‍  ഒരു നൊമ്പരം.

ജനുവരി 26 തിങ്കളാഴ്ച്ച. റിപ്പബ്ലിക് ദിനം. ഭരത് മാതാ കീ  ജയ്  എന്ന് വിളിച്ചു  പുതിയ ഷൂസും, പുതിയ സോക്ക്സും, ഒരു പഴഞ്ചന് ബാഗും എടുത്തു  ഞാന് വീണ്ടും വിദ്യാലയത്തിലേക്ക്. പണ്ടു ഒന്നാം ക്ലാസ്സില് പോകാന്‍  മടിച്ചു കരഞ്ഞ എന്നെ അമ്മ തല്ലി ഓട്ടോയില്‍  കയറ്റി വിട്ടിരുന്ന ദിനങ്ങള്‍  ഓര്‍മ്മ  വരുന്നു.യൂനിവേഴ്സിറ്റി നീണ്ടു നിവര്‍ന്നു   കിടക്കുകയാണ്. ക്യാമ്പസിന്റെ  ഇടയിലൂടെ മോട്ടോര്‍ വേയും ഫ്ലൈ ഓവറും വരെ ഉണ്ട് . തപ്പി പിടിച്ചു ആപീസിനു മുന്നില്‍ എത്തിയപ്പോള്‍ അവിടെ ഒന്നര മൈല് നീളത്തില്‍  ക്യൂ. അഫ്രിക്കക്കാരും, ഇന്ത്യക്കാരും, പാകിസ്ഥാനികളും, സായിപ്പന്മാരും എല്ലാം കൂടെ തകില് പുകിലാണ്  അവിടെ. "അളിയാ നമ്മള്‍ എത്ര നേരം ഈ  ക്യൂവില് നില്‍ക്കണം " പിന്നില്‍ നിന്നു ആരോ മലയാളം പറയുന്നത് കേട്ടു ഞാന് ഞെട്ടി. പരിചയപെട്ടപ്പോള്‍ അവരും എന്‍റെ ക്ലാസ്സിലാണ്. ലോകത്തിന്റെ  ഏത് കോണില്‍  പോയാലും ഒന്നല്ല ഒരായിരം മലയാളികള്‍  കാണും  എന്ന് പറയുന്നത് എത്ര ശരിയാണ്. അങ്ങനെ ആദ്യ ദിവസം കടന്നു പോയി.

അടുത്ത ദിവസം ആദ്യ പ്രഭാഷണം ഒരു മദാമ്മയുടെ വകയാണ്. ബ്രിട്ടീഷ് കള്‍ച്ചറിനെ  പറ്റിയും അന്യ ദേശത്ത് നിന്നു വരുന്നവര്‍ ഇവിടെ എത്തുമ്പോള്‍ അനുഭവപെടുന്ന  കള്‍ച്ചറല്‍  ഷോക്കിനെ പറ്റിയും അവര്‍ ഘോര ഘോരം പ്രസംഗിച്ചു. ആദ്യത്തെ ആഴ്ച  ക്ലാസ്സ് ഒന്നും ഇല്ല.  ഇത് പോലെ ചില പ്രസംഗങ്ങളും, പരിചയപ്പെടലും, നാടു ചുറ്റി കാണിക്കലും മാത്രമേ ഉള്ളു.  ഞാന് ആദ്യം പരിചയപ്പെട്ടത്‌ ഒരു തുര്‍ക്കികാരനെയാണ് .ജെം  എന്നാണ് കക്ഷിയുടെ പേര്. എന്തൊക്കെ ചോദിച്ചിട്ടും അവന്‍റെ  വായില്‍ നിന്ന് കമാ എന്നൊരക്ഷരം വരുന്നില്ല. ഒടുവില്‍ ഞാന്‍ അറ്റ കൈക്ക് ഒരു അടവെടുത്തു. ഫുട്ബോള്‍, കളിക്കാന്‍  നല്ല വശമില്ലെങ്കിലും  കളിക്കാരെ പറ്റിയും ക്ലുബുകളെ പറ്റിയുമുള്ള വിഷയത്തില്‍ നമ്മള്‍ ഒരു പുലിയാണല്ലോ!! ഹാക്കന്‍  സുക്കെര്‍ , ഗലടസരായി, ഫെനെര്‍ബഷേ എന്നൊക്കെ തട്ടി വിട്ടപ്പോള് ലവന്‍ ഫ്ലാറ്റ്. തുര്‍ക്കികാരനെ 'ടാക്കില്‍' ചെയ്ത അഹങ്കാരത്തോടെ ഞാന് പിന്നീട് ചെന്നത് ഒരു ഒരു പാക്കിസ്ഥന്കാരന്റെ അടുത്തേക്കാണ്.  അഹമ്മദ് എന്നാണ് ചങ്ങാതിയുടെ പേര്. അവനോടും പഴയ അടവ് തന്നെ പ്രയോഗിച്ച എനിക്ക് പക്ഷേ പിഴച്ചു.  ആശാന് ക്രിക്കറ്റ്  എന്ന് കേട്ടാല്‍ ഹറാം ആണ് . ഈശ്വരാ ഇനി എന്ത് ചെയ്യും. ഒടുവില്‍ അശ്വമേധം ഗ്രാന്‍ഡ്‌  മാസ്റ്റര്‍  ജി എസ് പ്രദീപിനെ പോലെ ആര്‍ട്സ് ,സയന്സ്, ഫിലിം, ലിറ്ററേച്ചര്, പൊളിറ്റിക്സ് എന്നീ എല്ലാ  മേഖലകളും  ഞാന്‍ വിളമ്പി. അതില് ഫിലിം എന്ന ചൂണ്ടയില് അവന്‍  കയറി കൊത്തി.  പുള്ളിയെ ഒന്നു ഇമ്പ്രെസ്സ് ചെയ്തേക്കാം  എന്ന് വച്ചു ഞാന് ആദ്യം എയ്ത അമ്പു പാകിസ്താനി നടി മീരയെ പറ്റിയാണ്. പക്ഷെ ഈ തവണെയും എനിക്ക് പിഴച്ചു. ആ പേരു കേള്‍കുന്നത്‌   മൂപ്പര്‍ക്ക്  കലിയാണ്. അവസാനം എന്നെ രക്ഷിക്കാന്‍  ബോളിവുഡിലെ  ഖാന്മാര്‍ തന്നെ വേണ്ടി വന്നു. ആമിര്‍ ഖാന്‍റെ  വല്യ ഫാനായ അഹമ്മദിനെ വലയിലാക്കാന്‍ ഗജിനി തന്നെ ധാരളമാരുന്നു.

പരിചയപെടലും, നാടു ചുറ്റുലുമായി  ഒരാഴ്ച്ച  പോയതറിഞ്ഞില്ല. വീക്കെണ്ട്  ബര്‍മിങ്ങമില്‍  അര്‍മാദിക്കാം  എന്ന് കരുതി വീണ്ടും  ബാലുവിന്‍റെ (കസിന്) അടുത്തേക്ക് വച്ചു പിടിച്ചു. "നമുക്കു ഒരു പടത്തിന് പോയാലോ" നാട്ടിലാണെങ്കില് ഒട്ടു മിക്ക പടങ്ങളും മിസ് ആകാതെ കാണുന്ന ഞാന് അവന്റെ ആ ചോദ്യത്തിന് ഒട്ടും അമാന്തിക്കാതെ യെസ് എന്ന മറുപടി നല്കി. യു കെ യിലെ തീയറ്ററിലെ ഹരീശ്രീ ഒരു ഇന്ത്യന് പടം കണ്ടു കൊണ്ടു തന്നെ ആയി കോട്ടെ  എന്ന് കരുതി യു കെ ടോപ്പ് ടെന് ചാര്‍ട്ടില്‍ മുന്നിലുള്ള  "സ്ലും ഡോഗ് മില്ലിയനയര്‍" കാണാന്‍ കയറി. തീയറ്റര്‍  ഏതാണ്ട് നമ്മുടെ കോട്ടയം അഭിലാഷിന്റെ  അത്രെയേ വരൂ. "മ്യൂസിക് എ ആര്‍ റഹ്മാന് " എന്ന് കാണിച്ചപ്പോള്‍ എഴുന്നേറ്റു നിന്നു കൈ അടിക്കാന്‍  ശ്രമിച്ച എന്നെ ബാലു വിലക്കി. ഇവിടെ സിനിമ കാണുന്നതിന്  ഇടയില്‍  ആരും കൈ അടിക്കുകയും ഇല്ല, കൂവുകയും ഇല്ല.  കോമഡി രംഗങ്ങള് വന്നാല് പ്രീ റെക്കോര്‍ഡ്  ചെയ്ത പോലെ synchornous ആയി  ചിരിച്ചു കൊള്ളും. പടം കഴിഞ്ഞു  ടോയിലറ്റില് പോയ എന്‍റെ  കണ്ണ് തള്ളി. "Durex available in  4 different flavors " എന്ന് ഒരു വെണ്ടിംഗ്  മെഷിനില്‍ എഴുതി വച്ചിരിക്കുന്നു. എന്തൊരു കള്‍ച്ചര്‍    എന്റമ്മച്ചീ.

പക്ഷെ ഞാന് ശരിക്കും ഞെട്ടിയത് തീയറ്ററിനു പുറത്തിറങ്ങിയപ്പോള്‍ ആണ്. എവിടെ നോക്കിയാലും അല്പ വസ്ത്രധാരികാലായ മദാമ്മ സുന്ദരികളാണ്. അന്വേഷിച്ചപ്പോളാണ് അറിഞ്ഞത്  അതൊരു ക്ലബ്ബ് സ്ട്രീറ്റ് ആണെന്ന്. വെള്ളിയഴ്ചെയും ശനിയാഴ്ചയും  ഇവിടെ ഒടുക്കത്തെ  തിരക്കാണ്. നമ്മുടെ നാട്ടില് തെക്കു ദേശവും വടക്കു ദേശവും ഒടുവില്‍ പൂര പറമ്പില്‍ ഒത്തു കൂടും  എന്ന് പറഞ്ഞ പോലെ ഇവിടെ ഒരു പബ്ബില്‍ നിന്നും മറ്റൊന്നിലേക്ക്  അവസാനം ലക്ക് കെട്ട് എല്ലാം വല്യ ഒരു ക്ലബ്ബില് ഒത്തുകൂടി ആടി തിമിര്‍ക്കും. "പബ്ബ് ക്രോള്‍ " എന്നാണ്  ഈ ഏര്‍പ്പാടിന്റെ  പേര്.

ചുരുക്കത്തില്‍  പറഞ്ഞാല്‍  " എന്‍റെ മക്കളും നിന്‍റെ  മക്കളും നമ്മുടെ മക്കളുമായി അടി കൂടുന്നത്  കണ്ടില്ലേടീ  ശാന്തമ്മേ" അതാണ് ഇവിടുത്തെ കള്‍ച്ചര്‍. ആ ഷോക്കില്‍   നിന്നും മുക്തനാകാതെ ഞാന്‍ വീണ്ടും പുതപ്പിനടിയിലേക്ക്.


11 comments:

Irshad said...

ആദ്യ തേങ്ങ ഇപ്രാവശ്യം എന്റെ വക

(((((((ഠോ))))))))

ഇനി പറയട്ടെ, നീ കൊള്ളാം. നല്ല എഴുത്ത്.

“ആശാന് ക്രിക്കറ്റ് എന്ന് കേട്ടാല്‍ ഹറാം ആണ് .......... അതില് ഫിലിം എന്ന ചൂണ്ടയില് അവന്‍ കയറി കൊത്തി. “

ക്രിക്കറ്റ് ഹറാം ആയവനു ഫിലിം ഹലാലൊ? അവന്‍ കൊള്ളാമല്ലോ?

“ഈശ്വരാ ഇനി എന്ത് ചെയ്യും. ഒടുവില്‍ അശ്വമേധം ഗ്രാന്‍ഡ്‌ മാസ്റ്റര്‍ ജി എസ് പ്രദീപിനെ പോലെ ആര്‍ട്സ് ,സയന്സ്, ഫിലിം, ലിറ്ററേച്ചര്, പൊളിറ്റിക്സ് എന്നീ എല്ലാ മേഖലകളും ഞാന്‍ വിളമ്പി.“ : നീ ചുമ്മാ കള്ളം പറയല്ലെ, ഇത്രയും കാര്യം സ്പെല്ലിങ് തെറ്റാതെ നീ എഴുതുമായിരുന്നെങ്കില്‍ നിന്നെ ഞങളു യു.കെയിലേക്കു നാടു കടത്തുമായിരുന്നില്ലല്ലൊ?

നന്നായിട്ടുണ്ട്, തുടര്‍ന്നും എഴുതുക.

ധനേഷ് said...

എഴുത്ത് നന്നാവുന്നുണ്ട്..
പുതിയ പുതിയ ഷോക്കുകള്‍ ഉടന്‍ തന്നെ പോസ്റ്റ് ആക്കുക.

The Common Man | പ്രാരബ്ധം said...

അളിയാ..

അവിടെ അവരു പലതും കാണിക്കും, നീ നിന്റെ ഡീസന്‍സി വിട്ടു കളിക്കരുത്‌. അത്രേ എനിക്കു പറയാനുള്ളൂ.

ഒറ്റയാന്‍ | Loner said...

മോനേ.. നീ വഴി പിഴച്ചു പോകരുതേ..

ശ്രീക്കുട്ടന്‍ | Sreekuttan said...

രസകരമായിരിക്കുന്നു...

വിഷ്ണു | Vishnu said...

ഇതു വഴി പോയി പ്രോത്സാഹനം തന്ന നിങ്ങള്‍ എല്ലാവര്‍ക്കും നന്ദി. നിങ്ങളുടെ വിലപെട്ട അഭിപ്രായങള്‍ തുടര്‍ന്നും പ്രതീക്ഷികുന്നു

നിരക്ഷരൻ said...

"എന്‍റെ മക്കളും നിന്‍റെ മക്കളും നമ്മുടെ മക്കളുമായി അടി കൂടുന്നത് കണ്ടില്ലേടീ ശാന്തമ്മേ"

അങ്ങനൊരു പ്രയോഗം തന്നെ കേള്‍ക്കുന്നത് ആദ്യായിട്ടാ.
വിഷ്ണുവിന്റെ ഈ ബ്ലോഗ് അഗ്രഗേറ്ററില്‍ ലിസ്റ്റ് ചെയ്യിക്കാനുള്ള ഏര്‍പ്പാടുകള്‍ നോക്കൂ. എല്ലാവരും വായിക്കട്ടെ. 400 പേരെങ്കിലും വായിക്കും , 50 പേരെങ്കിലും കമന്റടിക്കും എന്ന് ഉറപ്പാണ്. ബൂലോകത്തെ മറ്റൊരു പുലിയാകാന്‍ പോന്ന മെറ്റീരിയലാണ് വിഷ്ണു.

ആള്‍ ദ ബെസ്റ്റ്.

Ashly said...

"...available in 4 different flavors " ::-> u can find the same setup in most of the bus stands in Karnataka...


Great writing, as Neeru(നിരക്ഷരന്‍) told, add to agri

ചേച്ചിപ്പെണ്ണ്‍ said...

bobbyachante ( fr bobby jose kattikkadu ) oru prasangathil kettathanu ....
nagarthinte kadum nirangalil manassum shareeravum patharathirikkan vendi monu oru photo koduthuvidunna appane patti. "nee ithu ninte muriyil evidengilum ennum kanan pakaththinu vaykkuka "

otta mundum uduthu padathe cheril appan thoonba pani cheyyunna chithram

vishnuvinu inganathe ormakal illayirikkam
pakshe swayam kyvidathirikkan enthekkilum ormakal
undavatte ennu aasamsikkunnu , prarthikkunnu

chechi

വിഷ്ണു | Vishnu said...

നീരുവേട്ടന്റെ നിര്‍ദേശം ഞാന്‍ അക്ഷരം പ്രതി അനുസരിക്കുന്നു. അഗ്രഗേറ്ററില്‍ ലിസ്റ്റ് ചെയ്തു. വളരെ നന്ദി.
Ashly thanks
ചേച്ചി പെണ്ണിന്റെ പ്രാര്‍ഥനകള്‍ക്കും ആശംസകള്‍ക്കും ഒരുപാട് നന്ദി

ഒരു യാത്രികന്‍ said...

nalla ezhuthu...all the best

Related Posts with Thumbnails