29 July 2009

വേള്‍ഡ്‌ കപ്പ്‌ ഡയറി

മഞ്ഞുകാലത്തിന്റെ കുളിരില്‍ നിന്ന് വേനല്‍ കാലത്തേ ആലസ്യത്തിലേക്ക് ഇംഗ്ലണ്ട് എന്ന രാജ്യം മാറുന്നത് കണ്മുന്നില്‍ ദൃശ്യമായി തുടങ്ങിയിരിക്കുന്നു. ഗ്രൗണ്ടുകളില്‍ ഫുട്ബോളിനോടൊപ്പം ക്രിക്കറ്റ്‌ കളിയും പ്രത്യക്ഷമായി തുടങ്ങി. പിള്ളേരുടെ ക്രിക്കറ്റ്‌ കളി കാണാന്‍ എന്ന പേരില്‍ മൈതാനത്ത് പായ വിരിച്ചു വെയില് കായാന്‍ കിടക്കുന്ന മദാമ്മമാരും സായിപ്പന്മാരും ഏതു മൈതാനത്തും ഒരു പതിവ് കാഴ്ചയായി. യൂണിവേഴ്സിററിയില്‍ എന്‍റെ ഒന്നാം സെമസ്റ്റര്‍ പരീക്ഷ അവസാനിക്കുന്ന പിറ്റേ ദിവസമാണ് ട്വന്റി-20 ലോകകപ്പ്‌ തുടങ്ങുന്നത്. പരീക്ഷ ടൈം ടേബിളും ലോകകപ്പ്‌ മത്സര ക്രമവും എനിക്ക് വേണ്ടി തയ്യാറാക്കിയത് പോലെ. ജൂണ്‍ 2 പ്രദര്‍ശന മത്സരം മുതല്‍ ജൂണ്‍ 18 നു നടക്കുന്ന സെമി ഫൈനല്‍ വരെ നോട്ടിങ്ങാം ട്രെന്‍റ് ബ്രിഡ്ജ് സ്റ്റെഡിയത്തിലെ എല്ലാ മത്സരങ്ങള്‍ക്കും എനിക്ക് ലോകകപ്പ്‌ ഒഫീഷ്യല്‍ ആയി ഡ്യൂട്ടി ഉണ്ട്.


ജൂണ്‍ 2- ശ്രിലങ്ക ബംഗ്ലാദേശ് പ്രദര്‍ശന മത്സരത്തോടെ ആണ് എന്‍റെ ലോകകപ്പ്‌ അരങ്ങേറ്റം. കളി തുടങ്ങുനതിനു രണ്ടു മണിക്കൂര്‍ മുന്‍പ് ഞാന്‍ നോട്ടിങ്ങാമില്‍ എത്തി. ആദ്യ മത്സരം ആയതു കൊണ്ട് ഞങ്ങള്‍ക്ക് അര മണിക്കൂര്‍ പരിശീലനം ഉണ്ട്. റിച്ചാര്‍ഡ്‌ അഥവാ റിച്ച് എന്ന ഞങ്ങളുടെ മാനേജര്‍ ഡ്യൂട്ടിക്കിടയില്‍ എങ്ങനെ പ്രൊഫഷണല്‍ ആയി പെരുമാറാം എന്ന് പരിശീലനം തന്നു. ജോലി സമയത്ത് ഫോട്ടോ എടുക്കാനോ, കളിക്കാരുമായി സംസാരിക്കാനോ, ഓട്ടോഗ്രാഫ്‌ വാങ്ങാനോ പാടില്ല. കാണികളേയും കളിക്കാരേയും എങ്ങനെ ചിരിച്ചു കൊണ്ട് സ്വീകരിക്കാം എന്നും റിച്ച് ഞങ്ങളെ പഠിപ്പിച്ചു. ഒരു ദിവസം മിക്കവാറും രണ്ടു കളികള്‍ കാണും. ഒരു കളിക്കെ ഞങ്ങള്‍ക്ക് ഡ്യൂട്ടി ഉള്ളു. മറ്റേ കളി ഗ്രൗണ്ടില്‍ ഇരുന്നു ആസ്വദിക്കാം. മുന്‍പ് പറഞ്ഞിരുന്നത് എനിക്ക് ചിയര്‍ ലീഡേഴ്സിനെ മേയ്ക്കുക എന്ന ജോലി ആണ്. എന്നാല്‍ ഏറ്റവും ഡിമാണ്ട് ഉള്ള ആ ജോലിക്ക്‌ ഒരുപാട് പേര്‍ മുറവിളി കൂടിയത് കൊണ്ടാകും റിച്ച് എല്ലാവരുടെയും ജോലിക്കാര്യത്തില്‍ മാറ്റം വരുത്തി. പുതിയ തീരുമാനം അനുസരിച്ച് മാനേജ്‌മന്റ്‌ ടീമില്‍ ഉള്ള എല്ലാവര്‍ക്കും എല്ലാ ജോലികളും റോട്ടെഷന്‍ സമ്പ്രദായം അനുസരിച്ച് മാറി മാറി വരും. അത് പ്രകാരം ആദ്യ ദിവസം എനിക്ക് ലഭിച്ചത് കാണികള്‍ക്ക് ലോകകപ്പിന്‍റെ വിവരങ്ങള്‍ അടങ്ങിയ ഒരു ബുക്ക്‌ലെറ്റ് സൌജന്യമായി വിതരണം ചെയ്യുക എന്നതാണ്. ബംഗ്ലാദേശിന്റെ ബാറ്റിങ്‌ പകുതി ആയപ്പോഴേക്കും ഒരു പെട്ടി നിറയെ ബുക്ക്‌ലെറ്റ് ഞാന്‍ ചൂടപ്പം പോലെ വിതരണം ചെയ്തു കഴിഞ്ഞിരുന്നു. അത് മാത്രമാണ് അന്നത്തെ എന്‍റെ ജോലി. അതിനു ശേഷം ഗ്രൗണ്ടില്‍ ഇരുന്ന്‍ ആ കളി മുഴുവന്‍ കണ്ടു.


പരിശീലന മത്സരമായത് കൊണ്ട് ഗ്രൗണ്ടില്‍ കാണികള്‍ നന്നേ കുറവായിരുന്നു. എന്നാല്‍ രണ്ടാമത്തെ കളിയായ ഇംഗ്ലണ്ട് സ്കോട്ട്ലാണ്ട് മത്സരം തുടങ്ങിയപ്പോഴേക്കും ട്രെന്‍റ് ബ്രിഡ്ജ് മുക്കാലും നിറഞ്ഞു. ഡ്യൂട്ടി ഇല്ലാത്ത സമയം ആയത് കൊണ്ട് എനിക്ക് ധാരാളം ഫോട്ടോകള്‍ പകര്‍ത്താം. ഇവയെല്ലാം രാത്രി വീട്ടില്‍ ചെന്നിട്ടു അപ്‌ലോഡ്‌ ചെയ്യണം. പിറ്റേ ദിവസം നേരം വെളുക്കുമ്പോഴേക്കും cricketcircle.com എന്ന സൈറ്റിലൂടെ എന്‍റെ ഫോട്ടോകള്‍ ലോകം മൊത്തം കാണും. എന്നിലെ അമേച്വര്‍ ഫോട്ടോഗ്രാഫെര്‍ക്കു ഇതില്‍ പരം അംഗീകാരം വേറെ എന്ത് ലഭിക്കാന്‍. അങ്ങനെ ഫോട്ടോ എടുക്കുന്ന സമയത്താണ് ലോങ്ങ്‌ ഓണില്‍ ഫീല്‍ഡ് ചെയ്തിരുന്ന 'പീറ്റര്‍ ക ബേട്ട' അഥവാ കെവിന്‍ പീറ്റര്‍സണ്‍ എന്‍റെ തൊട്ടടുത്ത്‌ ആരാധകര്‍ക്ക് ഓട്ടോഗ്രാഫ്‌ നല്‍കുന്നത് ഞാന്‍ ശ്രദ്ധിച്ചത്. ഓട്ടോഗ്രാഫ്‌ വാങ്ങുന്ന പ്രായം കഴിഞ്ഞു പോയതിനാല്‍ ഞാന്‍ അദേഹത്തിന്റെ ഒരു ക്ലോസ് അപ്പ്‌ ചിത്രം ക്യാമറയില്‍ പകര്‍ത്തി ആദ്യ ദിവസത്തെ 'ഡ്യൂട്ടി' അവസാനിപ്പിച്ചു. ബോര്‍ കളി ആയതിനാല്‍ ആ മത്സരം മുഴുവന്‍ കാണാന്‍ ഞാന്‍ മിനകെട്ടില്ല.


ജൂണ്‍ 5 നു ലോര്‍ഡ്സില്‍ ലോകകപ്പ്‌ ഔദ്യോഗികമായി തുടങ്ങി. ആദ്യ ദിനം തന്നെ നെതെര്‍ലണ്ട്സ് ഇംഗ്ലണ്ടിനെ അട്ടിമറിച്ചത് വരാനുള്ള മത്സര ഗതികളുടെ സൂചന നല്‍കി. ട്രെന്‍റ് ബ്രിഡ്ജ് ലെ ആദ്യ മത്സരം ജൂണ്‍ 6 നു നടക്കുന്ന ഇന്ത്യ ബംഗ്ലാദേശ് കളിയാണ്. ലോകകപ്പ്‌ സ്പോണ്‍സര്‍മാരായ ഫ്ലൈ എമിരേറ്റ്സ്നു വേണ്ടി ആയിരുന്നു എന്റെ അന്നത്തെ ജോലി. കളി കാണാന്‍ വരുന്നവര്‍ക്ക് എമിരേറ്റ്സ്ന്റെ പരസ്യം പതിച്ച തൊപ്പികള്‍ ഫ്രീ ആയി വിതരണം ചെയ്ന്നതിനോടൊപ്പം അവരെ ചിരിച്ചു കൊണ്ട് ഗ്രൗണ്ടിലേക്ക് ആനയിക്കുക എന്നതാണ് എന്നിലെ ആതിഥേയന്റെ അന്നത്തെ കര്‍ത്തവ്യം. ഇന്ത്യയുടെ കളി ആയതിനാല്‍ കാണികളുടെ നല്ല തിരക്കാണ്. കൊട്ടും പാട്ടും ഒക്കെ ആയി ട്രെന്‍റ് ബ്രിഡ്ജ് ശരിക്കും ഉത്സവ ലഹരിയില്‍ ആയി. അതിനിടക്കാണ്‌ മൂന്ന് നാലു മലയാളി പയ്യന്മാര്‍ കളി കാണാന്‍ വരുന്നത്. നമസ്കാരം എന്ന് പറഞ്ഞു അവരെ വരവേറ്റ എന്നെ കണ്ടു അവര്‍ക്ക് ആശ്ചര്യം. അതിലോരുത്തനു കളി കാണാന്‍ ടിക്കറ്റ്‌ ഇല്ല. എമിരേറ്റ്സ് തൊപ്പിക്കു പകരം എന്‍റെ ഐ സി സി ഐഡന്റിറ്റി കാര്‍ഡ്‌ നല്കാമോ എന്നായി അവന്മാര്‍. മലയാളികള്‍ എവിടെ പോയാലും തനി കൊണം കാണിക്കുമല്ലോ!! കളിയുടെ ടിക്കറ്റ്‌ എല്ലാം വിറ്റു പോയി പോലും. അവരെ ഞാന്‍ ഗ്രൗണ്ടിനു പുറത്തു ബ്ലാക്കില്‍ ടിക്കറ്റ്‌ വില്‍ക്കുന്ന ഒരു സായിപ്പിനെ മുട്ടിച്ചു കൊടുത്തു. നാടുകാര്‍ക്ക് വേണ്ടി എത്ര എങ്കിലും ഉപകാരം ചെയ്യണ്ടേ?


കളി തുടങ്ങുന്നതിനു വളരെ മുന്‍പ് തന്നെ ഞാന്‍ എന്‍റെ അന്നത്തെ ജോലി ചെയ്തു തീര്‍ത്ത് ഇന്ത്യയുടെ കളി ആസ്വദിക്കാന്‍ ഏറ്റവും പറ്റിയ ഒരു സ്ഥലത്ത് തന്നെ കുറ്റിയടിച്ചു. കളിക്കാര്‍ മൈതാനത്ത് പരിശീലനം നടത്തുണ്ടായിരുന്നു. ഇഷാന്ത്‌ ശര്‍മ്മ കുതിരയെ പോലെ ചാടി വന്ന് എറിയുന്നത് റൈനയും രോഹിത്‌ ശര്‍മ്മയും പറന്നു പിടിക്കുന്നു. യുസുഫ്‌ പത്താനും ഭജ്ജിയും സൊറ പറഞ്ഞു ഇരിക്കുന്നു. ധോണി നായകന്റെ ടെന്‍ഷന്‍ അടിച്ചു യുവരാജുമായി എന്തോ ചര്‍ച്ച ചെയുന്നു. പക്ഷേ സെവാഗ് മാത്രം ഒരു മൂലയ്ക്ക് ചട്ടി ചട്ടി നടക്കുനതു കണ്ടപ്പോള്‍ എന്തോ പന്തികേട്‌ മണത്തു. ടീം പ്രഖ്യാപിച്ചപ്പോള്‍ പ്രതീക്ഷിച്ച പോലെ സെവാഗ് ടീമില്‍ ഇല്ല. എങ്കിലും ഗംഭീറിനോടൊപ്പം രോഹിത്‌ ശര്‍മ്മ ഇന്ത്യക്ക് മികച്ച തുടക്കമാണ്‌ നല്‍കിയത്.


പക്ഷെ കളി ശരിക്കും ഓളം ആയതു യുവരാജ് വന്നതിനു ശേഷം ആണ്. യുവിയുടെ സിക്സറുകള്‍ എന്‍റെ തലയ്ക്കു മുകളിലൂടെ പറക്കുന്നത് കണ്ടാസ്വദിച്ച ഞാന്‍ അവ ക്യാമറയില്‍ പകര്‍ത്താന്‍ പോലും മറന്നു പോയി. സഹീര്‍ ഖാന്റെ തീപാറുന്ന ഓപ്പണിംഗ് സ്പെല്ലും ധോനിയെട്ടന്റെ നായക മികവും പ്രഗ്യാന്‍ ഓഹ്ജയുടെ മാസ്മര ബൌളിങ്ങും കൂടെ ചേര്‍ന്നപ്പോള്‍ ഇന്ത്യ ആ കളി നിഷ്പ്രയാസം ജയിച്ചു.


ജൂണ്‍ 8 നു അയര്‍ലണ്ട് ബംഗ്ലാദേശ് കളിക്കായിരുന്നു എന്‍റെ അടുത്ത ഡ്യൂട്ടി. കളി ബോര്‍ ആയിരുന്നെകിലും എന്‍റെ ജോലി ശരിക്കും 'കളര്‍ഫുള്‍' ആയിരുന്നു. ചിയര്‍ ലീഡേഴ്സിന്‍റെ താങ്ങും തണലും ആയി അവരുടെ കാര്യങ്ങള്‍ നോക്കി അവരുടേ കാര്യസ്ഥനായി നില്‍ക്കാനായിരുന്നു അന്നത്തെ എന്‍റെ കാര്യപരിപാടി.സിക്സും ഫോറും അടിക്കുമ്പോള്‍ അവര്‍ ഉറഞ്ഞു തുള്ളണം. ബംഗ്ലാദേശിനും അയര്‍ലണ്ടിനും യുവരാജിന്റെ അയലത്ത് കെട്ടാന്‍ കഴിവുള്ള കളിക്കാര്‍ ഇല്ലാത്തത് കൊണ്ട് അവര്‍ക്ക് അന്ന് കാര്യമായി പണി ഒന്നും ഇല്ലായിരുന്നു. കൂടുതല്‍ സമയം ചൊറിയും കുത്തി ഇരുന്ന അവരെ എനിക്ക് അങ്ങനെ കൂടുതല്‍ പരിചയപ്പെടാന്‍ പറ്റി. റോക്കി എന്ന ചെറുപ്പകാരനും നതാഷ, അമേലി എന്ന രണ്ടു പീസുകളും ആണ് ഒരു ടീം. അങ്ങനെ ഗ്രൗണ്ടിന്റെ നാലു കോണിലും മൂന്നു പേര്‍ വീതമുള്ള നാലു ടീമുകള്‍. എല്ലാവരെയും കാണികളെ രസിപ്പിക്കാന്‍ വേണ്ടി റിലയന്‍സ് മൊബൈല്‍ വിലക്കെടുത്തവര്‍. ദാഹിച്ചിരുന്നപ്പോള്‍ ഒരു കുപ്പി വെള്ളം ഒപ്പിച്ചു കൊടുത്തത് കൊണ്ടാകും നതാഷ ഞാനുമായി നല്ല കമ്പനി ആയി. മറ്റേ അമേലി പെണ്ണ് ആ 'പാറ' ചെറുകന്റെ കൂടെ കൊഞ്ചി കുഴഞ്ഞു ഇരുന്നതല്ലാതെ അടുത്ത് മൂന്ന് മണിക്കൂര്‍ ഇരുന്ന എന്നെ ഒന്ന് തിരിഞ്ഞു നോക്കിയത് പോലും ഇല്ല. അല്ലേലും കാണാനും സുന്ദരി ആ നതാഷ കൊച്ച് ആയതു കൊണ്ട് ഞാനും മറ്റവളെ കൂടുതല്‍ അടുപ്പിച്ചില്ല. അങ്ങനെ മൂന്ന് മണിക്കൂര്‍ അവരോടപ്പം അടിച്ചു പൊളിച്ചു പോയത് കൊണ്ട് മുന്നില്‍ നടന്ന അലമ്പ് കളി ഞാന്‍ അധികം ശ്രദ്ധിച്ചില്ല.


അന്നത്തെ അടുത്ത മത്സരം ആയ ശ്രിലങ്ക ഓസ്ട്രേലിയ കളിക്ക് എനിക്ക് ഡ്യൂട്ടി ഇല്ല. എന്നാല്‍ ആ കളി ആണ് CRICINFO.comനു വേണ്ടി റിപ്പോര്‍ട്ട്‌ ചെയ്യണ്ടത്. ആ കളി വിശദമായി അനലൈസ് ചെയ്യാന്‍ ഞാന്‍ ട്രെന്‍റ് ബ്രിഡ്ജ്ന്റെ ഏറ്റവും നല്ല ഗാലറി തന്നെ തിരഞ്ഞെടുത്തു. ഓസ്ട്രേലിയ ബൌളര്‍മാരുടെ സഹായത്തോടെ 159 റണ്‍സ് അടിച്ചു കൂട്ടി. എങ്കിലും ദില്‍ഷനും സംഗക്കാരയും നിറഞ്ഞു കളിച്ചപ്പോള്‍ റിക്കി പോണ്ടിങ്ങും കൂട്ടരും നിന്ന് വിയര്‍ക്കുന്നത് കാണാമായിരുന്നു.ദില്‍ഷന്റെ 'സ്കൂപ്പ്‌' ഷോട്ടുകളോടൊപ്പം വേലി കടന്നത് ക്രിക്കറ്റ്‌ രാജാക്കന്മാര്‍ എന്ന് അഹങ്കരിക്കുന്ന കങ്കാരു ടീമിന്റെ സ്വപ്നങ്ങളും ആയിരുന്നു. അങ്ങനെ ഒരു ലോകകപ്പിന്റെ ഒന്നാം റൌണ്ടില്‍ ഓസ്ട്രേലിയന്‍ വന്‍ മരം കട പുഴകി വീഴുന്നത് കാണാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു.


ട്രെയിനില്‍ തിരിച്ചു വീട്ടിലേക്കു പോകുന്ന വഴിക്ക് ഞാന്‍ ആ റിപ്പോര്‍ട്ട്‌ തയ്യാറാക്കുന്ന തിരക്കില്‍ ആയിരുന്നു. ഞാന്‍ വിട്ടു പോയ രംഗങ്ങള്‍ ശിവരാമന്‍ എനിക്ക് പൂരിപ്പിച്ചു നല്‍കി. കൂടാതെ ഞാന്‍ എത്തുന്നതിനു മുന്‍പ് റിപ്പോര്‍ട്ട്‌ കമ്പ്യൂട്ടറില്‍ തയ്യാറാക്കാന്‍ വീട്ടില്‍ ഇരുന്ന ബാലുവിനോട് പറയുകയും ചെയ്തിരുന്നു. അങ്ങനെ ശിവരാമന്റെ അഭിപ്രായങ്ങളും, ബാലുവിന്റെ കുറച്ച് 'ബ്രിട്ടീഷ്‌ ഇംഗ്ലീഷും' എന്‍റെ മേല്‍നോട്ടവും എഡിററിങ്ങും കൂടെ ആയപ്പോള്‍ ആ റിപ്പോര്‍ട്ട്‌ പൂര്‍ണ്ണം ആയി. അന്ന് രാത്രി തന്നെ ഞാന്‍ അത് CRICINFO.comനു അയച്ചു കൊടുത്തു. പിറ്റേ ദിവസം നേരം വെളുത്തപ്പോള്‍ തന്നെ എനിക്ക് നന്ദി അറിയിച്ചു കൊണ്ട് CRICINFO.com ന്റെ സീനിയര്‍ എഡിറ്റെറുടെ ഇമെയില്‍ സന്ദേശം എനിക്ക് ലഭിച്ചിടുണ്ടായിരുന്നു. ആ റിപ്പോര്‍ട്ട്‌ പൂര്‍ണ്ണ രൂപത്തില്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ജൂണ്‍ 10 ശ്രിലങ്ക വെസ്റ്റ്ഇന്‍ഡീസ്, ഇന്ത്യ അയര്‍ലണ്ട് ഗ്രൂപ്പ്‌ സ്റേറജിലെ അവസാന കളികള്‍ അന്നാണ്. നാലു ടീമുകളും സൂപ്പര്‍ എട്ടില്‍ കടന്നതിനാല്‍ ആ കളികള്‍ക്ക് പ്രസക്തി നഷ്ടപ്പെട്ടിരുന്നു. ആദ്യ മത്സരത്തിനാണ് എനിക്ക് ഡ്യൂട്ടി. ക്രിസ് ഗയിലിന്റെ കൂറ്റന്‍ അടികള്‍ കാണാം എന്ന് കരുതി ഇരുന്ന എന്നെ നിരാശപ്പെടുത്തി കൊണ്ടാണ് വെസ്റ്റ് ഇന്‍ഡീസ് ടീം പ്രഖ്യാപിച്ചത്. പരുക്ക് മൂലം ക്രിസ് ഗയില്‍ കളിക്കുന്നില്ല. പക്ഷെ ഡ്ഡഗ്ഗ് ഔട്ടില്‍ ഇരുന്നു വിശ്രമിക്കുന്ന ക്രിസ് ഗയിലിന്റെ വളരെ അടുത്തിരുന്നാണ് എന്‍റെ അന്നത്തെ ഡ്യൂട്ടി. ഒരു ബാറ്റ്‌സ്‌മാന്‍ ഔട്ട്‌ ആയാല്‍ അടുത്ത ബാറ്റ്‌സ്‌മാന്‍ ആരാണെന്നു അയാളുടെ പേരും ജേഴ്സി നമ്പറും സഹിതം വാക്കി ടോക്കിയിലൂടെ വിളിച്ചു പറയണം. ഞാന്‍ പറയുന്നത് കേട്ടിടു വേണം ഇ എസ് പി എന്‍, സ്കൈ സ്പോര്‍ട്സ് കമന്‍റേററര്‍മാര്‍ അത് ലോകം മുഴുവന്‍ ടി വിയിലൂടെ വിളിച്ചു പറയാന്‍. അതിനു വേണ്ടിയാണു കളിക്കാരുടെ ജേഴ്സി നമ്പര്‍ വ്യക്തമായി കാണുന്ന അവരുടെ തൊട്ടു പുറകില്‍ തന്നെ എനിക്ക് സീറ്റ്‌ നല്‍കിയത്.വാക്കി ടോക്കി എങ്ങനെ പ്രവര്‍ത്തിപ്പിക്കണം എന്ന് റിച്ച് എനിക്ക് പറഞ്ഞു തന്നു.റിച്ച് പറഞ്ഞു തന്നത് ശരിയാണൊ എന്ന് പരിശോദിക്കാന്‍ ഞാന്‍ ആ കുന്ത്രണ്ടാത്തിലൂടെ തൊള്ള തുറന്നു " No 27 മഹേല ജയവര്‍ധന No 27 മഹേല ജയവര്‍ധന ഈസ്‌ ദി നെക്സ്റ്റ് ബാറ്റ്‌സ്‌മാന്‍'. ആദ്യ ഓവറുകളില്‍ ദില്‍ഷനും ജയസുര്യയും അടിച്ചു തകര്‍ക്കുംബോഴാണ് ഞാന്‍ ആ മണ്ടത്തരം ചെയ്തത്. അത് കേട്ട് ഞെട്ടി റിച്ച് എന്നോട് " എന്ത് മണ്ടത്തരമാണ് നീ വിളിച്ചു കൂവിയത്. നീ പറഞ്ഞത് ഇയാന്‍ ചപ്പെലും ഹര്‍ഷ ഭോഗ്ലെയും ഒക്കെ അങ്ങേ തലക്കല്‍ കേട്ടു കൊണ്ടിരിക്കുവല്ലേ, ആരും ഔട്ട്‌ ആകാതെ എന്തിനാ വിളിച്ചു കൂവിയത്" അപ്പോളാണ് ഞാന്‍ ചെയ്ത അബദ്ധം എനിക്ക് ശരിക്കും മനസിലായത്. " സോറി മൈക്ക്‌ ടെസ്റ്റിംഗ് മൈക്ക്‌ ടെസ്റ്റിംഗ്" എന്ന് പറഞ്ഞു ഞാന്‍ എന്റെ ശ്രോതാക്കളോട് ക്ഷമ ചോദിച്ചു.എന്നാല്‍ അന്ന് പിന്നീട് ഞാന്‍ പറഞ്ഞത് മുഴുവന്‍ നന്നായിരുന്നു എന്ന് ഏതോ ഒരു കമന്‍റേററര്‍ വക അഭിനന്ദനവും കിട്ടി. അന്ന് തന്നെ എന്‍റെ മുന്നില്‍ ഇരുന്നു കളി കണ്ടു കൊണ്ടിരുന്ന ക്രിസ് ഗയിലിനു ഒരു കുപ്പി ദാഹ ജലം കൊടുക്കാനും അവസരം കിട്ടി. എന്‍റെ കയ്യില്‍ നിന്ന് വെള്ളം വാങ്ങിയതിനു എനിക്ക് ഒരു താങ്ക്സ് പറയാനും ആശാന്‍ മറന്നില്ല. അങ്ങനെ ലോകോത്തര ബൌളര്‍ ആയ ബ്രെറ്റ് ലീക്ക് പോലും ചെയ്യാന്‍ പറ്റാത്തത് എനിക്ക് സാധിച്ചു. ക്രിസ് ഗയില്‍ എന്ന ആജാന ബഹുവിനെ ഞാന്‍ വെള്ളം കുടിപ്പിച്ചു.


അന്ന് തന്നയാണ് അയ്‌ഞ്ചിലോ മാത്യൂസ്‌ എന്ന ശ്രിലങ്കന്‍ കളിക്കാരന്റെ തകര്‍പ്പന്‍ ഫീല്‍ഡിംഗ് പ്രകടനം എന്‍റെ കണ്‍മുന്നില്‍ അരങ്ങേറിയത്.

അടുത്ത ഇന്ത്യ അയര്‍ലണ്ട് കളി ക്യാമറയില്‍ ആക്കുക എന്ന ജോലി മാത്രമേ അന്ന് എനിക്ക് അവിടെ ചെയ്യാന്‍ ഉണ്ടായിരുന്നുള്ളു. ധോണിയും കൂട്ടരും നിഷ്പ്രയാസം ആ കളി ജയിച്ചു ഗ്രൂപ്പ്‌ ചാമ്പ്യന്‍മാരായി സൂപ്പര്‍ എട്ടില്‍ കടന്നു.ജൂണ്‍ 11 നു അതായതു പിറ്റേ ദിവസം സൂപ്പര്‍ എട്ടു മത്സരങ്ങള്‍ക്ക് ട്രെന്‍റ് ബ്രിഡ്ജ്ല്‍ തുടക്കമായി. ആദ്യ കളിയായ ന്യൂസീലണ്ട് അയര്‍ലണ്ട് മത്സരത്തിനു എന്നെ കാത്തിരുന്നത് സ്വപ്ന തുല്യമായ ഒരു അവസരം ആണ്. കളി തുടങ്ങുന്നതിനു മുന്‍പ് റിച്ച് എന്നെ ഗ്രൗണ്ടിലേക്ക് വിളിപ്പിച്ചു. ഒരു പെട്ടി ചൂണ്ടി കാണിച്ചു അതില്‍ ഇരിക്കുന്ന 'വലിപ്പമേറിയ' വസ്തു ഒറ്റയ്ക്ക് എടുത്തു ഗ്രൗണ്ടിന്റെ നടുക്ക് കൊണ്ട് വയ്ക്കാമോ എന്ന് ചോദിച്ചു. ഈശ്വര ആ പെട്ടിക്കകത്ത് ഇനി എന്താണാവോ? പക്ഷെ റിച്ച് ആ പെട്ടിയുടെ പൂട്ട് തുറന്നതും ഞാന്‍ ശരിക്കും ഞെട്ടി. സാക്ഷാല്‍ ലോകകപ്പ്‌. അതാണ് ഞാന്‍ എടുത്തു ഉയര്‍ത്തി ഗ്രൗണ്ടിന്റെ നടുക്ക് കൊണ്ടെ വയ്കേണ്ടത്. കളി തുടങ്ങുന്നതിനു മുന്‍പ് അര മണിക്കൂര്‍ ലോകകപ്പ്‌ ഗ്രൗണ്ടിന്റെ നടുക്ക് പ്രദര്‍ശനത്തിനു വയ്ക്കുന്ന പതിവുണ്ട്. ആ അവസരം ആണ് അന്ന് എന്നെ തേടി എത്തിയത്. ഡ്യൂട്ടി സമയത്ത് യാതൊരു കാരണവശാലും ഫോട്ടോ എടുക്കരുത് എന്ന് ഒന്ന് കൂടെ ഓര്‍മിപ്പിച്ചു റിച്ച് ആ ട്രോഫി എന്നെ ഏല്പിച്ചു. അങ്ങനെ ആ ലോകകപ്പ്‌ ട്രോഫി ഏതാണ്ട് അര മിനിട്ടോളം എടുത്തു ഉയര്‍ത്തി കൊണ്ട് നടക്കാന്‍ എനിക്ക് അവസരം കിട്ടി. ഒരുപക്ഷേ, ശ്രീശാന്തിനു ശേഷം ആ ട്രോഫി എടുത്തു ഉയര്‍ത്തുന്ന ആദ്യത്തെ മലയാളി ഞാന്‍ ആയിരിക്കും.അതോര്‍ത്തപ്പോള്‍ ശരീരം മുഴുവന്‍ കോരിത്തരിക്കുന്നതുപോലെ തോന്നി.റിക്കി പോണ്ടിങ്ങിന് പോലും ലഭികാത്ത ഭാഗ്യം. ജീവിതത്തില്‍ എന്ന് വരെ ഉണ്ടായതില്‍ വച്ച് ഏറ്റവും ത്രില്ലിംഗ് ആയ നിമിഷങ്ങള്‍ ആയിരുന്നു അവ.


അതിനു ശേഷം റിച്ച് എന്നെ കൂട്ടി കൊണ്ട് പോയത് മറ്റൊരു കിടിലന്‍ ജോലിക്കാണ്. അടുത്ത കളിക്കായി ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ ഇപ്പോള്‍ ബസ്സില്‍ ലഫ്ബറോ എന്ന സ്ഥലത്ത് നിന്ന് വരും. അപ്പോള്‍ കളിക്കാരുടെ കൂടെ അവരുടെ കിറ്റ്‌ എടുക്കാന്‍ ഒരു കൈ സഹായിക്കണം. ആദ്യം എത്തിയത് ഇംഗ്ലണ്ട് ടീം ആണ്. അവരുടെ ടീമില്‍ റയാന്‍ സൈഡ്ബോട്ടത്തിന്റെ കിറ്റ്‌ മാത്രം ഡ്രെസ്സിംഗ് റൂമില്‍ എത്തിച്ചാല്‍ മതി. ബാക്കി ഉള്ളവരുടെ കിറ്റ്‌ നേരത്തെ എത്തി പോലും. ഒരു വള്ളി ചെരുപ്പും കാച്ചട്ടയും ഇട്ട് ബസ്സില്‍ നിന്ന് ഇറങ്ങി വന്ന സൈഡ് ബോട്ടത്തിന് ഒരു കയ്യില്‍ ഷേക്ക്‌ഹാണ്ടും മറ്റേ കയ്യില്‍ കിറ്റും വാങ്ങി ഞാന്‍ സ്വീകരിച്ചു. അടുത്ത കളിയില്‍ യുവരാജ് താങ്കളെ ആറു സിക്സറുകള്‍ പായിക്കും എന്ന് പറയണം എന്ന് ഉണ്ടായിരുന്നു. പക്ഷെ ഞാന്‍ അദേദഹത്തെ നോക്കി ഒന്ന്ചിരിച്ചതെ ഉള്ളു. പക്ഷെ ആ ചിരിക്കു ഞാന്‍ വല്യ വിലയാണ് കൊടുക്കണ്ടി വന്നത്. അടുത്ത കളിക്ക് സൈഡ്ബോട്ടം തന്നെ ഇന്ത്യയുടെ 'അടിവശം' ഇളക്കി. നിലവിലെ ചാമ്പ്യന്‍ മാരായ ഇന്ത്യ ലോകകപ്പില്‍ നിന്ന് പുറത്തു. ആ കിറ്റ്‌ ഡ്രെസ്സിംഗ് റൂമില്‍ വച്ചതിനു ശേഷം അവിടെ നിന്ന് ഇറങ്ങിയ എന്നെ കളിക്കാരുടെ ബ്ലാക്ക്‌ ക്യാറ്റ്‌ കമാന്‍ഡോ തടഞ്ഞു. എനിക്ക് ഇവിടെ കയറാന്‍ അധികാരം ഉണ്ട് എന്ന് കാണിക്കാന്‍ സി ബി ഐകാര്‍ ഒക്കെ കാണിക്കുന്ന പോലെ എന്‍റെ ഐ ഡി കാര്‍ഡ്‌ എടുത്തു ജാഡക്ക് വീശി. അത് കണ്ടതും അങ്ങേരു എന്നെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ തുടങ്ങി. അവസാനം ജെയിംസ്‌ ആന്‍ഡേ്സണ്‍ എന്ന ഇംഗ്ലീഷ് ബൌളര്‍ ഇടപെട്ടു. " ആ പയ്യന്‍ ഞങ്ങടെ കിറ്റ്‌ കൊണ്ട് വരാന്‍ സഹായിച്ചവന്‍ ആണ്, അവനെ വെറുതെ വിട്ടേരെ " എന്ന് ആ കമാണ്ടോയോടു പറഞ്ഞു. ജെയിംസ്‌ ആന്ഡേ്സണ് നന്ദി പറഞ്ഞു ആ കരിം പൂച്ചയെ കണ്ണുരുട്ടി കാണിച്ചു ഞാന്‍ അവിടെ നിന്നിറങ്ങി.


ഇനി അടുത്തത് ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ബസ്സാണ്. അവരുടെ മുഴുവന്‍ ടീം അംഗങ്ങളുടെയും കിറ്റ്‌ ഡ്രെസ്സിംഗ് റൂമില്‍ എത്തിക്കണ്ടത് കൊണ്ട് ഞങ്ങള്‍ ഒരു പാട് പേരുണ്ട് ഇത്തവണ. എനിക്ക് കിട്ടിയത് ജെ പി ഡുമിനിയാണ്." ഞാന്‍ മുംബൈ ഇന്ത്യന്‍സിന്റെ ഫാന്‍ ആണ്, താങ്കളുടെ ഐ പി എല്ലിലെ പ്രകടനം വളരെ മനോഹരമായിരുന്നു" എന്ന് ഞാന്‍ പുള്ളിയോട് കുശലം പറഞ്ഞു. " ടീം തോല്‍ക്കുമ്പോള്‍ എന്‍റെ കളിക്ക് പ്രസക്തി ഇല്ലാലോ" എന്ന പക്വമായ മറുപടി ആയിരുന്നു ഡുമിനിയുടേത്. സച്ചിന്‍റെ കൂടെ കളിച്ചത് കൊണ്ടാകും ഡുമിനിയുടെ ഉത്തരത്തിനു ഇത്രയും മിതത്വും. ദക്ഷിണാഫ്രിക്കന്‍ ഡ്രെസ്സിംഗ് റൂം വളരെ ഓളമായിരുന്നു. അപ്പോള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ന്യൂസീലണ്ട് അയര്‍ലണ്ട് മത്സരം കാണാന്‍ ഡ്രെസ്സിംഗ് റൂമിലെ ടി വി ഓണ്‍ ചെയ്തു തരാമോ എന്നായി അവരുടെ ക്യാപ്റ്റന്‍ ഗ്രയീം സ്മിത്ത്‌. അങ്ങനെ എന്തെങ്കിലും കേള്‍ക്കാന്‍ നോക്കി ഇരിക്കുവല്ലേ ഞാന്‍. ഉടനെ റിമോട്ട് എടുത്തു സ്കൈ സ്പോര്‍ട്സ് വച്ച് കൊടുത്തു ആ റൂമിന്റെ പുറത്തു നടക്കുന്ന കളി ടി വി യില്‍ തന്നെ കാണാന്‍. അങ്ങനെ സ്മിത്തിന്റെ വകയും എനിക്ക് കിട്ടി ഒരു താങ്ക്സ്. " ആള്‍ ദി വെരി ബെസ്റ്റ് ഫോര്‍ ടുഡേയ്സ് മാച്ച്" എന്ന് സ്മിത്തിന് തിരിച്ചു വിഷ് ചെയ്തു ഞാന്‍ അവരുടെ കളി കാണാന്‍ വേണ്ടി ഗ്രൗണ്ടില്‍ പോയി ഇരിപ്പായി. ആ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്ക കളിയിലാണ് പോള്‍ കോളിഗ്വുടിന്റെ കുറ്റി തെറിക്കുന്ന പടം സ്പ്ളിറ്റ് സെക്കന്റ്‌ അക്യുറസിയില്‍ എനിക്ക് ക്യാമറയില്‍ പകര്‍ത്താന്‍ പറ്റിയത്.

ജൂണ്‍ 16 നു ശ്രിലങ്ക ന്യൂസീലണ്ട്, ഇന്ത്യ ദക്ഷിണാഫ്രിക്ക ആണ് അവസാന സൂപ്പര്‍ എട്ടു പോരാട്ടം. അന്നത്തെ എന്‍റെ ജോലി ഐ സി സി ക്ക് വേണ്ടി കാണികളില്‍ നിന്ന് ലോകകപ്പിന്റെ ഒരു സര്‍വേ എടുക്കുക എന്നതാണ്. അങ്ങനെ ഗ്രൗണ്ടിന്റെ പുറത്തു സര്‍വേ എടുത്തു കൊണ്ടിരുക്കുംബോഴാണ് ഇന്ത്യന്‍ ടീം വി ഐ പി ബുള്ളെറ്റ് പ്രൂഫ്‌ ബസ്സില്‍ എന്‍റെ മുന്നില്‍ വന്നു ഇറങ്ങിയത്‌. ലോകകപ്പില്‍ നിന്ന് പുറത്തായതിന്റെ നിരാശ ധോണിയുടെയും കൂട്ടരുടെയും മുഖത്ത് പ്രകടമായിരുന്നു. ബസ്സില്‍ നിന്ന് ഇറങ്ങി നടക്കുമ്പോള്‍ പടം പിടിച്ച ധോണി എന്നെ ഒന്ന് തുറിച്ചു നോക്കി. "അളിയാ ഇത്തവണ കപ്പു നേടിത്തരാന്‍ പറ്റിയില്ല, ക്ഷമിക്കണം" എന്ന് ആ മുഖത്ത് എഴുതി വച്ചിരിക്കുന്നത് എനിക്ക് വായിക്കാമായിരുന്നു. ധോണിയുടെ അവസ്ഥ കണ്ടു എനിക്ക് വിഷമം വന്നിട്ടാണോ എന്തോ ഞാന്‍ എടുത്ത ആ ചിത്രവും ഷേക്ക്‌ ആയി.


130 എന്ന നിസ്സാര സ്കോര്‍ പിന്‍ തുടരാന്‍ ഇന്ത്യ അന്ന് പരാജയപ്പെടുകയും ചെയ്തു.


ജൂണ്‍ 18 നു ഉള്ള അടുത്ത കളികള്‍ ഇനി സെമി ഫൈനല്‍ ആണ്. ട്രെന്‍റ് ബ്രിഡ്ജ് ഗ്രൗണ്ടിലെ അവസാനത്തെ കളി. ആദ്യം വനിതാ സെമി ഫൈനലില്‍ ഇന്ത്യയും ന്യൂസീലാണ്ടും, പിന്നീട്പുരുഷ സെമിയില്‍ പാകിസ്ഥാന്‍ ദക്ഷിണാഫ്രിക്കയോടും ഏറ്റു മുട്ടുന്നു. അന്നത്തോടെ കൂടെ ഞാന്‍ എല്ലാ ടെസ്റ്റ്‌ പ്ലയിംഗ് ടീമുകളുടെയും കളി ഞാന്‍ നേരിട്ട് കണ്ടു കഴിഞ്ഞു.

വനിതാ ടീമിന്‍റെ കളിക്ക് ബൌണ്ടറി ചെറുതാണ്. അവരുടെ കളി കഴിഞ്ഞു പുരുഷ സെമിക്ക് വേണ്ടി കളിക്ക് മുന്‍പ് ആ ബൌണ്ടറി റോപ്പും അതിന്‍റെ മുകളില്‍ നിരത്തിയിരിക്കുന്ന സ്പോണ്‍സര്‍മാരുടെ പരസ്യങ്ങളും എടുത്തു യഥാര്‍ത്ഥ സ്ഥാനത്ത് വയ്ക്കാന്‍ ഗ്രൗണ്ട് ജീവനക്കാരെ സഹായിക്കണം. അതാണ് അന്നത്തെ വര്‍ക്ക്‌.അന്ന് എന്തോ ആവശ്യത്തിനു പാകിസ്ഥാന്‍റെ ഡ്രെസ്സിംഗ് റൂമില്‍ എനിക്ക് പോകണ്ടി വന്നു. എന്നെ കണ്ടു അവരുടെ മുന്‍ നായകന്‍ ഷോഐബ് മാലിക് ഒന്ന് പുഞ്ചിരിച്ചു. എന്നെ കണ്ടിട്ട് പാകിസ്താനി ആണ് എന്ന് സംശയിച്ചിട്ടണോ അതോ ഇന്ത്യകാരന്‍ ആണ് എന്ന് തന്നെ കരുതി ചിരിച്ചതാണോ എന്ന് അറിയില്ല. ഞാനും ആ ഗ്ലാമര്‍ താരത്തിനു ഒരു നിഷ്കളങ്കമായ ചിരി പാസാക്കി കൊടുത്തു. കല്ലിസും,സ്മിത്തും,ഡുമിനിയും ഒക്കെ ഉണ്ടായിട്ടും ശഹീദ് അഫ്രിദി എന്ന ഒറ്റയാള്‍ പട്ടാളത്തിന്റെ മുന്നില്‍ അത് വരെ അജയ്യരായിരുന്ന ദക്ഷിണാഫ്രിക്കകാര്‍ അന്നും ഒരു ലോകകപ്പ്‌ വിജയത്തിന്റെ പടിക്കല്‍ കൊണ്ടെ കാലം ഉടച്ചു.


അന്നത്തോടെ എന്‍റെ സ്വപ്ന ജോലിക്കും തിരശ്ശീല വീഴും. കളി കഴിഞ്ഞു റിച്ച് ഞങ്ങളെ എല്ലാവരെയും വിളിപ്പിച്ചു." നിങ്ങളുടെ ജോലികളില്‍ ഐ.സി.സി ക്ക് പൂര്‍ണ്ണ സംതൃപ്തിയാണ്. അതിനു പകരമായി നിങ്ങള്‍ക്ക് എല്ലാവര്ക്കും ജൂണ്‍ 21 നു ലോര്‍ഡ്സില്‍ നടക്കുന്ന ശ്രിലങ്ക-പാകിസ്ഥാന്‍ ഫൈനല്‍ മത്സരത്തിന്റെ ടിക്കറ്റ്‌ ഐ.സി.സി വക ഓഫര്‍" ലോകകപ്പിന്റെ വിജയത്തിനായി അക്ഷീണം പ്രവര്‍ത്തിച്ച ഞങ്ങളുടെ സംഘാടക ടീമിന് ഇതില്‍ പരം അംഗീകാരം വേറെ എന്ത് ലഭിക്കാന്‍.


***************************************************************************************************************************
cricketcircle.com, world-twenty20.com എന്നി വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിച്ച എന്‍റെ ലോകകപ്പ്‌ ചിത്രങ്ങള്‍ കാണാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക
ജൂണ്‍ 2:ശ്രിലങ്ക ബംഗ്ലാദേശ് വാം അപ്പ് മാച്ച്
ജൂണ്‍ 2: ഇംഗ്ലണ്ട് സ്കോട്ട്ലാണ്ട് വാം അപ്പ് മാച്ച്
ജൂണ്‍ 6: ഇന്ത്യ ബംഗ്ലാദേശ് ഗ്രൂപ്പ്‌ മാച്ച്
ജൂണ്‍ 8: ഓസ്ട്രേലിയ ശ്രിലങ്ക ഗ്രൂപ്പ്‌ മാച്ച്
ജൂണ്‍ 10: ശ്രിലങ്ക വെസ്റ്റ് ഇന്‍ഡീസ് ഗ്രൂപ്പ്‌ മാച്ച്
ജൂണ്‍ 10: ഇന്ത്യ അയര്‍ലണ്ട് ഗ്രൂപ്പ്‌ മാച്ച്
ജൂണ്‍ 11: ന്യൂസീലണ്ട് അയര്‍ലണ്ട് സൂപ്പര്‍ 8 മാച്ച്
ജൂണ്‍ 11: ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ട് സൂപ്പര്‍ 8 മാച്ച്
ജൂണ്‍ 16: ഇന്ത്യ ദക്ഷിണാഫ്രിക്ക super 8 മാച്ച്
ജൂണ്‍ 18: പാകിസ്ഥാന്‍ ദക്ഷിണാഫ്രിക്ക സെമി ഫൈനല്‍ മാച്ച്

25 comments:

വിഷ്ണു | Vishnu said...

ജൂണ്‍ 2 മുതല്‍ ജൂണ്‍ 18 വരെ ഇംഗ്ലണ്ടിലെ നോട്ടിങ്ങാം ട്രെന്‍റ് ബ്രിഡ്ജ് എന്ന സ്റ്റേഡിയത്തില്‍ ഇന്‍റര്‍നാഷണ്‍ല്‍ ക്രിക്കറ്റ്‌ കൗണ്‍സിലിന് (ഐ സി സി) വേണ്ടി ട്വന്റി-20 ലോകകപ്പ്‌ മാനേജ്മെന്റ് ടീമിന്‍റെ കൂടെ ചെയ്ത സ്വപ്ന തുല്യമായ ജോലികളുടെ അനുഭവ കുറിപ്പുകളും ഫോട്ടോകളും.

വിഷ്ണു | Vishnu said...

ലോകകപ്പ്‌ പോലെ അപൂര്‍വമായി നടക്കുന്ന ഒരു മഹാ മേളക്ക് പങ്കെടുക്കാന്‍ എനിക്ക് അവസരം തന്ന ഐ.സി.സി ക്കും, എന്‍റെ ലേഖനം പ്രസിദ്ധീകരിക്കാന്‍ അവസരം തന്ന ക്രിക്കറ്റ്‌ വെബ്സൈറ്റുകളുടെ അവസാന വാക്കായ CRICINFO.com നും, എന്‍റെ ഫോട്ടോകള്‍ cricketcircle.com എന്ന സൈറ്റില്‍ ഇടാന്‍ എനിക്ക് അവസരം തന്ന നിഷാന്ത്‌ ഗോപിനാഥന്‍ എന്ന എന്‍റെ വളരെ അടുത്ത സുഹൃത്തിനും, പിന്നെ കളിക്കാരെ പോലെ തന്നെ എന്നെ പ്രോത്സാഹിപ്പിച്ച എന്‍റെ വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും പിന്നെ ഇതു വായിച്ചു പ്രോത്സാഹിപ്പിക്കുന്ന നിങ്ങള്‍ക്കും നന്ദി പറയാതെ എനിക്ക് ഈ പോസ്റ്റ്‌ മുഴുമിപ്പിക്കാന്‍ സാധിക്കില്ല.

സൂപ്പര്‍ സ്റ്റാറുകള്‍ മാത്രം ഉള്ള ഈ ബിഗ്‌ ബജറ്റ് പടം നിങ്ങള്‍ എല്ലാവരും വായിച്ചു കണ്ടു അഭിപ്രായങ്ങള്‍ ഒരു കമന്റ്‌ ആയി താഴെ ഇടും എന്ന് പ്രതീക്ഷികുന്നു.

നിങ്ങളുടെ സ്വന്തം
വിഷ്ണു

Irshad said...

സൂപ്പര്‍സ്റ്റാറുകള്‍ക്കിടയില്‍ ഞങ്ങള്ലുടെ ലിറ്റില്‍ സ്റ്റാര്‍ വിഷ്ണു.


സൂപ്പര്‍ എഴുത്തു. ഒഴുക്കോടെ വായിച്ചു.

ആശംസകള്‍.

Ashly said...

Ten thousand thundering typhoons!!!! What an experience !! Thanks for sharing!

ക്രിസ് ഗയിലിനെ വെള്ളം കുടിപിച്ചു , അല്ലെ .ഹ..ഹ..ഹ..

ബ്ലോത്രം said...

ആശംസകള്‍..

ചൂയുട്ടന്‍ - chooyutan said...

വിഷ്ണു ഭാഗ്യവാന്‍......................
നന്നായി എഴുതിയിരിക്കുന്നു. ഒറ്റയിരുപ്പില്‍ വായിക്കാന്‍ സാധിച്ചു.

ധനേഷ് said...

ഫോട്ടോകളും വിവരണവും തകര്‍പ്പന്‍ ...
ഇയാന്‍ ചാപ്പലിനെ ഞെട്ടിച്ചത് ഇഷ്ടപ്പെട്ടു...

Typist | എഴുത്തുകാരി said...

ആശംസകള്‍. ഇനിയും ഇതുപോലെ സ്വപ്നതുല്യമായ അനുഭവങ്ങള്‍ ഉണ്ടാവട്ടെ.

സൂത്രന്‍..!! said...

ഹോ ഒരു സ്പോര്‍ട്സ് മാസിക വായിച്ച പ്രതീതി കലക്കി മോനെ

കണ്ണനുണ്ണി said...

അതെ... ഭാഗ്യവാന്‍ തന്നെ ...
അടിച്ചു പൊളിക്ക് .....ഞങ്ങലോകെക് വായിച്ചു സമാധാനിക്കാം

ജോബിന്‍ said...

കൊള്ളാം വിഷ്ണു.. നന്നായിട്ടുണ്ട്... നിന്റെ എഴുത്തും അതിനെക്കാള്‍ മനോഹരങ്ങളായ ഫോട്ടോകളും...സത്യം പറഞ്ഞാല്‍ നീ ഒരു പ്രഫഷണല്‍ ഫോട്ടോഗ്രാഫര്‍ ആയി വളരുകയാണോ എന്ന് ഒരു സംശയം ...

പിന്നെ നീ അവിടെ പഠിക്കാന്‍ തന്നെ ആണോ പോയതെന്ന് മാത്രം ഒരു സംശയം...

വിഷ്ണു | Vishnu said...

പഥികന്‍ നമ്മള്‍ സ്റ്റാര്‍ ഒന്നും അല്ല.....അങ്ങനെ കളിച്ചും കളിപ്പിച്ചും ജീവിച്ചു പോകുന്നു

Captain Haddock ക്രിസ് ഗയിലിനോട് ഇത്ര എങ്കിലും ചെയ്യണ്ടേ??

ബ്ലോത്രം : ഈ പോസ്റ്റ്‌ താങ്കളുടെ ബ്ലോഗില്‍ പ്രദര്‍ശിപ്പിച്ചതിന് നന്ദി

വിഷ്ണു | Vishnu said...

ചൂയുട്ടന്‍ - chuyutan നന്ദി !!
ധനേഷ്: ഇതൊക്കെ ചെറുത്‌....ഇനി എത്ര പേരെ ഞെട്ടിക്കാന്‍ ഇരിക്കുന്നു
Typist | എഴുത്തുകാരി : ആശംസകള്‍ക്ക് വളരെ നന്ദി ചേച്ചി....

വിഷ്ണു | Vishnu said...

സൂത്രന്‍....ഞാന്‍ ധന്യന്‍ ആയി ...നന്ദി
കണ്ണനുണ്ണി ..കമന്റിനു വളരെ നന്ദി....ഇത്തരം അവസരങ്ങള്‍ എന്നും വരില്ലലോ ;-(

വിഷ്ണു | Vishnu said...

ജോബിനെ എന്റെ തല ചുവരില്‍ മുട്ടി....നന്ദി
പഠിക്കാന്‍ തന്നെയാ പോയത്...പക്ഷെ ഇതു ഒരു പ്രൊഫെഷന്‍ ആക്കിയാലോ എന്ന് ചെറിയ ഒരു മോഹം ഇപ്പോള്‍ ;-)

കുഞ്ഞായി | kunjai said...

നല്ല ഒഴുക്കോടെ ,രസകരമായ അവതരണം വിഷ്ണു...
പടങ്ങളും കലക്കി

കുക്കു.. said...

മുഴുവന്‍ വായിച്ചു...നല്ല വിവരണം...അങ്ങനെ വിഷ്ണു സ്റ്റാര്‍ ആയേ..
ഇത് പോലെ ഇനിയും ഡ്രീം ജോലികള്‍ കിട്ടട്ടെ...അപ്പോഴും ബ്ലോഗ്‌ ല്‍ പോസ്റ്റ്‌ ചെയ്യണം..
:)

ശ്രീ said...

ഇവിടെ വന്ന് പോയതാണ്. കമന്റിട്ടിരുന്നു എന്നാണ് കരുതിയത്.

പോരട്ടേ, അടുത്ത വിശേഷങ്ങള്‍!

വിഷ്ണു | Vishnu said...

കുഞ്ഞായി വളരെ നന്ദി

കുക്കൂ, സ്റ്റാര്‍ ഒന്നും അല്ല, നമ്മള്‍ ഇപ്പോളും ലോക്കല്‍ ആണ് ;-)
ഡ്രീം ജോലികള്‍ ഇതു പോലെ കുറച്ചു കൂടെ കിട്ടി, തീര്‍ച്ചയായും വരും പോസ്റ്റുകള്‍ അതിനെ പറ്റി ആയിരിക്കും. നന്ദി

വിഷ്ണു | Vishnu said...

ശ്രീയേട്ടാ, കംമെന്റിനെക്കള്‍ നിങ്ങള്‍ വായിച്ചു ഇഷ്ടപ്പെട്ടു വീണ്ടും വന്നു എന്ന് അറിയുമ്പോഴാണ് കൂടുതല്‍ സന്തോഷം. അടുത്ത വിശേഷങ്ങള്‍ തീര്‍ച്ചയായും ഈ ആഴ്ച തന്നെ എഴുതാന്‍ ശ്രമിക്കാം.

monu.. said...

വളരെ നന്നായിരിക്കുന്നു വിഷ്ണു..

വിഷ്ണു | Vishnu said...

Shara: ഇഷ്ടായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം

Rakesh R (വേദവ്യാസൻ) said...

കലക്കി, എല്ലാം അടിപൊളി, അപ്പൊ പഠിത്തം മാത്രം നടക്കുന്നില്ലന്നേ ഉള്ളു അല്ലേ :)

Shabeer Thurakkal said...

വിഷ്ണൂ , നിങ്ങള്‍ ആളൊരു പുലി തന്നെ.. നല്ല വിവരണം.. , ചിത്രങ്ങള്‍ ഒന്ന് കൂടി നന്നാക്കാമായിരുന്നു

sameer said...

nice post thank for sharing this.
icc t20 world cup 2020 teams/
icc t20 world cup 2020 venue

Related Posts with Thumbnails