01 January 2010

സില്‍വര്‍സ്റ്റോണ്‍ ഫോര്‍മുലവണ്‍

റോയല്‍ അസ്കോട്ടില്‍ എലിസബത്ത് രാജ്ഞിയെ ഷൂട്ട്‌ ചെയ്തു വന്ന ആ രാത്രി എനിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല. കാതില്‍ ആ പോളിഷ് സുന്ദരിയുടെ വചനങ്ങള്‍ മന്ത്രിക്കുന്നു. നാളത്തെ ജോലി ഫോര്‍മുല വണ്‍ റേസ് ട്രാക്കില്‍ ആണ്. റൂമില്‍ ചെന്ന് ഈ വിവരം പറഞ്ഞപ്പോഴാണ് ഞാന്‍ അറിയുന്നെ നമ്മുടെ സുഹൃത്തായ ജെഫ്രി ഇന്ന് അവിടെ ജോലി കഴിഞ്ഞു വന്നതേ ഉള്ളു എന്ന്‌. മൂന്നു ദിവസം ആണ് ഫോര്‍മുല വണ്‍ കാറോട്ട മത്സരം. വെള്ളിയാഴ്ച പ്രാക്ടീസ് മത്സരം, ശനിയാഴ്ച ക്വാളിഫയിംഗ്, ഞായറാഴ്ച യഥാര്‍ത്ഥ റേസ് ഡേ. ഹോ അങ്ങനെ നാളെ ശനിയഴ്ചാ ഞാനും ജെഫ്ഫ്രിയും ഒരു കലക്ക് കലക്കും എന്ന്‌ ഓര്‍ത്തു കിടന്നു ഞാന്‍ നേരം വെളുപ്പിച്ചു.

രാവിലെ ആറു മണിക്ക് തന്നെ ഞങ്ങള്‍ കുളിച്ചൊരുങ്ങി ജോബ്‌ ഏജന്‍സിയില്‍ എത്തി. നമ്മുടെ പോളിഷ് ചെല്ലകിളികള്‍ ആദ്യത്തെ വരിയില്‍ തന്നെ നില്‍പ്പുണ്ടായിരുന്നു. കൂട്ടത്തില്‍ കുറെ മെയിഡ് ഇന്‍ ചൈന ടീമ്സും, കുറെ കറമ്പന്‍മാരും, ഇന്ത്യകാരായി ഞാനും ജെഫ്ഫ്രിയും അങ്ങനെ മൊത്തം ഒരു മുപ്പതു പേര് കാണും അവിടെ . ജോലിക്ക് പോകാനുള്ള വണ്ടി കാത്തു നിന്നപ്പോഴാണ് ജോബ്‌ ഏജന്‍സിയിലെ തള്ളയുടെ ഒരു ഉത്തരവ്. " ഇന്ന് ജോലിക്ക് ഇരുപതു പേര് മതി, ബാക്കിയുള്ളവര്‍ പിരിഞ്ഞു പോണം" എന്ന്. ചെയ്യാന്‍ പോകുന്നത് സ്വീപ്പര്‍ തസ്തികയില്‍ ഉള്ള ജോലി ആണെങ്കിലും ഒരു ദിവസം പണി എടുത്താല്‍ മിനിമം ഒരു അമ്പതു പൌണ്ട് എങ്കിലും കിട്ടും എന്നുള്ളത് കൊണ്ട് ഒരുത്തനും പിരിഞ്ഞുപോകാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ തള്ള അടവ് മാറ്റി. ലിസ്റ്റില്‍ ആദ്യമുള്ള ഇരുപതു പേര് പോയാല്‍ മതി, ബാക്കി ഉള്ളവര്‍ പിരിഞ്ഞു പോണം എന്നായി. ലിസ്റ്റില്‍ പേര് നോക്കിയപ്പോള്‍ ജെഫ്രി ഇരുപതാമത്, ഞാന്‍ ഇരുപത്തി ഒന്നും. ഡെസ്സ്പ്പ്!! ലോകം അവസാനിച്ചതു പോലെ. അങ്ങനെയാണ് എന്‍റെ ഉടായിപ്പ് ബുദ്ധിയില്‍ ജെഫ്ഫ്രിയെ കുരുതി കൊടുത്താലോ എന്ന ഒടുക്കത്തെ ബുദ്ധി ഉദിച്ചത്. എന്‍റെ സ്വാര്‍തഥ കൊണ്ട് "നീ ഇന്നലെ പോയതല്ലേ, പകരം ഞാന്‍ ഇന്ന് പോകോട്ടെ " എന്ന്‌ ഒരു ഉളുപ്പും ഇല്ലാതെ ഞാന്‍ അവനോടു യാചിച്ചു. കൂട്ടത്തില്‍ ഒരു ജാക്ക് ഡാനിയല്‍ കൂടി ഓഫര്‍ ചെയ്തപ്പോള്‍ ജെഫ്രിയുടെ നല്ല മനസ്സ് അലിഞ്ഞു. എന്നെ പോലെ തന്നെ സ്ഥിര ജോലി ഇല്ലാത്ത മനുഷ്യന്‍ ആണെങ്കിലും ആ നല്ല സുഹൃത്ത്‌ എനിക്ക് വേണ്ടി വഴി മാറി തന്നു. അന്ന് ഓഫര്‍ ചെയ്ത ജാക്ക് ഡാനിയല്‍സ് ഇന്നും ഒരു കടമായി തന്നെ കിടക്കുന്നു എന്നത് ഒരു പച്ചയായ സത്യമാണ്.

അങ്ങനെ എന്‍റെ ജീവിത അഭിലാഷങ്ങളില്‍ ഒന്നായ ഫോര്‍മുല വണ്‍ റേസ് കാണാനുള്ള സ്വപ്ന യാത്ര ഞാന്‍ ആരംഭിച്ചു. പത്തിരുനൂറു പൌണ്ട് ടിക്കറ്റ്‌ നിരക്കുള്ള കാറോട്ട മത്സരം ഫ്രീ ആയി നേരിട്ട് കാണുകയും ചെയ്യാം, വൈകുന്നേരം തിരിച്ചു വരുമ്പോള്‍ കൈ നിറയെ കാശും കിട്ടും. പക്ഷെ കിട്ടുന്ന കാശിനേക്കാള്‍ ഒരു റേസ് നേരിട്ട് കാണാന്‍ കഴിയും എന്ന ആവേശം ആരുന്നു എനിക്ക് കൂടുതല്. അങ്ങനെ ഞങ്ങള്‍ 'പണിക്കാരെയും' വഹിച്ചു കൊണ്ടുള്ള വണ്ടി നോര്‍താപ്ടണ്‍ഷയര്‍ എന്ന പ്രവശ്യയില്‍ ഉള്ള സില്‍വര്‍സ്റ്റോണ്‍ ഫോര്‍മുല വണ്‍ റേസ് സര്‍ക്ക്യുട്ടില്‍ എത്തി. സില്‍വര്‍സ്റ്റോണ്‍ സര്‍ക്യുട്ട് 1948 ലാണ് നിര്‍മ്മിച്ചത്. 1987 മുതല്‍ എല്ലാ വര്‍ഷവും ബ്രിട്ടീഷ്‌ഗ്രാന്‍ഡ്‌ പ്രീ ഫോര്‍മുല വണ്‍ റേസും, സൂപ്പര്‍ ബൈക്ക് ലോക ചാമ്പ്യന്‍ഷിപ്പും 5.15 കിലോമീറ്റര്‍ നീളം ഉള്ള ഈ അതിവേഗ ട്രാക്കിലാണ് അരങ്ങേറുന്നത്. 2009 സീസണിലെ എട്ടാമത്തെ റേസിന്‍റെ ക്വാളിഫയിംഗ് റൌണ്ട് ആണ് അന്ന് അവിടെ നടക്കാന്‍ പോകുന്നത്. ഈ സീസണില്‍ അത് വരെ മുന്നിട്ടു നില്‍ക്കുന്നത് ബ്രോണ്‍ ജിപിയുടെ ജെന്‍സന്‍ ബട്ടന്‍ എന്ന ബ്രിട്ടീഷുകാരന്‍ ആയതു കൊണ്ടാകും കാണികള്‍ക്കെല്ലാം വന്‍ ആവേശം. എവിടെയും ജെന്‍സന്‍ ബട്ടന്റെ പോസ്റ്ററുകള്‍. കഴിഞ്ഞ വര്‍ഷത്തെ ലോക ചാമ്പ്യന്‍ ലുയിസ് ഹാമില്‍ട്ടനും ഒരു ബ്രിട്ടിഷുകാരന്‍ തന്നെ ആണെങ്കിലും അവന്‍ ഒരു കാപ്പിരി ആയതു കൊണ്ട് ഈ അലവലാതി സായിപ്പന്മാര്‍ക്കൊന്നും ആ ചെക്കനെ കണ്ടു കൂടാ. എത്ര പുരോഗമിച്ച നാടാണെങ്കിലും ഇവിടെ ഉള്ളവന്മാരുടെ മനസ്സില്‍ ഇപ്പോഴും വര്‍ണ്ണവിവേചനം അലയടിക്കുന്നു എന്നതിന്റെ തെളിവാണ് അത്. കാര്യം പറഞ്ഞാല്‍ ഞാന്‍ ചുവപ്പയത് കൊണ്ട് ( ഐ മീന്‍ ഫെറാറി ഫാന്‍) എനിക്കും ഹാമില്‍ട്ടനെ കാണരുത്. കാരണം അവന്‍ നമ്മുടെ എതിര്‍ ടീം ആയ മക്ലരെന്‍ ആണെല്ലോ.
ഫെറാറി, മക്ലരെന്‍, റെനോ, ബി എം ഡബ്ലു, വില്ലിയംസ്, റെഡ് ബുള്‍, ബ്രോണ്‍ ജി പി, ടൊയോട്ട, ടോറോ റോസ്സോ, പിന്നെ നമ്മുടെ മദ്യ രാജാവ് വിജയ്‌ മല്ല്യ ചട്ടമ്പിയുടെ ഫോഴ്സ് ഇന്ത്യ അടക്കം പത്തു ടീമുകള്‍ ആണ് 2009 ഫോര്‍മുല വണ്‍ സീസണില്‍ ഉള്ളത്. ഓരോ ടീമിനും രണ്ടു ഡ്രൈവര്‍മാര്‍ വീതം, അങ്ങനെ ഇരുപതു കാറുകള്‍. ബ്രിട്ടന്‍ അടക്കം പതിനേഴു വേദികളിലായി ഒരു കൊല്ലം നീളുന്നതാണ് ഒരു സീസന്‍. ഒരു റേസ് ജയിക്കുന്ന ഡ്രൈവര്‍ക്ക് പത്തു പോയിന്റ്‌, പിന്നില്‍ വരുന്ന ബാക്കി എട്ടു പേര്‍ക്ക് യഥാക്രമം 8, 6, 5, 4, 3, 2, 1 എന്നിങ്ങനെ പോയിന്റുകള്‍. എട്ടില്‍ താഴെ സ്ഥാനത്ത് വന്നാലോ റേസ് മുഴുവന്‍ പൂര്‍ത്തി ആകാതെ പിന്‍ വാങ്ങിയാലോ പോയിന്റ് ഒന്നും ലഭിക്കില്ല. അവസാനം പതിനേഴു റേസും കൂടെ കൂട്ടി ഏറ്റവും അധികം പോയിന്റ്‌ നേടുന്ന ആളാണ് ഡ്രൈവേര്‍സ് ചാമ്പ്യന്‍. കൂടുതല്‍ പോയിന്റ്‌ നേടുന്ന ടീം കണ്‍സ്ട്രക്ക്ട്ടെഴ്സ് ചാമ്പ്യന്‍. യഥാക്രം ഫെറാറിയും,മൈക്കേല്‍ ഷൂമാക്കെറും (മൂപ്പര് 2006 ല്‍ വണ്ടി ഓടിര് നിര്‍ത്തിയെങ്കിലും 2010 ല്‍ വീണ്ടും വരുന്നു എന്ന് പ്രഖ്യാപിച്ചിരിക്കുന്നു) ആണ് ഇന്ന് വരെ ഫോര്‍മുല വണ്‍ റേസുകള്‍ ഏറ്റവും അധികം ജയിച്ച ടീമും,ഡ്രൈവറും. അതിനാലാകാം ഞാന്‍ അവരുടെ കടുത്ത ആരാധകന്‍ ആയതു. മൂന്ന് ഘട്ടങ്ങളില്‍ ആയാണ് ക്വാളിഫയിംഗ് റേസ്. നിശ്ചിത സമയത്ത് ഒരു ഡ്രൈവര്‍ക്ക് എത്ര തവണ വേണമെങ്കിലും ഒരു റൌണ്ട് (ലാപ്പ്) ഓടിക്കാം. ഒന്നാം ഘട്ടം തീരുമ്പോള്‍ അവസാനം വരുന്ന അഞ്ചു പേര് പുറത്താകും. അവര്‍ പിറ്റേ ദിവസം പതിനാറു മുതല്‍ ഇരുപതു വരെ ഉള്ള സ്ഥാനത്ത് റേസ് തുടങ്ങും. അങ്ങനെ രണ്ടാം ഘട്ടത്തില്‍ പതിനൊന്നു മുതല്‍ പതിനഞ്ചു വരെയുള്ള സ്ഥാനക്കരെയും മൂന്നാം ഘട്ടത്തില്‍ ആദ്യ പത്തു പേരെയും തീരുമാനിക്കും. ഏറ്റവും വേഗം ഒരു ലാപ്പ് പൂര്‍ത്തിയാക്കുന്ന ആളാണ് പിറ്റേ ദിവസം ഏറ്റവും മുന്നില്‍ റേസ് തുടങ്ങുന്നത്.


റേസിനു ഒരു മണിക്കൂര്‍ മുന്‍പ് ഞങ്ങള്‍ സില്‍വര്‍സ്റ്റോണിള്‍ എത്തിയെങ്കിലും ഞങ്ങളുടെ ജോലി തുടങ്ങുനത് റേസ് മുഴുവന്‍ തീര്‍ന്നതിനു ശേഷം ആണ്. തലേ ദിവസം റോയല്‍ അസ്ക്കൊട്ടിലെ പോലെ ഇവിടെയും ക്ലീനിംഗ് തന്നെ ആണ് പണി. റേസ് കഴിഞ്ഞു പവലിയനില്‍ കാണികള്‍ ബാക്കി വയ്ക്കുന്ന കന്നാസും കടലാസും പെറുക്കി പിറ്റേ ദിവസത്തെ റേസിനു മുന്‍പ് പവലിയന്‍ ക്ലീന്‍ ക്ലീന്‍ ആക്കണം. കൃത്യം മൂന്ന് മണിക്കൂര്‍ കഴിഞ്ഞു ഇതേ സ്ഥാനത്ത് പണിക്കു കയറാന്‍ ഹാജരാകണം എന്ന്‌ പറഞ്ഞു ഞങ്ങളെ അഴിച്ചു വിട്ടു. സില്‍വര്‍സ്റ്റോണിലെ പ്രവേശന കവാടം തുറന്നു ഞാന്‍ കയറി ചെന്നത് മായ കാഴ്ചകളുടെ ഉത്സവം ആയ റേസ് വില്ലെജിലെക്കാണ്. അതി നൂതമായ കാറുകളുടെ ഒരു അതിവിശാല എക്സിബിഷന്‍ പോലുണ്ട് അവിടം. ഓരോ ടീമിനും അവരുടെ കഴിവ് പ്രദര്‍ശിപ്പിക്കാന്‍ ഈരണ്ടു സ്റ്റാളുകള്‍. ഒന്നില്‍ ഫോര്‍മുല വണ്‍ റേസ് കാറും, കൂടിയ ഇനം സ്പോര്‍ട്സ് കാറും, അടുത്ത സ്റ്റാളില്‍ അവരുടെ ബ്രാന്‍ടെഡ് ടി-ഷര്‍ട്ട്‌, ബാഗുകള്‍, തൊപ്പികള്‍, പെര്‍ഫ്യൂം,കളിപ്പാട്ടങ്ങള്‍, പാവകള്‍, ബൊമ്മകള്‍, ബലൂണ്‍ എന്നിവയും. ആദ്യം കയറിയത് മെര്‍സിഡീസിന്റെ സ്റ്റാളില്‍. അവിടെ അവരുടെ AMG സ്പോര്‍ട്സ് കാര്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടായിരുന്നു. ആ കാര്‍ ആണ് ഫോര്‍മുല വണില്‍ സേഫ്റ്റി കാര്‍ ആയി ഓടുന്നത്. സേഫ്റ്റി കാര്‍ എന്നാല്‍ റേസിനു ഇടക്ക് എന്തെങ്കിലും അപകടം നടന്നാല്‍ ആ ഭാഗം ക്ലിയര്‍ ആക്കുന്നത് വരെ റേസ് കാറുകളുടെ മുന്നില്‍ ഓടിക്കുന്ന കാര്‍. സേഫ്റ്റി കാര്‍ വന്നാല്‍ എല്ലാ കാറുകളും വേഗം കുറച്ചു അതിനു പിന്നാലെ പോണം, ഈ സമയത്ത് മുന്നില്‍ പോകുന്ന കാറുകളെ ഓവര്‍ടേക്ക് ചെയ്യാന്‍ പാടില്ല. അങ്ങനെ ആ മെര്‍സിഡീസ് AMG യെ തൊട്ടും തലോടിയും കിടന്നും മറിഞ്ഞും പടം പിടിച്ചും ഞാന്‍ അടുത്ത സ്റ്റാളിലേക്ക് കയറി. അവിടെ ലുയിസ് ഹാമില്‍ട്ടന്‍ 2008ല്‍ ലോക കിരീടം ജയിച്ചപ്പോള്‍ ഓടിച്ച കാര്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടായിരുന്നു. ഒരു പുച്ഛത്തോടെ ആ കാര്‍ നോക്കി ഇളിച്ചു കാണിച്ചു പടം എടുത്തു നമ്മുടെ സ്വന്തം ടീമായ ഫെറാറിയുടെ സ്റ്റാളില്‍ കയറി നിരങ്ങി കൊണ്ടിരുന്നപ്പോഴാണ്‌ കാതടപ്പിക്കുന്ന ഒരു വന്‍ ശബ്ദം കേട്ടത്. ക്വാളിഫയിംഗ് ആരംഭിച്ചിരിക്കുന്നു.
ഞാന്‍ അവിടെ നിന്ന് ക്യാമറയും തൂക്കി റേസ് കാണാന്‍ ഓടി. ഇവിടെ നമ്മുടെ സ്വന്തം സ്ഥലമാണ് എന്ന മട്ടില്‍ ഒരു പവലിയനിലേക്ക് ഓടി കയറാന്‍ ശ്രമിച്ച എന്നെ ഒരു തടിയന്‍ സെക്യുരിറ്റി തടഞ്ഞു. ടിക്കെറ്റ് എടുക്കെടാ ചെക്കാ എന്ന മട്ടില്‍ ഒരു ആഗ്യം കാണിച്ചു. ടിക്കെറ്റില്ലെന്ന് പറഞ്ഞപ്പോള്‍ മോന്‍ വന്ന വഴി വിട്ടോളാന്‍ പറഞ്ഞു. മുട്ടുവിന്‍ തുറക്കപ്പെടും എന്നാണെല്ലോ, ഞാന്‍ അടുത്ത ഗ്യാലെറിയിലേക്ക് ഓടി. അവിടുന്നും അത് പോലെ തന്നെ ആട്ടി പുറത്താക്കി. അവസാനം നമ്മള്‍ അറ്റ കൈ പ്രയോഗിച്ചു. എവിടുന്നോ ഒരു പ്ലാസ്റ്റിക്‌ ചാക്ക് സംഘടിപ്പിച്ചു സെക്ക്യുരിറ്റി ചേട്ടനോട് ആധികാരികമായി പറഞ്ഞു. "ചേട്ടോ ഞാന്‍ ഇവിടെ ഗ്യല്ലേറി വൃത്തിയാക്കാന്‍ വന്ന പയ്യന്‍ ആണ്. എന്നെ അകത്തേക്ക് ആനയിച്ചാലും". അങ്ങനെ കാര്യകാരണ സഹിതം വിശദീകരിച്ചപ്പോള്‍ ലവന്‍ എന്നെ അകത്തേക്ക് വിട്ടു. ഹോ അല്ലെങ്കില്‍ ഇവന്‍ അല്ല ഇവന്‍റെ അപ്പന്‍ ഉപ്പായി മാപ്പിള വന്നാലും ഞാന്‍ അകത്തു കയറാന്‍ തുനിഞ്ഞു ഇറങ്ങിയാല്‍ കയറിയിരിക്കും. നെട്ടൂരാനോടാ അവന്‍റെ കളി. ഞാന്‍ മനസ്സില്‍ ഓര്‍ത്തു ചിരിച്ചു.റേസ് കാറുകളുടെ ശബ്ദം എന്‍റെ ചെവി അടപ്പിച്ചു കൊണ്ടേ ഇരുന്നു. നോക്കിയപ്പോള്‍ കാണികള്‍ എല്ലാവരും ചെവിയില്‍ ഇയര്‍ പ്ലഗ്ഗും വച്ചാണ് ഇരിപ്പ്. അങ്ങനെ ഞാനും കാശ് കൊടുത്തു കളി കാണാന്‍ വന്നവരുടെ കൂട്ടത്തില്‍ ഞെളിഞ്ഞു ഇരുന്നു ചെവി പൊത്തിക്കൊണ്ട് റേസ് കാണാന്‍ തുടങ്ങി. ഫെറാറിയുടെ കാറ് പോകുമ്പോള്‍ ഞാന്‍ ആര്‍പ്പ് വിളിക്കും. പക്ഷെ ഓടിക്കുന്നത് ഫിലിപ്പെ മാസ്സ ആണോ (അന്ന് മാസക്ക് പരിക്കേറ്റിട്ടില്ല, അതിനു ശേഷം ആണ് അങ്ങേരു ഗുരുതരമായ പരിക്ക് പറ്റി 2009 സീസണില്‍ നിന്ന് പിന്മാറിയത്) കിമി റൈക്കൊണന്‍ ആണോ എന്ന്‌ എനിക്ക് പോലും തിരിച്ചറിയാന്‍ പറ്റി ഇല്ല. രണ്ടും ഒരേ നിറത്തില്‍ ഉള്ള ഫെറാറി കാര്‍ ആണെല്ലോ. തിരിച്ചറിയാന്‍ ഏക വഴി ഒന്നുകില്‍ കാറിന്റെ മുന്നില്‍ ഉള്ള നമ്പര്‍ അല്ലെങ്കില്‍ അവരുടെ ഹെല്‍മെറ്റ്‌ (ഹെല്മെട്ടില്‍ മിക്കവാറും അവരവരുടെ രാജ്യത്തിന്റെ കൊടി ആയിരിക്കും ഡിസൈന്‍). പക്ഷെ കാറുകളുടെ ശരവേഗം കൊണ്ട് ഇവ രണ്ടും തിരിച്ചറിയാന്‍ പറ്റില്ല. റേസ് അല്പം കണ്ടു കഴിഞ്ഞു ഇനി അല്പം പടം പിടുത്തം ആകാം എന്ന്‌ കരുതി ഞാന്‍ ക്യാമറയുമായി മുന്നോട്ട് ഇറങ്ങി. പക്ഷെ സംഗതി കരുതുന്നത് പോലെ എളുപ്പം അല്ലായിരുന്നു. മണിക്കൂറില്‍ 250 കിലോമീറ്ററില്‍ അധികം വേഗത്തില്‍ പോകുന്ന കാറുകളെ ഫ്രെയിമിനുള്ളില്‍ ആക്കാന്‍ ചില്ലറ പാടൊന്നും അല്ല എന്ന്‌ ശരിക്കും മനസ്സിലായി. ഒരു പത്തു സെക്കണ്ട് എങ്കിലും മുന്‍കൂട്ടി കണ്ടാലെ നമ്മള്‍ വിചാരിക്കുന്ന ഫ്രെയിം പതിയൂ. സ്പോര്‍ട്സ് ഫോട്ടോഗ്രാഫെര്‍മാരെ ശരിക്കും നമിച്ചു പോയി ആ നിമിഷത്തില്‍.


അങ്ങനെ കഷ്ടപ്പെട്ട് പടം പിടിച്ചു കൊണ്ട് ഇരുന്നപ്പോഴാണ് എന്‍റെ കൂടെ പണിക്കു വന്ന പോളിഷ് സുന്ദരികള്‍ തൊട്ടടുത്ത പവലിയനില്‍ നില്‍ക്കുന്നത് കണ്ടത്. അത് തുറസ്സായ ഗ്യാലെറി ആണ്. അവിടെ നിന്നാല്‍ കുറച്ചൂടെ ഭംഗിയായി പടവും പിടിക്കാം കൂട്ടത്തിനു ആ പെണ്‍ കിടാങ്ങളെ ഒന്ന് മുട്ടുകയും ചെയ്യാം എന്ന്‌ കരുതി ഞാന്‍ അവരുടെ മുന്നില്‍ തന്നെ പോയി കുറ്റിഅടിച്ചു. അവരെ ഒന്ന് ഇമ്പ്രെസ്സ് ചെയ്യാന്‍ ബി എം ഡബ്ലുവിന്‍റെ പോളിഷ് ഡ്രൈവര്‍ ആയ റോബര്‍ട്ട്‌ കുബിസ്സക്ക് വേണ്ടി ജയ് വിളിച്ചു. ഇനി പിന്നിലുള്ള ച്യാച്ചിമാരെ കുപ്പിയിലാക്കാം എന്ന്‌ കരുതി പുറകോട്ടു തിരിഞ്ഞ ഞാന്‍ തകര്‍ന്നു പോയി. പോളിഷിനു പകരം നല്ല ഒന്നാന്തരം വാര്‍ണിഷ്. കറുത്ത് കരിക്കട്ട പോലെ ഇരിക്കുന്ന ഒരു അഡാറു ഐറ്റം എന്നെ നോക്കി ചിരിക്കുന്നു. ഡിസൈന്‍ഡ് ആന്‍ഡ് ഡെവലപ്പ്ഡ് ഇന്‍ സോമാലിയ എന്ന്‌ അവരുടെ മുഖത്ത് എഴുതി ഒട്ടിച്ച പോലുണ്ട്. നോക്കുമ്പോള്‍ നമ്മുടെ പോളിഷ് ടീംസ് അങ്ങ് താഴെ കൂടെ സ്ഥലം കാലിയാക്കുന്നത് കാണാമായിരുന്നു. റേസ് മുഴുവന്‍ തീരുന്നതിനു മുന്‍പ് ഇതുങ്ങള്‍ എങ്ങോട്ടാ കെട്ടി എടുക്കുന്നെ എന്ന്‌ ആലോചിച്ചപ്പോഴാണ് എന്‍റെ ജോലി തുടങ്ങാന്‍ സമയം ആയെല്ലോ എന്ന്‌ ഓര്‍ത്തത്‌. ഞാന്‍ പുറത്തിറങ്ങുന്നതിനു മുന്‍പ് ക്വാളിഫയിംഗ് അവസാനിച്ചിരുന്നു. റെഡ് ബുള്‍ ടീമിന്റെ ജര്‍മന്‍ ഡ്രൈവര്‍ ആയ സെബാസ്റ്റിന്‍ വെട്ടല്‍ ആണ് അന്ന് ഏറ്റവും വേഗത്തില്‍ ഒരു ലാപ്പ് പൂര്‍ത്തി ആക്കി പിറ്റേ ദിവസത്തെ ഒന്നാമത്തെ ഗ്രിഡില്‍ റേസ് തുടങ്ങാന്‍ യോഗ്യതെ നേടിയത്. കിമിയും, മാസ്സയും, ബട്ടനും അഞ്ചില്‍ താഴെ ആണ് ഫിനിഷ് ചെയ്തത്. പക്ഷെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട റിസള്‍ട്ട്‌ ഹാമില്‍ട്ടന്റെ ആയിരുന്നു. ഒന്നാമാതാകാന്‍ കച്ച കെട്ടി ഇറങ്ങിയ അവന്‍ പത്തൊന്‍പതാം സ്ഥാനത്താണ് തോറ്റു തൊപ്പി ഇട്ടു ഓടി എത്തിയത്.പവലിയനില്‍ നിന്ന് ഇറങ്ങി റേസ് വില്ലെജിലൂടെ നടന്നപ്പോഴാണ് വല്യ ഒരു ആള്‍കൂട്ടം ഞാന്‍ ശ്രദ്ധിച്ചത്. നോക്കുമ്പോള്‍ റേസ് ഡ്രൈവറുടെ വേഷത്തില്‍ ഒരാള്‍ അവിടെ നിന്ന് പ്രസംഗിക്കുന്നു. അതാരാ എന്ന്‌ മുന്നില്‍ നിന്ന സായിപ്പിനോട്‌ ചോദിച്ചപ്പോള്‍ അയാളുടെ ആക്കിയ ഒരു മറുപടി. "അയ്യേ, അയാളെ അറിയില്ലേ അതാണ് ബ്രോണ്‍ ജി പി യുടെ ബ്രിട്ടീഷ്‌കാരന്‍ ടെസ്റ്റ്‌ ഡ്രൈവര്‍ ആന്റണി ഡേവിഡ്‌സണ്‍" ടെസ്റ്റ്‌ ഡ്രൈവര്‍ എന്നാല്‍ പ്രധാന ഡ്രൈവര്‍മാരില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ പകരം വണ്ടി ഓടിക്കുന്ന ശിങ്കിടി ഡ്രൈവര്‍. അല്ല അവനെ അറിയാത്തതില്‍ എന്നെ പറഞ്ഞിട്ടും കാര്യം ഇല്ല. നാലാള് അറിയണമെങ്കില്‍ ഒന്നുകില്‍ റേസ് ജയിക്കണം, അല്ലെങ്കില്‍ ഹെല്‍മെറ്റ്‌ ഊരിയ നിലയില്‍ ഇവന്‍റെ ഒക്കെ ഒരു ഫോട്ടോ എങ്കിലും മനോരമയില്‍ അച്ചടിച്ച്‌ വരണം. ഇതു രണ്ടും ഇല്ലെങ്കില്‍ എങ്ങനാ ഈ ഡൂക്കിലി ഡ്രൈവറെ ഒക്കെ ഞാന്‍ അറിയുന്നെ. റേസ് കഴിഞ്ഞു ആളുകള്‍ മൊത്തം ഒഴിഞ്ഞിട്ട് വേണം ഞങ്ങള്‍ക്ക് അവിടെ മുഴുവന്‍ കാബൂളിവാല ആയി വിലസാന്‍. അഞ്ചു പേര് വീതം ഉള്ള നാല് ടീം ആയി ഞങ്ങളെ തിരിച്ചു. എന്‍റെ കൂടെ ഉള്ളത് രണ്ടു വെല്ലിപ്പന്‍മാരും കണ്ടാല്‍ ചൈനകാരനെ പോലെ ഇരിക്കുന്ന ഒരുത്തനും. പരിചയപ്പെട്ടപ്പോള്‍ അവന്‍ ഇന്ത്യകാരന്‍ ആണ് അരുണാചല്‍ സ്വദേശി പേര് സാങ്. പക്ഷെ ഞാന്‍ ശരിക്കും ഞെട്ടിയത് അവന്‍ പത്താം ക്ലാസ്സ്‌ പഠിച്ചത് ഞാന്‍ പഠിച്ച കോട്ടയം എം റ്റി സെമിനാരി സ്കൂളില്‍ ആണ് എന്ന്‌ പറഞ്ഞപ്പോഴാണ്. അവന്‍റെ അച്ഛന് പണ്ട് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ആയിരുന്നു ജോലി. ഞ്ചാറ് കൊല്ലത്തോളം അവന്‍ കേരളത്തില്‍ ആണ് പഠിച്ചത്.ഞാന്‍ പഠിക്കുന്നതിനും അഞ്ചു കൊല്ലം മുന്‍പ് അവന്‍ അവിടുന്ന് പഠിച്ചിറങ്ങി. അവനെ അവിടെ വച്ച് പരിചയപ്പെട്ടപ്പോള്‍ ഇതാണോ പണ്ട് മുകേഷ് പറഞ്ഞ പോലെ ആകസ്മികമായ കണ്ടു മുട്ടല്‍ എന്ന്‌ എനിക്ക് തോന്നി. ഇപ്പോള്‍ നാല് കൊല്ലമായി അവന്‍ ഇവിടെ യുകെയില്‍ ആണ്. ഭാര്യയും രണ്ടു കുട്ടികളും ഉണ്ട് ആശാന്. ഏതോ കമ്പനിയില്‍ സൂപ്പര്‍വൈസര്‍ ആയിരുന്നു. സാമ്പത്തിക പ്രതിസന്ധി കാരണം ജോലി പോയി. ഇപ്പോള്‍ ജീവിക്കാന്‍ വേണ്ടി ഏജന്‍സിയില്‍ പാര്‍ട്ട്‌ ടൈം പണിക്കു പോകുന്നു. കേട്ടപ്പോള്‍ കഷ്ടം തോന്നി.


ഫോര്‍മുല വണ്‍ റേസില്‍ അല്പം താത്പര്യം ഒക്കെ ഉള്ള കക്ഷി ആണ് സാങ്. അത് കൊണ്ട് ഞങ്ങള്‍ കൂടുതല്‍ വിശദമായി കാണാന്‍ ട്രാക്കിന്റെ അടുത്തൂടെ നീങ്ങാന്‍ തീരുമാനിച്ചു. അങ്ങനെ ഞങ്ങള്‍ കത്തി വച്ചും ഫോട്ടോ എടുത്തു കൂട്ടത്തില്‍ പണി എടുത്തും അഞ്ചു കിലോമീറ്റര്‍ റേസ് ട്രാക്ക് വലം വക്കാന്‍ തുടങ്ങി. ഇരുനൂറു പൌണ്ടിന്റെ ടിക്കെറ്റ് എടുത്തു റേസ് കണ്ടാല്‍ പോലും കിട്ടാത്ത ഭാഗ്യം ആണ് ഇപ്പോള്‍ പാട്ട പെറുക്കി ചാക്കില്‍ ആക്കി നടപ്പോള്‍ കിട്ടുന്നത്. ട്രാക്കിലെ വളവും, തിരിവും, ബാങ്കിംഗ് ഓഫ് കേര്‍വ് (അത് എന്താ എന്ന ചോദിക്കരുത്...പണ്ട് സ്കൂളില്‍ പഠിച്ച ഫിസിക്സ്‌ ക്ലാസ്സ്‌ ഓര്‍ക്കുക) ഒക്കെ കണ്ടു മനസ്സിലാക്കി. എന്ത് കൊണ്ട് ഫോര്‍മുല വണ്‍ റേസില്‍ വളവുകളില്‍ കൂടുതല്‍ ഓവര്‍ ടേക്ക് നടക്കുന്നു എന്നും , ട്രാക്ഷന്‍ കണ്ട്രോള്‍ എന്ന സംഗതി എഫ് വണ്‍ കാറില്‍ എങ്ങനെ ഉപയോഗിച്ചിരുന്നു എന്നും ഒക്കെ ഞങ്ങള്‍ ഡിസ്ക്കസ് ചെയ്തു. നടന്നു നടന്നു ഞങ്ങള്‍ റേസ് കണ്ട്രോള്‍ പൊയന്റില്‍ എത്തി. അവിടെയാണ് പിറ്റ് സ്റ്റോപ്പ്‌ നടക്കുന്നത്. പിറ്റ് സ്റ്റോപ്പ്‌ എന്നാല്‍ റേസിന്‍റെ ഇടക്ക് ഇന്ധനം നിറക്കാനും ടയറു മാറാനും ഒക്കെ കയറുന്ന സ്ഥലം. അങ്ങനെ ട്രാക്കിന്റെ മറു വശത്ത് നിന്ന് ഞങ്ങള്‍ എഫ് വണ്‍ കാറുകളുടെ ഗരാജും ടിവി കമന്റ്റെറ്റര്‍മാര്‍ ഇരിക്കുന്ന സ്ഥലവും പ്രസ്‌ബോക്സും ഒക്കെ കണ്ടു. ട്രാക്കില്‍ ഇറങ്ങി ഒന്ന് വന്ദിക്കണം എന്നുണ്ടായിരുന്നു പക്ഷെ കൂറ്റന്‍ കമ്പി വേലികള്‍ വിലങ്ങു തടി ആയി ഞങ്ങളുടെ മുന്നില്‍ വലിച്ചു കെട്ടിയിട്ടുണ്ടായിരുന്നു. അവസാനം ഞങ്ങള്‍ ചെക്കെട് ഫ്ലാഗ് (Chequered Flag എന്നാല്‍ റേസ് ജയിച്ചു എന്ന്‌ കാണിക്കാന്‍ വീശുന്ന കൊടി) വീശുന്ന സ്റ്റാര്‍ട്ട്‌ ഫിനിഷ് ലൈനില്‍ എത്തി. അവിടെ റേസ് തുടങ്ങുന്ന അഞ്ചു ചുവന്ന സിഗ്നലുകളും ഇരുപത് കാറുകളും സ്റ്റാര്‍ട്ട്‌ ചെയ്യേണ്ട വരകളും വരച്ചു വച്ചിരിക്കുന്നത് കണ്ടു. കൂട്ടത്തില്‍ മൂന്ന് മണിക്കൂര്‍ കൊണ്ട് ഞങ്ങളെ ഏല്‍പ്പിച്ച ജോലി ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു.


ഇനി അല്പം വിശ്രമിക്കാം എന്ന്‌ കരുതി പവലിയന്റെ മുകളില്‍ കയറി. അപ്പോഴാണ് അല്പം അകലെ ആയി കൊട്ടും പാട്ടും വെടികെട്ടും ഒക്കെ ശ്രദ്ധിച്ചത്. റേസ് കഴിഞ്ഞുള്ള ഇവെനിംഗ് പാര്‍ട്ടി ആണ് അവിടെ നടക്കുന്നത്. അവിടേക്ക് കാണികള്‍ക്ക് പ്രവേശനം ഇല്ല. അതാണ് നമ്മുടെ ഡ്രൈവര്‍മാരുടെ താവളം. അതായതു അവര്‍ അവരുടെ കാമുകിമാരുടെയോ ഇനി അങ്ങനെ ഒരു സെറ്റ് അപ്പ് ഇല്ലെങ്കില്‍ ഭാര്യമാരുടെയോ കൂടെ കുടിച്ചു കൂത്താടുന്ന പാര്‍ട്ടി. അതിന്‍റെ പരിസരത്ത് കൂടെ പോയി ഒളിഞ്ഞു പാപ്പരാസ്സി ആയി ഒരു പടം എങ്കിലും എടുക്കണം എന്നുണ്ട്. പക്ഷെ ജോലി കഴിഞ്ഞു ഞങ്ങളെ കൊണ്ടുപോകാന്‍ ഉള്ള വണ്ടി അവിടെ തയ്യാറായി കിടപ്പുണ്ടായിരുന്നു. അങ്ങനെ കൈ നിറയെ പണവും, ക്യാമറ നിറയെ പടങ്ങളും എല്ലാത്തിനും ഉപരിയായി ജീവിത കാലം മുഴുവന്‍ ഓര്‍ത്തു വക്കാന്‍ ഉള്ള അനുഭവങ്ങളും ആയി ഞാന്‍ ആ റേസ് ട്രാക്കിനോട് വിടപറഞ്ഞു.

************************************************************************************************
കൂടുതല്‍ ഫോര്‍മുല വണ്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

31 comments:

വിഷ്ണു | Vishnu said...

2009 ജൂണ്‍ 20നു ബ്രിട്ടീഷ്‌ ഗ്രാന്‍ഡ്‌ പ്രീ ഫോര്‍മുല വണ്‍ കാറോട്ടമത്സരം കാണാന്‍ അവസരം കിട്ടിയപ്പോള്‍

Anonymous said...

അളിയാ ..ശരിക്കും അസൂയ വരുവാ ഇതൊക്കെ വായിക്കുമ്പോ ..ഞാന്‍ ഈ ഫോട്ടോയുടെ കാര്യം അപ്പൊ ഓര്‍ത്തുപോയി.. നിങ്ങളുടെ ടൂര്‍ ഫോട്ടോ പണ്ടെപ്പഴോ കണ്ടത് ഞാന്‍ ഓര്‍ത്തു..ടീം ഫെരാരി ..അഞ്ചു കൊല്ലം മുന്നേ ..നീ മനസ്സില്‍ വിചാരിച്ചിട്ടുണ്ടോ ഇതൊക്കെ നേരിട്ട് കാണാന്‍ പറ്റുമെന്ന്.. ?

സുഹൃത്തുക്കളെ
ഈ ലിങ്ക് ഒന്നും നോക്കിയെരു..ഇവന്റെ ഒരു പഴയ ഫോട്ടോ ..
http://bit.ly/8gdn2y

രഞ്ജിത് വിശ്വം I ranji said...

വിഷ്ണൂ.. ഗംഭീരമായിട്ടുണ്ട് വിവരണം.എഫ് വണ്‍ റേസിലൊന്നും വല്യ പിടിപാടില്ലെങ്കിലും വിവരണം താല്പര്യത്തോടെ വായിക്കാന്‍ കഴിഞ്ഞു.

ചെലക്കാണ്ട് പോടാ said...

വണ്ടി പോണേല്‍ പോട്ടെന്ന് വയ്ക്കണമായിരുന്നു, കൈ നിറയെ കാശല്ലേ, ഒരു കാബ് വിളിച്ചു വീട്ടിലേക്ക പോയാല്‍ പോരായിരുന്നോ, എന്നാലും തന്നിലേ പപ്പരാസിയെ മുളയിലെ നുള്ളിയിലെ...ഛായ്.....

കണ്ണനുണ്ണി said...

വിഷ്ണു നന്നായിട്ടുണ്ട്...
മൊത്തത്തില്‍ ലാഭ കച്ചവടമാ ല്ലേ ഈ പാര്‍ട്ട്‌ ടൈം

ചാണക്യന്‍ said...

കാറോട്ട മത്സരങ്ങളുടെ ചിട്ടവട്ടങ്ങളെ കുറിച്ച് മനസിലാക്കാൻ സാധിച്ചു......

വിശദമായ വിവരണത്തിനു നന്ദി...

Veenz said...

Kidu :)

Unknown said...

വീണേടം വിഷ്ണുലോകം എന്ന് പറയുന്നത് ഇതിനൊക്കെയാണ്. ഹൊ.

കെ പി | KP said...

കൊള്ളാം... റേസിങ്ങിനെക്കുരിച്ച് കൊറെ കാര്യങ്ങള്‍ മനസ്സിലായി...

Unknown said...

കളി കാണാൻ ഗാലറിയിൽ കയറിപറ്റിയതു ഇഷ്ട്ടപെട്ടു .
പിന്നെ ആ ഫോട്ടോയിലെല്ലാം കാണുന്ന santander ഉണ്ടല്ലോ അതിവിടെ അടുത്താ ,അവിടേക്കൊരു യാത്ര തീരുമാനിച്ചിട്ടു ദിവസം കുറെയായി പക്ഷെ എന്നും ഇവിടെ മഴതന്നെ .ഇന്നും ഒന്നാം തിയതി മഴയില്ല നല്ല തെളിഞ്ഞ മാനം പക്ഷെ ഒന്നാം തിയതി ആയതുകൊണ്ട് ഇന്നു ബസ്സും ഇല്ല .

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ മണ്ടന് ഫോർമുല വണ്ണിനേകുറിച്ചൊന്നും വല്ല്യേപിടില്ലാട്ടാ...വല്ല “ട്ടുമുല“ വണ്ണായിരുന്നെങ്കിൽ ശരിക്കും “പിടി“ കിട്ടിയേനേ....

എന്തായാലും നർമ്മംചാലിച്ചുള്ള ഈ അത്യുഗ്രൻ അവതരണം ,ഗഭീരായിട്ടുണ്ട്..കേട്ടൊ വിഷ്ണ്ണു.

നവവത്സരാശംസകളോടൊപ്പം ഈ കിടിലൻ വിവരണത്തിനും,ഇനിയിതുപോലെ വിവരിക്കാൻ പോകുന്നതിനും ഒരുപാടഭിനന്ദനങ്ങൾ !

ഒരു യാത്രികന്‍ said...

ente mashe than paranjittu veendum ezhuthu thudangi. pakshe ee kudradavumayi parichayamillatha karanam malayalathil comment postan vare kazhiyunnila. chila helptips kittiyal kollam.
i enjoyed being in your blog. nannayittundu

Irshad said...

"അന്ന് ഓഫര്‍ ചെയ്ത ജാക്ക് ഡാനിയല്‍സ് ഇന്നും ഒരു കടമായി തന്നെ കിടക്കുന്നു എന്നത് ഒരു പച്ചയായ സത്യമാണ്."

നീ ഇപ്പോഴും പഴയതുപോലൊക്കെ തന്നെ...
ആ ചെക്കനു ഡാനിയലിനെ കൊടുത്തിട്ടു ഇനി എഴുതിയാല്‍ മതി.

കിടിലം വിവരണം. അഭിനന്ദനങള്‍.
പുതുവത്സരാശംസകള്‍

Ashly said...

കലക്കി !!!!!

Appu Adyakshari said...

വിഷ്ണുവേ, നല്ല അടിപൊളി വിവരണമാണല്ലോ. ശരിക്കും തന്റെ കൂടെ ആ ഗ്യാലറിയിൽ ഇരുന്നതുപോലെ തോന്നി. അഭിനന്ദനങ്ങൾ!

siva // ശിവ said...

Nice post Vishnu :)

Rainbow said...

Hi Vishu,
That was your day ! one of your dreams came true... you got lots money... lots of beautiful memories ...
Keep writing

വിഷ്ണു | Vishnu said...

വിനു അളിയാ..താങ്ക്സ്..ശരിക്കും ഒരു ഡ്രീം കം ട്രൂ ആരുന്നു ആ അനുഭവം

രഞ്ജിത്ജീ വളരെ നന്ദി ട്ടോ

ചെലക്കാണ്ട് പോടാ ഇനിയും അവസരം വരുമായിരിക്കും ;-)

കണ്ണനുണ്ണി പിന്നലാതെ ;-)

ചാണക്യന്‍ ഇഷ്ടായി എന്ന് അറിയിച്ചതില്‍ നന്ദി മാഷെ

അരുണ്‍ നന്ദി

Veenz ഡാങ്ക്സ് !!

വിഷ്ണു | Vishnu said...

Krishna വന്നു അഭിപ്രായം പറഞ്ഞതില്‍ വളരെ സന്തോഷം

ഞാനും എന്‍റെ ലോകവും Santander ഒരു ബാങ്കിന്റെ പേരല്ലേ ..അതെ പേരില്‍ സ്പെയിനില്‍ ഒരു സ്ഥലം ഉണ്ട് എന്ന് അറിയാന്‍ കഴിഞ്ഞതിനു നന്ദി

ബിലാത്തിപട്ടണം ...ഹ ഹാ...അല്പം കോമ്പ്ലെക്സ് ആണ് ഫോര്‍മുല വണ്‍ ചിട്ട വട്ടങ്ങള്‍...പക്ഷെ എന്താണോ entho എനിക്ക് ആ കളിയോട് വല്യ ക്രയിസ് ആണ്

ORU YATHRIKAN: മാഷെ വീണ്ടും എഴുതാന്‍ ഞാന്‍ ഒരു പ്രചോദനം ആയി എന്നറിഞ്ഞതില്‍ വളരെ സന്തോഷം

വിഷ്ണു | Vishnu said...

പഥികന്‍ നമ്മള്‍ അങ്ങനെ മാറുമോ മച്ചൂ

Captain Haddock താങ്ക്സ് ക്യാപ്റ്റന്‍

അപ്പുവേട്ട ഇഷ്ടായി എന്ന് അറിഞ്ഞതില്‍ വളരെ സന്തോഷം ;-)

siva // ശിവ : നന്ദി മാഷെ

Rainbow: Money is just secondary...I would have done it for free, because to walk aside an F1 race track was a dream come true for me..Silverstone trip was once in a life experience!! Thanks for the comment.

Unknown said...

വിഷ്ണുവെ സന്താന്തെർ സ്പാനിഷ് ബാങ്ക് ആണു സ്പെയിനിലെ കന്താബ്രിയയുടെ തലസ്ഥാനമാണു സന്താന്തെർ എന്ന സ്ഥലം അവിടെ തന്നെയാണു ഈ ബാങ്കിന്റെ ഹെഡ് ഓഫീസ്സും .സന്താന്തറിന്റെ സ്വന്തം ബാങ്ക് സന്താന്തെർ

ധനേഷ് said...

“അങ്ങനെ കൈ നിറയെ പണവും, ക്യാമറ നിറയെ പടങ്ങളും എല്ലാത്തിനും ഉപരിയായി ജീവിത കാലം മുഴുവന്‍ ഓര്‍ത്തു വക്കാന്‍ ഉള്ള അനുഭവങ്ങളും ആയി ഞാന്‍ ആ റേസ് ട്രാക്കിനോട് വിടപറഞ്ഞു.“

ഇങ്ങനെ നല്ല നല്ല അനുഭവങ്ങള്‍ ഇനിയും ഉണ്ടാവട്ടെ..
:-)

കുക്കു.. said...

car race rules onnum ariyilla...
appo ingane yokke aanalle athu....
thanks...nammale koodi aa gallery yil kondu poyathinu....
and congrats..
eniyum ithu pole grt anubavams undaakatte...
:))

പ്രദീപ്‌ said...

ഹോ അല്ലെങ്കില്‍ ഇവന്‍ അല്ല ഇവന്‍റെ അപ്പന്‍ ഉപ്പായി മാപ്പിള വന്നാലും ഞാന്‍ അകത്തു കയറാന്‍ തുനിഞ്ഞു ഇറങ്ങിയാല്‍ കയറിയിരിക്കും. നെട്ടൂരാനോടാ അവന്‍റെ കളി. - ഹും
കൂട്ടത്തിനു ആ പെണ്‍ കിടാങ്ങളെ ഒന്ന് മുട്ടുകയും ചെയ്യാം എന്ന്‌ കരുതി ഞാന്‍ അവരുടെ മുന്നില്‍ തന്നെ പോയി കുറ്റിഅടിച്ചു- വൃത്തി കെട്ടവന്‍ .ഇനി ഞാന്‍ കോവന്റ്രിക്ക് ഇല്ലേ ...
ഡിസൈന്‍ഡ് ആന്‍ഡ് ഡെവലപ്പ്ഡ് ഇന്‍ സോമാലിയ .
അരുണാചല്‍ സ്വദേശി പേര് സാങ്. പക്ഷെ ഞാന്‍ ശരിക്കും ഞെട്ടിയത് അവന്‍ പത്താം ക്ലാസ്സ്‌ പഠിച്ചത് ഞാന്‍ പഠിച്ച കോട്ടയം എം റ്റി സെമിനാരി സ്കൂളില്‍ ആണ് എന്ന്‌ പറഞ്ഞപ്പോഴാണ്. എവിടെ ചെന്നാലും കോട്ടയം ഫേമസ് ആണ് അല്ലേ ഭായി .
അതാണ് നമ്മുടെ ഡ്രൈവര്‍മാരുടെ താവളം. അതായതു അവര്‍ അവരുടെ കാമുകിമാരുടെയോ ഇനി അങ്ങനെ ഒരു സെറ്റ് അപ്പ് ഇല്ലെങ്കില്‍ ഭാര്യമാരുടെയോ കൂടെ കുടിച്ചു കൂത്താടുന്ന പാര്‍ട്ടി. അതിന്‍റെ പരിസരത്ത് കൂടെ പോയി ഒളിഞ്ഞു പാപ്പരാസ്സി ആയി ഒരു പടം എങ്കിലും എടുക്കണം എന്നുണ്ട്. എടാ കൂതറെ , ഇനിയെങ്കിലും നീ ഒളിഞ്ഞു നോട്ടം നിര്‍ത്ത് . ഇ ഇംഗ്ലണ്ടില്‍ ഇതൊക്കെ നിനക്ക് പബ്ലിക് ആയി കാണാവല്ലോ. എവിടെ ചെന്നാലും സ്വഭാവം മാറ്റരുത് .
പിന്നെ അളിയാ നീ എവിടെ നിന്ന ഇത്ര ഇന്‍ഫര്‍മേഷന്‍ പെറുക്കി എടുക്കുന്നത് . നീ ഒരു ചെറിയ പുലി തന്നെയാ കേട്ടോ . അതങ്ങനെയാ , മറ്റവന്റെ കൂടയല്ലേ താമസം . ( ഹരി ).

വട്ടും പകരുവോടെ ??

kallyanapennu said...

valare nalla ezhutthu.

വിഷ്ണു | Vishnu said...

ഞാനും എന്‍റെ ലോകവും: അബ്ബേ സന്താന്തെര്‍ ഒരു ബാങ്ക് ആണെന്ന് മാത്രമേ എനിക്ക് അറിവുള്ളയിരുന്നു സജിയെട്ടാ. നന്ദി

ധനേഷ്: ഗുരുവിന്റെ അനുഗ്രഹം ഉണ്ടേല്‍ ഇനിയും ഇതു പോലെ നല്ല അനുഭവങ്ങള്‍ ഈ ശിഷ്യന് ഉണ്ടാവും

കുക്കു : ഇഷ്ടമായി എന്ന് അറിഞ്ഞതില്‍ വളരെ സന്തോഷം

kalyanapennu: നന്ദി. വീണ്ടും വരണെ

വിഷ്ണു | Vishnu said...

പ്രദീപ്‌ മച്ചമ്പി: നീ എങ്ങോട്ട വാടാ ഇനി സംശയം ചോദിച്ചോണ്ട് ശരിയാക്കി തരാം
ഞാന്‍ ഒളിഞ്ഞല്ലേ നോക്കിയുള്ളു, അല്ലാതെ നിന്നെ പോലെ..വേണ്ട ഞാന്‍ അത് പബ്ലിക്‌ ആക്കുന്നില്ല
പിന്നെ ഇന്ഫോര്‍മറേന്റെ കാര്യം...ഞാന്‍ ഒരു കിടിലന്‍ ടീം ആണെന്ന് അറിഞ്ഞുകൂടായിരുന്നു അല്ലെ?
ഈ കമന്റ്‌ ഞാന്‍ ഹരിയെ കാണിച്ചു..ബാക്കി അവന്‍ നേരിട്ട് തന്നോളും ;-)

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

മാഷേ, ഈ ഫോമുല വണ്ണിനെക്കുറിച്ചൊന്നും എനിക്കൊരു പിടീം ഇല്ല..പക്ഷേ ഇത്രയും മനോഹരമായി വിവരങ്ങൾ പകർന്നു തന്നപ്പോൾ കുത്തിയിരുന്നു വായിച്ചു.. ഇപ്പൊ ഇവിടെ എന്റെനാട്ടിൻപുറത്തെ പിള്ളേരെ പറ്റിക്കാനുള്ള വിവരം ഒക്കെ ആയി എന്നു തോന്നുന്നു :)

തുടരുക..

ARUN said...

Good one dude!!My email is arun23285@gmail.com!!

mazhamekhangal said...

good pictures !!nice narration!!

siya said...

ഞാന്‍ എല്ലാം കണ്ടും&വായിച്ചും വരുന്നതെ ഉള്ളു ....വീട്ടില്‍ ഇരുന്നു ഇത് കാണാന്‍ ക്ഷമ ഇല്ലാത്ത ഞാന്‍ ഈ വിവരണം വായിച്ചു ...വളരെ നന്നായിട്ട് ഉണ്ട് ..എല്ലാ വിധ ആശംസകളും

Related Posts with Thumbnails